അഞ്ചക്ക ശമ്പളമുണ്ടോ? 5 ബന്ധുക്കളെ കൊണ്ടുവരാം; അറിയാം യുഎഇയിലെ പുതിയ വീസ ചട്ടങ്ങൾ
Mail This Article
അബുദാബി∙ പ്രതിമാസം 10,000 ദിർഹം ശമ്പളം ഉള്ളവർക്ക് പരമാവധി 5 ബന്ധുക്കളെ സ്പോൺസർ ചെയ്ത് യുഎഇയിലേക്കു കൊണ്ടുവരാം. 15,000 ദിർഹം ശമ്പളം ഉള്ളവർക്ക് 6 പേരെയും സ്പോൺസർ ചെയ്യാനാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് പുതിയ വീസ ചട്ടങ്ങൾ വിശദീകരിച്ചത്.
Also read: ആക്‌ഷൻ ഹീറോ ബിജൂസ്; അബുദാബി മാർത്തോമ്മാ പള്ളി ഭരണ സമിതിയിലെ 8 പേർ ഒരേ പേരുകാർ
ബന്ധുക്കളുടെ പട്ടികയിൽ മാതാപിതാക്കൾ, സഹോദരങ്ങൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവരാണ് ഉൾപ്പെടുക. ഇതുൾപ്പെടെ വീസ നിയമത്തിൽ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. സാലറി സർട്ടിഫിക്കറ്റ്, 2 കിടപ്പുമുറി താമസ സൗകര്യമുള്ള വാടക കരാർ, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ അപേക്ഷയോടൊപ്പം കാണിച്ചിരിക്കണം. ബന്ധുക്കൾക്ക് ഒരു വർഷ കാലാവധിയുള്ള വീസയാണ് ലഭിക്കുക. തുല്യ കാലയളവിലേക്കു പുതുക്കാം.
നേരത്തെ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി 20,000 ദിർഹമായിരുന്നത് വീസ നിയമ പരിഷ്കാരത്തിൽ 10,000 ആക്കി കുറച്ചിരുന്നു. ഇതിനു പുറമേയാണ് കൂടുതൽ പേരെ കൊണ്ടുവരാനുള്ള ഇളവ് ഇപ്പോൾ നൽകിയത്. എന്നാൽ, ഭാര്യയെയും മക്കളെയും സ്പോൺസർ ചെയ്യുന്നതിന് നിലവിലെ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല. 3,000 ദിർഹം ശമ്പളവും താമസ സൗകര്യവും അല്ലെങ്കിൽ 4000 ദിർഹം ശമ്പളം എന്നതാണ് കുടുംബത്തെ കൊണ്ടുവരാനുള്ള ശമ്പള പരിധി.
ഗോൾഡൻ വീസ, ഗ്രീൻ വീസ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് നിയമാനുസൃത കാരണങ്ങളാൽ 6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങാം. വീസ കാലാവധി തീരുന്നതിന് മുൻപ് നിശ്ചിത ഫീസ് അടച്ച് യുഎഇയിലേക്കു തിരിച്ചുവരാം. സാധുതയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. വിമാന ജീവനക്കാർ, നാവികർ, കപ്പൽ തൊഴിലാളികൾ എന്നിവർക്കും ഇളവ് ലഭിക്കും. യുദ്ധം, പ്രകൃതിക്ഷോഭം എന്നീ സന്ദർഭങ്ങളിലും ഇളവുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള യുഎഇ വീസക്കാരുടെ പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡ് എന്നിവ നഷ്ടപ്പെട്ടാൽ അക്കാര്യം 3 പ്രവൃത്തി ദിവസത്തിനകം ഐസിപിയിൽ റിപ്പോർട്ട് ചെയ്യണം. വിദേശത്തുവച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ സ്മാർട് സർവീസ് മുഖേന പ്രവേശനത്തിന് അപേക്ഷിക്കണം. വിദേശികളായ വിധവകൾ, വിവാഹമോചിതർ, ബിരുദാനന്തര പഠനം തുടരുന്ന വിദ്യാർഥികൾ, സ്വദേശികളുടെയോ വിദേശ പാസ്‌പോർട്ട് ഉടമകളുടെയോ ജീവിതപങ്കാളികൾ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർക്കും ഈ ഇളവ് ലഭിക്കും.
നിക്ഷേപകർക്ക് നേരിട്ടെത്താൻ ഇടനിലക്കാരില്ലാതെ വീസ
അബുദാബി∙ വിദേശ നിക്ഷേപകർക്ക് യുഎഇയിൽ എത്തി നടപടികൾ പൂർത്തിയാക്കാൻ നേരിട്ട് വീസ നൽകുമെന്നും ഇതിനു ഗാരന്ററുടെയോ സ്പോൺസറുടെയോ ആവശ്യമില്ലെന്നും യുഎഇ. രാജ്യത്തെ നിക്ഷേപ അവസരങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി), ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് (ജിഡിആർഎഫ്എ) എന്നിവയുടെ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി ലോകത്തിന്റെ ഏതു കോണിലിരുന്നും ഓൺലൈൻ വഴി വീസയ്ക്ക് അപേക്ഷിക്കാം.
ബിസിനസിനു തിരഞ്ഞെടുക്കുന്ന മേഖല, നിക്ഷേപിക്കുന്ന തുക, യോഗ്യത എന്നിവ അനുസരിച്ച് ലഭിക്കുന്ന സേവനത്തിലും വ്യത്യാസമുണ്ടാകും. നിശ്ചിത തുക ഗാരണ്ടിയായി കെട്ടിവയ്ക്കണം. 60, 90, 120 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.
നടപടിക്രമങ്ങൾ
ഐസിപി സ്മാർട് ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് പൂരിപ്പിച്ച വീസ അപേക്ഷയോടൊപ്പം കളർ ഫോട്ടോ, പാസ്പോർട്ട് കോപ്പി എന്നിവ അറ്റാച്ച് ചെയ്ത് ആവശ്യമായ ഫീസ് അടച്ചാൽ ഇമെയിൽ വഴി വീസ ലഭിക്കും. നിശ്ചിത ദിവസത്തിനകം യുഎഇയിൽ എത്താൻ സാധിച്ചില്ലെങ്കിൽ വീസ കാലാവധി 60 ദിവസത്തേക്കു (ഒരു തവണ) പുതുക്കി നൽകും. സമർപ്പിച്ച അപേക്ഷയും രേഖകളും അപൂർണമാണെങ്കിൽ 30 ദിവസത്തിനകം നിരസിക്കും. ഗാരന്റി തുക നൽകിയിട്ടുണ്ടെങ്കിൽ 6 മാസത്തിനകം തിരികെ ലഭിക്കും. യുഎഇയിൽ മാറാവുന്ന വിധം 5 വർഷ കാലാവധിയുള്ള ചെക്കോ അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ ആയോ ആണ് തുക ലഭിക്കുക.
English Summary: UAE Expats need monthly income of Dhs10,000 to sponsor 5 relatives.