പ്രാർഥനാ നിറവിൽ ചെറിയ പെരുന്നാൾ
Mail This Article
ദുബായ്∙ പ്രാർഥനയിൽ മുഴുകിയും ആശംസകൾ നേർന്നും സമ്മാനങ്ങൾ കൈമാറിയും രാജ്യം ചെറിയ പെരുന്നാൾ ആഘോഷിച്ചു. വ്രതവിശുദ്ധിയുടെ 29 പകലിരവുകൾ പൂർത്തിയാക്കിയാണ് ഗൾഫ് രാജ്യങ്ങൾ പെരുന്നാൾ ആഘോഷിച്ചത്.
പെരുന്നാൾ ആഘോഷങ്ങൾക്കു തുടക്കമിട്ട് പീരങ്കികളിൽ വെടിയൊച്ച മുഴങ്ങി. സമൂഹ ഈദ് ഗാഹുകളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
ലോക സമാധാനത്തിനും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും ദൈവത്തോടു പ്രാർഥിക്കാൻ ഈ അവസരം ഉപയോഗിക്കുകയാണെന്നു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നു സുൽത്താൻ അൽ നെയാദിയും ഈദ് ആശംസകൾ നേർന്നു.
അബുദാബി ഗ്രാൻഡ് മോസ്കിൽ നടന്ന പ്രാർഥനകളിൽ യുഎഇ വൈസ് പ്രസിഡന്റും ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ദുബായ് സബീൽ പാലസിൽ വിശിഷ്ടാതിഥികളെയും വിവിധ മത മേലധ്യക്ഷന്മാരെയും സ്വീകരിച്ചു.
കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തുമും ഷെയ്ഖ് മക്തും ബിൻ മുഹമ്മദ് അൽ മക്തുമും സന്നിഹിതരായിരുന്നു. സബീൽ മോസ്ക്കിൽ നടന്ന പ്രാർഥനകളിൽ ഷെയ്ഖ് ഹംദാനും ഷെയ്ഖ് മക്തുമും പങ്കെടുത്തു. ഷാർജ അൽ ബാദി മുസല്ലയിൽ നടന്ന പ്രാർഥനകളിൽ ഷാർജാ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും കിരീടാവകാശി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും പങ്കെടുത്തു.
കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തിയ ശേഷം ഇത്രയധികം ആളുകൾ ഈദ് ഗാഹുകൾ ഒരുമിച്ചു പങ്കെടുക്കുന്നത് ആദ്യമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഈദ്ഗാഹുകളിൽ പ്രവാസി മലയാളികൾ അടക്കം ആളുകൾ പങ്കെടുത്തു.