ഖത്തർ ലോകകപ്പിനെ സിനിമയിലെടുത്തു
Mail This Article
ദോഹ∙ മധ്യ പൂർവദേശത്തെ പ്രഥമ ഫിഫ ഖത്തർ ലോകകപ്പിനെക്കുറിച്ചുള്ള ഔദ്യോഗിക ചിത്രം പുറത്തിറക്കി. 'റിട്ടൺ ഇൻ ദ് സ്റ്റാർസ്' എന്ന ചിത്രം ഫിഫ പ്ലസ് ചാനലിൽ കാണാം. വെൽഷ് താരവും ഫുട്‌ബോൾ ആരാധകനുമായ മിഖായേൽ ഷീനിന്റെ വിവരണത്തിലുള്ള ഡോക്യുമെന്ററി ചിത്രത്തിൽ ഖത്തർ ലോകകപ്പിൽ പിറന്ന 172 ഗോളുകൾ, ലോകകപ്പിൽ സജീവമായ 5,000 കോടി ആളുകളുൾ, പുത്തൻ റെക്കോർഡുകൾ എന്നിവയെല്ലാം വിവരിക്കുന്നു.
കഴിഞ്ഞ നവംബർ 20 മുതൽ ഡിസംബർ 18 വരെ നടന്നത് റെക്കോർഡുകളുടെ ലോകകപ്പ് ആയിരുന്നു. 8 സ്റ്റേഡിയങ്ങളിലെത്തി മത്സരം കണ്ടത് 34 ലക്ഷം പേരാണ്. 2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ഇത് 30 ലക്ഷം മാത്രമായിരുന്നു. ഏറ്റവും അധികം ഗോളുകൾ പിറന്നതും ഖത്തർ ലോകകപ്പിൽ ആയിരുന്നു-172. 1998, 2014 വർഷങ്ങളിൽ നേടിയ 171 ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
32 ടീമുകളായിരുന്നു 64 മത്സരങ്ങളിൽ പങ്കെടുത്തത്. ലയണൽ മെസ്സി ഉൾപ്പെടെ ഏറ്റവും മികച്ച കളിക്കാർ പങ്കെടുത്ത ലോകകപ്പ് കൂടിയായിരുന്നു ഖത്തറിലേത്. നൂറ്റാണ്ടുകൾക്ക് ശേഷം അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം സ്വന്തമായെന്നതും മറ്റൊരു റെക്കോർഡ് ആണ്. കളിക്കാരുടെയും മത്സരങ്ങളുടെയും ആരാധക പങ്കാളിത്തത്തിന്റെയും കാര്യത്തിൽ എക്കാലത്തെയും മികച്ച ലോകകപ്പിനാണ് ഖത്തർ ആതിഥേയത്വം വഹിച്ചത്. ഫിഫ പ്ലസിൽ ചിത്രം കാണാം: https://www.fifa.com/fifaplus/en/watch/movie/5mxDnmKbx2FmDeiEGknA5G