യുഎഇയിൽ റമസാൻ നോമ്പു സമയം 14 മണിക്കൂറിലേറെ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
അബുദാബി∙റമസാനിലെ വ്രതാനുഷ്ഠാനം അവസാന പത്തിലേക്കു കടന്നതോടെ യുഎഇയിൽ നോമ്പിന്റെ ദൈർഘ്യം 14 മണിക്കൂർ കവിഞ്ഞു. ഈ റമസാനിൽ നോമ്പിന്റെ തുടക്കത്തിലെ ദൈർഘ്യം 13 മണിക്കൂറും 46 മിനിറ്റും ആയിരുന്നുവെങ്കിൽ അവസാനിക്കുമ്പോൾ 14 മണിക്കൂറും 13 മിനിറ്റുമായിരിക്കും.
Also read: റോഡ് നിർമാണത്തിൽ റീസൈക്കിൾ ചെയ്ത വസ്തുക്കൾ 50%; ലക്ഷ്യത്തിലെത്തി ഖത്തർ
യുഎഇയുടെ ഭൂപ്രകൃതി അനുസരിച്ച് വിവിധ എമിറേറ്റുകളിലെ നോമ്പിന് 4 മുതൽ 6 മിനിറ്റു വരെ വ്യത്യാസമുണ്ട്. ദൈർഘ്യമേറിയ പകലിലെ നോമ്പ് കരുതലോടെയാകണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 14 മണിക്കൂറിലേറെ നീളുന്ന ഉപവാസം അവസാനിപ്പിച്ച ശേഷം ഒറ്റയടിക്ക് വയറുനിറച്ച് ഭക്ഷണം കഴിക്കരുത്.
കാർബൊഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണവും അമിതമാകരുത്. ഈന്തപ്പഴവും ലബനും (മോര്) കഴിക്കുന്നതിലൂടെ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും വിശപ്പിനെ നിയന്ത്രിക്കാനും സാധിക്കും. ഉപവാസം അവസാനിപ്പിച്ചതു മുതൽ തുടങ്ങുന്നതിന് മുൻപുവരെയുള്ള സമയത്തിനിടയിൽ കുറഞ്ഞത് 2 മുതൽ 3 ലീറ്റർ വരെ വെള്ളം കുടിക്കണം.
ഹൃദയ, വൃക്ക രോഗികൾ ഡോക്ടറുടെ ഉപദേശം അനുസരിച്ചാണ് വെള്ളം കുടിക്കുന്നത് ക്രമീകരിക്കേണ്ടത്. ഉപവാസത്തിനുള്ള ഊർജം തരുന്ന സുഹൂർ (ഇടയത്താഴം) ഏറ്റവും വൈകിക്കുന്നതാണ് ഉത്തമം. അതായത് നോമ്പു തുടങ്ങുന്നതിന് തൊട്ടു മുൻപാകാം. ധാന്യങ്ങൾ, തവിടുള്ള അരി, ഗോതമ്പ് എന്നിവകൊണ്ടുളള ആഹാരമോ നാരുകളടങ്ങിയ പഴം, ഉണങ്ങിയ പഴങ്ങൾ, അണ്ടിപ്പരിപ്പ് എന്നിവയോ കഴിക്കാം.
English Summary: Iftar timings for last days revealed, fasting period up to 14 hours