ദീർഘകാല ബഹിരാകാശ പദ്ധതി: യുഎഇയുടെ സ്വപ്നം കുതിച്ചുയർന്നു, നെയാദി ബഹിരാകാശത്തേക്ക്
Mail This Article
അബുദാബി∙ യുഎഇയുടെ ദീർഘകാല ബഹിരാകാശ പദ്ധതിക്കായി സ്‌പേസ് എക്സ് ക്രൂ–6ൽ സുൽത്താൻ അൽ നെയാദി ബഹിരാകാശത്തേക്ക് പുറപ്പെട്ടു. ‘സായിദ് ആംബിഷൻ 2’ എന്നു പേരിട്ടിരിക്കുന്ന ദൗത്യം യുഎഇ സമയം രാവിലെ 9.34നാണ് (ഇന്ത്യൻ സമയം 11.04 ന്) വിക്ഷേപണം നടന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നുള്ള ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഡ്രാഗൺ ബഹിരാകാശ പേടകം വിക്ഷേപിച്ചത്.
Also read: ആക്‌ഷൻ ഹീറോ ബിജൂസ്; അബുദാബി മാർത്തോമ്മാ പള്ളി ഭരണ സമിതിയിലെ 8 പേർ ഒരേ പേരുകാർ
സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളിനുള്ളിൽ ബഹിരാകാശ യാത്രക്കാർ ഏകദേശം 24 മണിക്കൂർ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ചെലവഴിക്കും. നാളെ രാവിലെ 10.17 ന് െഎഎസ്എസിൽ ഡോക്ക് ചെയ്യപ്പെടും. ഭാവി ശാസ്ത്രത്തിലേയ്ക്കുള്ള സംഭാവനകൾ ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടുകളും ദിശാസൂചനകളും ഈ ദൗത്യം പ്രതിഫലിപ്പിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.
തലമുറകൾക്ക് മികച്ച ഭാവി ഉറപ്പാക്കാനും കെട്ടിപ്പടുക്കുന്നതിൽ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്താനുമുള്ള തങ്ങളുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള ചുവടുവയ്പ്പായിട്ടാണ് ഈ ദൗത്യത്തിൽ എമിറാത്തികളുടെ പങ്കാളിത്തം കാണുന്നതെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
അന്തരിച്ച രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദിന്റെ അഭിലാഷങ്ങൾ പൂർത്തീകരിക്കാനുള്ള യുഎഇയുടെ താൽപര്യത്തിന്റെ തെളിവാണിത്. സ്ഥാപക പിതാവിന്റെ അഭിലാഷങ്ങളാൽ തങ്ങൾ എപ്പോഴും പ്രചോദിതരാണെന്ന് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യമായ 'സായിദ് ആംബിഷൻ 2'-ലെ പങ്കാളിത്തത്തിലൂടെ ഇത് ഏറ്റവും വ്യക്തമായി കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.45ന് വിക്ഷേപിക്കേണ്ട പദ്ധതി സാങ്കേതിക കാരണങ്ങളാൽ അവസാന നിമിഷം മാറ്റിവച്ചിരുന്നു. ബഹിരാകാശ പേടകത്തെ മുകളിലേക്ക് ഉയർത്താൻ ആവശ്യമായ ജ്വലനത്തിന് സഹായിക്കുന്ന ടീ ടെബ് കൃത്യമായി പ്രവർത്തിക്കാതിരുന്നതാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണം. ടീ ടെബിലെ തകരാറുള്ള ക്ലോഗ്ഡ് ഫിൽട്ടർ മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചതായി സ്പേസ് എക്സും നാസയും അറിയിച്ചിരുന്നു.
ആറു മാസം നീളുന്ന ബഹിരാകാശ ദൗത്യ സംഘത്തിൽ യുഎഇയുടെ സുൽത്താൻ അൽ നെയാദിക്കൊപ്പം അമേരിക്കയുടെ സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, റഷ്യയുടെ ആൻഡ്രി ഫെഡ്‌യേവ് എന്നിവരുമുണ്ട്. ബഹിരാകാശ നിലയത്തിൽ 200ലേറെ ശാസ്ത്ര പരീക്ഷണങ്ങൾക്ക് നടത്തും. ഇതിൽ 20 എണ്ണത്തിന് അൽനെയാദി നേതൃത്വം നൽകും.
ചരിത്ര ദൗത്യം തൽസമയം ജനങ്ങളിലെത്തിക്കാൻ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ വിപുലമായ സൗകര്യം ഒരുക്കിയിരുന്നു. വെബ്സൈറ്റിൽ രാവിലെ 6 മുതൽ തൽസമയ സംപ്രേഷണമുണ്ടായിരുന്നു.