മലയാളം മിഷൻ ഒമാൻ ചാപ്റ്റർ മസ്കത്ത് മേഖലാ പ്രവേശനോത്സവം ശനിയാഴ്ച
Mail This Article
മസ്കത്ത്∙ പ്രവാസി മലയാളികൾക്കു മലയാള ഭാഷാപഠനത്തിന് അവസരം ഒരുക്കുന്നതിനായി കേരള സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് മലയാളം മിഷൻ. എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാള ഭാഷയും വളരണം എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന അനവധി ചാപ്റ്ററുകളിൽ, ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒന്നാണ് ഒമാൻ ചാപ്റ്റർ. ഒമാൻ ചാപ്റ്ററിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഭാഷാ പഠനകേന്ദ്രങ്ങൾ, കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ഓൺലൈൻ ക്ളാസുകളിലേക്കു മാറിയിരുന്നു.
നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ ഏറെക്കുറെ പൂർണമായും പിൻവലിച്ച സാഹചര്യത്തിൽ, നേരിട്ട് ക്ളാസുകൾ തുടങ്ങാം എന്ന തീരുമാനത്തിലേക്ക് ചാപ്റ്റർ എത്തിയിരിക്കുകയാണ്. അതിന്റെ പ്രാരംഭമെന്ന നിലയിൽ മസ്കത്ത് മേഖലയിലെ ആദ്യ ഭാഷാ പഠനകേന്ദ്രത്തിലേക്കുള്ള വിദ്യാർഥി പ്രവേശനത്തിന് തുടക്കമാവുകയാണ്. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, കേരള വിഭാഗത്തിന്റെ എംബിഡിയിലുള്ള ഓഫീസിൽ ഈ വരുന്ന ശനിയാഴ്ച (8-4-2023) രാവിലെ 10 മണിക്കാണു പ്രവേശനോത്സവം നടക്കുക. പ്രസ്തുത പരിപാടിയിലേക്കും തുടർ ക്ലാസുകളിലേക്കും പ്രിയപ്പെട്ട കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒമാനിലെ മുഴുവൻ ഭാഷാ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.