കേരളത്തിൽ നിന്ന് ഖത്തറിൽ എത്തിയപ്പോൾ വ്യക്തി എന്ന നിലയിൽ സ്വാതന്ത്ര്യം കൂടി: പ്രവാസി വനിതകൾ
Mail This Article
കേരളത്തിൽ നിന്ന് ഖത്തറിൽ എത്തിയപ്പോൾ വ്യക്തി എന്ന നിലയിൽ സ്വാതന്ത്ര്യം കൂടിയെന്ന് പ്രവാസി വനിതകൾ. തൊഴിൽ തിരഞ്ഞെടുക്കാൻ, വീട്ടുകാര്യങ്ങൾ, കുട്ടികളുടെ കാര്യങ്ങൾ, വരുമാനം, യാത്രകൾ, കൃഷി, പാചകം, കൂട്ടായ്മകൾ എന്നിങ്ങനെ ഇഷ്ടമുള്ളതു ചെയ്യാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു. നാട്ടിലേക്കാൾ ആശ്വാസപ്രദമായ ജീവിതമാണു നയിക്കുന്നതെന്നും ഇവർ പറയുന്നു.
ഇവിടെ ജീവിതം 'ഈസി'
വ്യക്തിസ്വാതന്ത്ര്യം കൂടിയിട്ടേയുള്ളു. സ്ത്രീ എന്ന നിലയിൽ ഏറ്റവും കംഫർട്ടബിൾ ആയി ജീവിക്കാൻ പറ്റിയ രാജ്യമായതിനാൽ പോസിറ്റീവായ മാറ്റങ്ങൾ ഏറെയുണ്ട്. ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാം. ജോലി സ്ഥലത്ത് കിട്ടുന്ന ബഹുമാനവും, പരിഗണനയും, അന്തസ്സും ഇവിടുത്തെ തൊഴിലിടങ്ങളെ കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നു. വീട്ടുകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിലും തുല്യ പങ്കാളിത്തമുണ്ട്. കുട്ടികളുടെ കാര്യത്തിൽ നമുക്ക് തീരുമാനം എടുക്കാനുള്ള സാഹചര്യം ഉണ്ടെങ്കിലും അവരെ വളർത്തുന്നതിൽ മുതിർന്നവരുടെ മാർഗനിർദേശങ്ങൾ ലഭിക്കാൻ അവസരം കുറഞ്ഞത് പോരായ്മയായി കാണുന്നു. കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം കിട്ടുന്നതുകൊണ്ട് തന്നെ കുടുംബ ബജറ്റ് പ്ലാനിങ്ങും അതുവഴി സമ്പാദ്യശീലവും സാധ്യമാകുന്നുണ്ട്. രാത്രി വൈകിയും ഒറ്റയ്ക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുമെന്നതാണ് യാത്രകളിലെ സ്വാതന്ത്ര്യം. ഒരേ സമയം വീട്ടുകാര്യങ്ങളും ജോലിയും ഒപ്പം പാചകവും കൃഷിയും സാമൂഹിക കൂട്ടായ്മകളിലെ പ്രവർത്തനങ്ങളും ഭംഗിയായി കൊണ്ടുപോകുന്നതും ഇവിടുത്തെ ജീവിതത്തിന്റെ ഫ്‌ളക്സിബിലിറ്റി കൊണ്ടാണ്. ഒറ്റ വാക്കിൽ പറഞ്ഞാൽ ഇവിടെ ജീവിതം ഈസി ആണ്.
നേടിയത് സുരക്ഷിതത്വം
പ്രവാസം തുടങ്ങിയപ്പോൾ സ്വാതന്ത്ര്യത്തേക്കാൾ സുരക്ഷിതത്വമാണ് കൂടിയത്. പഠനം കഴിഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെട്ട പ്രഫഷൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു. കുടുംബ കാര്യങ്ങളിൽ ഒരുമിച്ചു കൂട്ടായാണ് തീരുമാനങ്ങൾ എടുക്കുന്നത്. കുട്ടികളുടെ കാര്യങ്ങളിൽ പലപ്പോഴും തീരുമാനങ്ങൾ സ്വന്തമായി എടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. കുടുംബ ബജറ്റ് പ്ലാൻ ചെയ്യുന്നതിലും ചെലവാക്കുന്നതിലും തുല്യ സ്വാതന്ത്ര്യമുണ്ട്. യാത്രകളുടെ കാര്യത്തിലും അങ്ങനെതന്നെ. കുടുംബത്തോടൊപ്പം മാത്രമല്ല ഒറ്റയ്ക്കും കൂട്ടുകാർക്കൊപ്പവും യാത്ര ചെയ്യാറുണ്ട്. ഒഴിവു സമയം ഇഷ്ടമുള്ള കാര്യങ്ങൾക്കായി ചെലവിടാനുള്ള സ്വാതന്ത്ര്യവും ഇവിടെ തന്നെയാണ് കൂടുതലുള്ളത്.
ഖത്തർ നൽകുന്ന ധൈര്യം
ഏതു സമയത്തും പേടിക്കാതെ പുറത്തു പോകാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടെന്നതാണ് എനിക്ക് വലിയ ധൈര്യം നൽകുന്നത്. നല്ലൊരു കർഷകയാകുക എന്നതിലാണ് താൽപര്യം. അതു നാട്ടിലായാലും ഇവിടെയായാലും തടസ്സമില്ലാതെ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. വീട്ടുകാര്യങ്ങളിലും കുട്ടികളുടെ കാര്യങ്ങളിലും ഒരുമിച്ച് തീരുമാനമെടുക്കാനും കഴിയുന്നു. ഒരുമിച്ചാണ് കുടുംബ ബജറ്റ് തയാറാക്കുന്നത്. വീട്ടുകാര്യങ്ങൾക്കൊപ്പം കൃഷി, കൂട്ടായ്മകളിലെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ സമയം ചെലവിടാനും നാട്ടിലെ പോലെ തന്നെ ഇവിടെയും കഴിയുന്നുണ്ട്.
