റാഷിദ് റോവർ; വിജയപ്രതീക്ഷ അവസാന നിമിഷവും
Mail This Article
ദുബായ്∙ പൂർണമായും ഇമറാത്തി എൻജിനീയർമാർ നിർമിച്ചതാണ് റാഷിദ് റോവർ എന്ന പര്യവേക്ഷണ വാഹനം. യുഎഇ സമയം 7.40നു തുടങ്ങി ലാൻഡിങ് 8.40നു പൂർത്തിയാകേണ്ടതായിരുന്നു. ലാൻഡിങ്ങിനു തൊട്ടുമുൻപുള്ള സന്ദേശം വരെ ഭൂമിയിൽ ലഭിച്ചിരുന്നു. പിന്നീട് സന്ദേശങ്ങൾ നിലച്ചു.
Also read: മലയാളിയുടെ മരണത്തിനിടയാക്കിയ ബോട്ടപകടം: കമ്പനിക്കെതിരെ കേസ്
യുഎഇ സമയം 9.10ന്, പേടകവുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതായി ഐസ്പെയ്സ് അറിയിക്കുകയായിരുന്നു. 6000 കിലോമീറ്റർ വേഗത്തിലെത്തിയ ബഹിരാകാശ വാഹനം ലാൻഡിങ് സമയത്ത് 380 കിലോമീറ്ററായി വേഗം കുറച്ചിരുന്നു. 3.85 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് റാഷിദ് റോവർ ലക്ഷ്യത്തിലെത്തിയത്.
ചന്ദ്രനെയും ഉപരിതലത്തെയും പഠിക്കുക, ചിത്രങ്ങൾ പകർത്തുക ചന്ദ്രനിലെ മണ്ണിന്റെ സവിശേഷതയും ചന്ദ്രനിലെ കല്ലുകൾ രൂപപ്പെട്ടതിനെക്കുറിച്ചും ചന്ദ്രന്റെ ഭൗമാന്തരീക്ഷവും പൊടിപടലങ്ങളും ചലനവും ജല കണികകൾ, ഫൊട്ടോഇലക്ട്രോൺ എന്നിവയും പഠിക്കുകയായിരുന്നു റോവറിന്റെ ലക്ഷ്യം.
10 കിലോയാണ് 4 ചക്രങ്ങളോടു കൂടിയ വാഹനത്തിന്റെ ഭാരം. ഇന്ധന ഉപയോഗം ഏറ്റവും കുറച്ചാണ് റാഷിദ് റോവർ ചന്ദ്രനിലേക്ക് യാത്ര ചെയ്തത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന റോവറിൽ 4 ക്യാമറകളുണ്ട്. സൂര്യന്റെ ഗുരുത്വാകർഷണമാണ് റാഷിദ് റോവറിന്റെ യാത്രയ്ക്ക് ഉപയോഗിച്ചത്.
ഇതിനായി പേടകം സഞ്ചരിച്ചത് ഭൂമിക്കും ചന്ദ്രനും ഇടയിലെ ദൂരത്തിന്റെ 3 ഇരട്ടി. യാത്ര 135 ദിവസമെടുത്തതും ഈ റൂട്ട് സ്വീകരിച്ചതു കൊണ്ടാണ്. സൂര്യന്റെ ഗുരുത്വാകർഷണത്തെ ഉപയോഗിച്ചതു വഴി ഇന്ധനത്തിൽ വലിയ ലാഭം നേടി. ഇന്ധനത്തേക്കാൾ ഗുരുത്വാകർഷണത്തിനു പ്രാധാന്യം നൽകിയാണ് ബഹിരാകാശ പേടകം നീങ്ങിയത്. ഇന്ധനം ഉപയോഗിച്ചുള്ള യാത്രയായിരുന്നെങ്കിൽ 6 ദിവസം കൊണ്ട് എത്തേണ്ട പേടകമാണ് 135 ദിവസം കൊണ്ട് ചന്ദ്രോപരിതലത്തിൽ എത്തിയത്.
റാഷിദ് റോവർ വഹിച്ചുകൊണ്ടുള്ള ഹകുടോ ആർ മിഷൻ 1 മാർച്ച് 21ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയിരുന്നു. ഭൂമിയിലേതിനേക്കാൾ ആറിൽ ഒന്നു മാത്രമാണ് ചന്ദ്രനിലെ ഗുരുത്വാകരണം. റോവറിന്റെ ലാൻഡിങ്ങിലും നിയന്ത്രണത്തിലും ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ഗുരുത്വാകർഷണം ഇല്ലാത്ത ഈ സാഹചര്യമാണ്.
ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതു റോവറിന്റെ വേഗം കുറയ്ക്കുന്നതിൽ വെല്ലുവിളി സൃഷ്ടിച്ചിരുന്നു50 ശതമാനം മാത്രമാണ് റോവറിനു വിജയ സാധ്യത കൽപ്പിച്ചിരുന്നത്. 2019ൽ ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യം പരാജയപ്പെട്ടിരുന്നു. ചന്ദ്രനിൽ ഇടിച്ചിറങ്ങിയതോടെ ചന്ദ്രയാനും ഭൂമിയുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടിരുന്നു.