സാറ പറയും, കടക്കൂ അകത്ത്; ആദ്യത്തെ റോബട് െചക്ക്–ഇൻ ദുബായിൽ
Mail This Article
ദുബായ്∙ ലോകത്തിലെ ആദ്യത്തെ റോബട് െചക്ക്–ഇൻ സൗകര്യം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തി. തുടക്കത്തിൽ എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഭാവിയിൽ 200ലധികം റോബട്ടുകളെ നിയമിച്ച് സേവനം വിപുലപ്പെടുത്തും.
Also read: വിദേശികളായ വിദ്യാർഥികൾ പറയുന്നു, കേരള സിലബസ് സിംപിളാണ്; പവർഫുളും
പ്രാദേശികമായി വികസിപ്പിച്ചെടുത്ത സാറയെന്ന റോബട് ആണ് യാത്രക്കാരുടെ ചെക്ക്–ഇൻ സേവനം ഏറ്റെടുത്തിരിക്കുന്നത്. അറബിക്, ഇംഗ്ലിഷ് ഉൾപ്പെടെ 6 ഭാഷകളിൽ ആശയ വിനിമയം നടത്തുന്ന സാറ എളുപ്പത്തിലും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡിങ് പാസ് ഇ–മെയിൽ/സ്മാർട് ഫോൺ വഴി നൽകും. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് സിഇഒ ആദിൽ അൽ രിധ പറഞ്ഞു.
നടപടിക്രമങ്ങൾ
1. റോബട്ടിന്റെ സ്ക്രീൻപാഡിൽ പാസ്പോർട്ട് സ്കാൻ ചെയ്യുക
2. റോബട്ടിന്റെ സ്ക്രീനിൽ തെളിയുന്ന ചതുരത്തിന് മധ്യത്തിൽ മുഖം കാണുംവിധം നിൽക്കുക.
3. ടിക്കറ്റിലെയും പാസ്പോർട്ടിലെയും വിവരങ്ങൾ സാറ ഒത്തു നോക്കിയശേഷം ഇന്ന സമയത്ത് വിമാനം പുറപ്പെടും, ചെക്ക്–ഇൻ ചെയ്തോട്ടെ എന്ന് ചോദിക്കും.
4. യെസ് എന്ന നിർദേശം വാക്കാലോ സ്ക്രീനിൽ പ്രസ് ചെയ്തോ നൽകാം.
5. ചെക്ക്–ഇൻ വിജയകരമായി പൂർത്തിയായി. ബോഡിങ് പാസ് ഇ–മെയിലിലോ സ്മാർട് ഫോണിലോ ലഭിക്കുമെന്ന് അറിയിക്കും. ബോഡിങ് പാസും ബാഗേജ് ടാഗും പ്രിന്റ് ചെയ്യാനും റോബട്ടിൽ ഓപ്ഷനുണ്ട്. ബാഗേജ് കൗണ്ടറിൽ എത്തി ബാഗേജ് നൽകി യാത്ര തുടരാം.
ചെക്ക്–ഇൻ സൗകര്യത്തിന് പുറമേ യാത്രക്കാർക്ക് മാർഗനിർദേശം നൽകാനും സാറയ്ക്കാകും. കൂടുതൽ സേവനം ഉൾപ്പെടുത്താനും സംവിധാനമുണ്ട്.