ഒറ്റയ്ക്ക് സഞ്ചരിക്കാം
വനിതയെന്ന നിലയിൽ സാമൂഹിക സ്വാതന്ത്ര്യം കൂടുതലാണിവിടെ. ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും അതിക്രമത്തിന് ആരും വരില്ലെന്ന സുരക്ഷിതത്വവും ധൈര്യം കൂട്ടുന്നു. തൊഴിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും വേതനത്തിന്റെ കാര്യത്തിൽ തുല്യത ഇനിയും ലഭിച്ചിട്ടില്ല. കുടുംബകാര്യങ്ങളിൽ കൂടുതൽ ഇടപെടലുകൾ ഇല്ലാത്തതിനാൽ പങ്കാളിക്കൊപ്പം വീട്ടുകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വരുമാനം കുടുംബ ബജറ്റിന് അനുസരിച്ച് ചെലവിടുന്നതിനും ഇഷ്ടമുള്ള കാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കുന്നതിലും സ്വാതന്ത്ര്യമുണ്ട്.
തുല്യ പദവിയുടെ ആഹ്ലാദം
കേരളത്തിലെ ഗ്രാമത്തിൽ നിന്ന് ഖത്തറിലെത്തിയപ്പോൾ ജീവിച്ച ചുറ്റുപാടുകളിലെ വ്യത്യസ്തതയെക്കാൾ എന്നിൽ രൂപപ്പെട്ട വ്യത്യാസങ്ങൾക്കായിരുന്നു പ്രാധാന്യം. വീട്ടുകാരുടെയും ബന്ധുക്കളുടെയും തണലിലും അഭിപ്രായങ്ങളിലും മാത്രം നിലകൊണ്ടിരുന്ന ഞാൻ സ്വന്തമായി ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയത് ഇവിടെയെത്തിയപ്പോഴാണ്. മോന്റെ കാര്യത്തിലായാലും വീട്ടുകാര്യങ്ങളിലായാലും തീരുമാനമെടുക്കുന്നതിൽ തുല്യസ്ഥാനമുണ്ട്. കേക്ക് ഉണ്ടാക്കുന്നതും കൃഷിയും പൂന്തോട്ടവും കൂട്ടുകാരികൾക്കൊപ്പം സമയം ചെലവിടുന്നതും എന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ്. ഞാൻ ഞാനായിരിക്കാനാണ് എനിക്ക് ആഗ്രഹം, അതാണെന്റെ സ്വാതന്ത്ര്യവും.
നമ്മുടെ സ്വാതന്ത്ര്യം നമ്മുടേത് തന്നെ
ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കാൻ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ, മടി തോന്നുമ്പോൾ ഒന്നു റിലാക്‌സ്ഡ് ആയി ഇരിക്കാൻ ഒക്കെ എല്ലാ സ്വാതന്ത്ര്യവും ഇവിടെ ഉണ്ട്. കുട്ടികളെ വളർത്തിക്കൊണ്ടു വരാൻ കുറച്ചു കൂടി നല്ലത് ഇവിടെയാണെന്ന് തോന്നിയിട്ടുണ്ട്. വീട്ടുകാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിലും തുല്യതയുണ്ട്. ഏതു സമയത്തും ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും കൂട്ടായ്മകളിൽ പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യവും കൂടുതലാണ്. നർത്തകി എന്ന നിലയിൽ അവസരങ്ങളും ധാരാളം. എന്തു ചെയ്യണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളവരും ഇല്ലാത്തവരും ഇവിടെയുമുണ്ട്. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾക്കനുസരിച്ചാണിതെന്നു മാത്രം. എവിടെ ജീവിച്ചാലും സ്വാതന്ത്ര്യം ആരും തരുന്ന ഒന്നല്ല, അതു നമ്മുടേതു തന്നെയാണെണെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ.
വിശ്വാസമാണ് എല്ലാം
എന്റെ വീട്ടുകാർ എന്നിൽ അർപ്പിച്ച വിശ്വാസമാണ് എന്റെ സ്വാതന്ത്ര്യം. അത് കേരളത്തിലായാലും ദോഹയിലായാലും എനിക്ക് ലഭിക്കുന്നുമുണ്ട്. ഇഷ്ടമുള്ള പ്രഫഷൻ തിരഞ്ഞെടുക്കാനും കുട്ടികളുടെ പഠന കാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും തീരുമാനം പറയാനുമെല്ലാമുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് പല കാര്യങ്ങളും നടപ്പാക്കുന്നത് കാണുമ്പോൾ വലിയ സന്തോഷവുമുണ്ട്. കുടുംബ ജീവിതത്തിന് ഇടയിലും എന്റെ പാഷനായ നൃത്തത്തെ മാറ്റിനിർത്തേണ്ടി വന്നിട്ടില്ല. ഒഴിവു സമയങ്ങൾ സുഹൃത്തുക്കൾക്കൊപ്പം ചെലവിടാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനുമെല്ലാം സ്വാതന്ത്ര്യമുണ്ട്. ഒരു വനിതയെന്ന നിലയിൽ മകൾ, ഭാര്യ, അമ്മ എല്ലാ പദവികളിലും അങ്ങേയറ്റം അഭിമാനം തന്നെയാണ്.
English Summary : Expat women says they gained more independence as individuals as they reached Qatar