ഗൾഫാർ മുഹമ്മദാലി പറയുന്നു: പൊരിവെയിലിൽ മരുഭൂമിയിൽ മരിക്കുമെന്ന് ഉറപ്പിച്ച നാളുകളുണ്ട്; ആ ജീവിതകഥ
Mail This Article
ഖത്തറിലെ അൽ ബെയ്‌ത് സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽനിന്ന് അയാൾ ചുറ്റും നോക്കുകയാണ്. സ്റ്റേഡിയത്തിന്റെ മേൽക്കൂര കൂടാരം പോലെ ഗാലറികളിലേക്കു നിഴൽ വിരിച്ചിരിക്കുന്നു. ഖത്തറിലെ പരമ്പരാഗത നിവാസികളുടെ വീട് ഇതുപോലുള്ള കൂടാരങ്ങളായിരുന്നു. അതിൽനിന്നാണ് ഈ സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ ആശയം കിട്ടിയത്. കസേരകളെല്ലാം നിരന്നിരിക്കുന്നു. പലയിടത്തായി ആളുകൾ ഉറുമ്പുകളെപ്പോലെ ജോലി ചെയ്യുന്നതു കാണാം. ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരം നടക്കേണ്ട സ്റ്റേഡിയം. ലോകം മുഴുവൻ ഇവിടേക്കു നോക്കിയിരിക്കുന്ന നിമിഷങ്ങൾ. രാജാക്കന്മാരും ലോക നേതാക്കളും ചരിത്രത്തിലെ സുവർണ നിമിഷം പങ്കിട്ടെടുത്തവരുമായ എത്രയോ പേർ ഇവിടേക്കു വരും. 8000 ജീവനക്കാരുടെ വിയർപ്പിൽനിന്നുണ്ടായ സ്റ്റേഡിയം. ഗൾഫിൽ എത്തിയ കാലത്തു മരുഭൂമിയിലെ ടിപ്പർ വാനിന്റെ പിറകിൽ കിടന്നുറങ്ങിയ പി. മുഹമ്മദാലി എന്ന മനുഷ്യൻ കരാറെടുത്തു പണിത സ്റ്റേഡിയമാണിത്. അദ്ദേഹം സ്റ്റേഡിയത്തിന്റെ പടവുകൾ ഇറങ്ങുമ്പോൾ പലയിടത്തും നാനാ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവർ അറിഞ്ഞിട്ടുണ്ടാകില്ല ഒരിക്കൽ തങ്ങളെപ്പോലെ കഠിനാധ്വാനം ചെയ്തൊരു മനുഷ്യനാണ് 8000 കോടി രൂപയുടെ ഈ സ്റ്റേഡിയം നിർമിച്ചതെന്ന്. 50 വർഷം മുൻപായിരുന്നു മുഹമ്മദാലിയുടെ അധികമാരുമറിയാത്ത ആ ജീവിതം. ലോകകപ്പിന്റെ സുവനീറായി ഖത്തർ സർക്കാർ ഇറക്കിയ കറൻസിയിൽ അച്ചടിച്ചത് ഈ സ്റ്റേഡിയത്തിന്റെ ചിത്രമായിരുന്നു. ഒരു മനുഷ്യന്റെ അധ്വാനത്തിനു കിട്ടാവുന്ന പരമോന്നത ബഹുമതി. തിരക്കുകളോ ആളുകളോ ബഹളങ്ങളോ ഇല്ലാതെ ഈ മനുഷ്യനെ നിങ്ങൾ എത്രയോ എയർപോർട്ടുകളിൽ കണ്ടിട്ടുണ്ടാകും. ഗൾഫാർ മുഹമ്മദാലി അങ്ങനെയാണ്. അദ്ദേഹം തിരക്കുകളിലേക്കു പോകാറില്ല. ജോലിയിൽനിന്നു ജോലിയിലേക്കു മാത്രം പോകുന്നു. 50 വർഷംകൊണ്ടു ഗൾഫിലെ ഏറ്റവും വലിയ കൺസ്ട്രക്‌ഷൻ സാമ്രാജ്യം കെട്ടിപ്പടുത്ത ഗൾഫാർ മുഹമ്മദാലി ജീവിതം പറയുകയാണ്. തൃശൂർ വലപ്പാടു നിന്നുള്ള നീണ്ട യാത്രയുടെ കഥ. എങ്ങനെയാണ് അദ്ദേഹം ഒമാനിലെ ജീവിതം തുടങ്ങിയത്? ഗള്‍ഫാർ കമ്പനിയുടെ തുടക്കം എങ്ങനെയായിരുന്നു? ഇന്നു കാണുന്ന വിജയത്തിനു പിന്നിലെ കഠിനാധ്വാനം എന്തെല്ലാമാണ്? അതിനായി താണ്ടിയ കനൽവഴികളുടെ കഥയും അദ്ദേഹത്തിന്റെ വാക്കുകളിലൂടെത്തന്നെ അറിയാം. വായിക്കാം, അഭിമുഖത്തിന്റെ ഒന്നാം ഭാഗം.