റോഡ് നിർമാണത്തിൽ റീസൈക്കിൾ ചെയ്ത വസ്തുക്കൾ 50%; ലക്ഷ്യത്തിലെത്തി ഖത്തർ
Mail This Article
ദോഹ∙ റീസൈക്കിൾ ചെയ്ത സാമഗ്രികൾ ഉപയോഗിച്ചുള്ള റോഡ് നിർമാണം വിജയകരമാക്കി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ). റോഡ് പദ്ധതികളിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ 50 ശതമാനവും റീസൈക്കിൾ ചെയ്തവയാണ്. റോഡ് പദ്ധതികളിൽ 10 ദശലക്ഷം ടണ്ണും എക്സ്പ്രസ് വേ പദ്ധതികളിൽ 7,20,000 ടണ്ണും റീസൈക്കിൾ സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത്.
Also read: യുഎഇയിൽ റമസാൻ നോമ്പു സമയം 14 മണിക്കൂറിലേറെ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഖനനം, നിർമാണവുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ, ഗ്രൗണ്ട് ടയർ റബർ തുടങ്ങി റീസൈക്കിൾ ചെയ്ത ബദൽ വസ്തുക്കൾ ഉൾപ്പെടുന്നുവെന്ന് അഷ്ഗാലിന്റെ ക്വാളിറ്റി ആൻഡ് സേഫ്റ്റി വകുപ്പ് മാനേജർ ഡോ. അലി അൽ-മാരി വ്യക്തമാക്കി. അഷ്ഗാലിന്റെ വ്യവസ്ഥകൾ പ്രകാരം പൂർത്തിയാക്കിയ നിർമാണ പ്രവർത്തനങ്ങളിൽ കുറഞ്ഞത് 20 ശതമാനം റീസൈക്കിൾ സാമഗ്രികൾ ഉൾപ്പെടുത്തണമെന്ന് നിർബന്ധമാണ്.
നിർമാണങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ഇത് 50 ശതമാനത്തിലേക്ക് എത്തിയത് മികച്ച നേട്ടമാണ്. നിർമാണത്തിനാവശ്യമായ വിഭവസമാഹരണം കാര്യക്ഷമമാക്കാൻ റീസൈക്കിൾ കേന്ദ്രങ്ങളുണ്ട്. ഖനന സാമഗ്രികൾ, പൊളിച്ചു നീക്കിയവ, കോൺക്രീറ്റ് മാലിന്യങ്ങൾ, എന്നിങ്ങനെയുള്ള വസ്തുക്കളെ സംസ്‌കരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനും ഈ കേന്ദ്രങ്ങൾ സഹായകമാകുന്നു.