കിടപ്പുരോഗികൾ യുഎഇയിൽ കുടുങ്ങിയ സംഭവത്തിൽ ഇടപെടാമെന്ന് എയർ ഇന്ത്യ
Mail This Article
അബുദാബി∙ കൊച്ചി ഒഴികെ കേരളത്തിലേക്കുള്ള എയർ ഇന്ത്യ സർവീസ് നിർത്തലാക്കിയതിനെ തുടർന്ന് കിടപ്പു രോഗികൾ യുഎഇയിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാമെന്ന് എയർ ഇന്ത്യ അറിയിച്ചതായി നോർക്ക സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി മനോരമയോടു പറഞ്ഞു.
തുടർ ചികിത്സയ്ക്കായി നാട്ടിലേക്കു പോകാൻ 17 കിടപ്പുരോഗികൾ കാത്തിരിക്കുന്നുവെന്ന മനോരമ വാർത്തയെ തുടർന്ന് ഇന്നലെ രാവിലെ വീണ്ടും കത്തയച്ചപ്പോഴാണ് എയർ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസണിന്റെ മറുപടി ലഭിച്ചതെന്നും പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ഈ മാസം 19ന് നോർക്ക ആദ്യ കത്ത് അയച്ചിരുന്നതായും സൂചിപ്പിച്ചു.
കേരള സെക്ടറിലെ വിമാന വിന്യാസത്തിന് മുൻപ് സ്ട്രെച്ചർ രോഗികളെ കൂടി കൊണ്ടുവരുന്നതിന് അനുയോജ്യമായ എയർക്രാഫ്റ്റ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാൻ നെറ്റ് വർക്ക് പ്ലാനിങ് ടീമിനോട് ആവശ്യപ്പെടുമെന്നാണ് ക്യാംപ്ബെൽ അറിയിച്ചത്. സാമ്പത്തികശേഷി, വിഭവ ലഭ്യത തുടങ്ങിയവയ്ക്കൊപ്പം ഇക്കാര്യംകൂടി കണക്കിലെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ വൈകാതെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹരികൃഷ്ണൻ പറഞ്ഞു. പ്രവാസി മലയാളികൾ നേരിടുന്ന കാതലായ പ്രശ്നങ്ങൾ പരിഹാരിക്കാൻ നോർക്ക മുന്നിലുണ്ടാകുമെന്നും പറഞ്ഞു. ദുബായ്–കൊച്ചി സെക്ടറിൽ അവശേഷിക്കുന്ന ഏക എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക കാരണങ്ങളാൽ മാർച്ച് 10 മുതൽ കിടപ്പുരോഗികളെ കൊണ്ടുപോകുന്നില്ല.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഈ സംവിധാനവുമില്ല. വിദേശ വിമാനങ്ങളിലാണെങ്കിൽ ആറര മുതൽ പതിമൂന്നര ലക്ഷം രൂപയോളം വേണ്ടിവരും. പ്രവാസികൾക്ക് എയർ ഇന്ത്യയിൽ നേരത്തെ ലഭിച്ചിരുന്ന ഈ സേവനം നിലനിർത്തണമെന്ന് വിവിധ പ്രവാസി സംഘടനകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.