ചതിയൊളിപ്പിച്ചത് ട്രോഫിയിൽ, അവസാന നിമിഷം കൈമാറി; ഷാർജയിൽ നടി കുടുങ്ങിയത് ഇങ്ങനെ
Mail This Article
ഷാർജ ∙ ഹോളിവുഡ് പരമ്പരയിലേയ്ക്കുള്ള ഓഡിഷനായി യുഎഇയിലെത്തി ലഹരിമരുന്നു കടത്തിയതിന് ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത ബോളിവുഡ് നടി ക്രിസൻ പെരേര (27) ജയിൽ മോചിതയായെങ്കിലും ഇവരെ തടഞ്ഞുവച്ചതും അതിനു പിന്നിലെ കാരണങ്ങളും ദുരൂഹമാണ്. ട്രോഫിയിൽ ലഹരിമരുന്ന് ഒളിപ്പിച്ച് രണ്ട് പേർ ചേർന്ന് മകളെ കബളിപ്പിച്ചതാണെന്നും ലഹരിമരുന്നിനെക്കുറിച്ച് മകള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ക്രിസൻ പെരേരയുടെ മാതാവ് വ്യക്തമാക്കി.
Read also : ഷാർജയിൽ 2.35 കോടി ദിർഹം വിലയുള്ള ലഹരി വസ്തുക്കൾ പിടിച്ചു
ക്രിസന്റെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട രാജേ് ബൊറാത്തെ, ആന്റണി പോൾ എന്നിവരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ട് പ്രകാരം മുംബൈയിൽ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിൽ ഹോളിവുഡ് പരമ്പരയുടെ ചിത്രീകരണം നടക്കുന്നുണ്ടെന്ന് പറഞ്ഞ ക്രിസൻ പെരേര ഓഡിഷനാണ് പോയത്.
ഉപഹാരമായി നൽകിയ ട്രോഫിയിൽ ലഹരിമരുന്ന്
ക്രിസൻ പെരേര ചതിക്കപ്പെട്ടതാണെന്ന് നടിയുടെ അമ്മ പറയുന്നു. കഴിഞ്ഞ മാസം ഒരു ടാലന്റ് മാനേജ്‌മെന്റ് കമ്പനിയിൽ നിന്നുള്ള ഒരാൾ ക്രിസനെ പരിചയപ്പെട്ടു. ദുബായിൽ ഹോളിവുഡ് സീരീസ് ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇതിൽ പങ്കെടുക്കാനായി അയാൾ ക്രിസന് വിമാന ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും അയച്ചുകൊടുത്തു, കൂടാതെ ചെറിയ സ്വർണനിറത്തിലുള്ള ഒരു ട്രോഫി കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഷാർജയിൽ അവൾ കണ്ടുമുട്ടുന്ന ഒരാൾക്ക് അതു കൈമാറണമെന്നായിരുന്നു നിർദേശം.
വിമാനത്തിലേയ്ക്ക് കയറുന്നതിന് തൊട്ടുമുൻപാണ് അയാൾ ട്രോഫിയെക്കുറിച്ച് പറഞ്ഞതും കൈമാറിയതും. അതിനാൽ പെട്ടെന്ന് തന്നെ അതവളുടെ ബാഗിൽ വച്ചു. ഇതനകത്തായിരുന്നു ലഹരി ഒളിപ്പിച്ചിരുന്നത്. പിന്നീട് നടി ലഹരിമരുന്നുമായി വരുന്നുണ്ടെന്ന് ഷാർജ പൊലീസിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ പൊലീസ് നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു നായ്ക്കുട്ടിയെ ചൊല്ലി ക്രിസനും ആന്റണിയും തമ്മിലുള്ള തർക്കമാണ് ഇൗ ചതിയിലേയ്ക്കെത്തിയത്. മുംബൈ പൊലീസ് ഷാർജ പൊലീസിനെ കാര്യങ്ങൾ വിശദമായി ധരിപ്പിക്കുകയായിരുന്നു.
ലഹരിമരുന്ന്; ശിക്ഷ കഠിനം
ലഹരിമരുന്ന് കൈവശം വയ്ക്കുന്നത് യുഎഇയിൽ കുറ്റകരമാണ്. കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് കേസിന്റെ സ്വഭാവം മാറും. വ്യക്തിഗത ആവശ്യത്തിന് കൈവശം വയ്ക്കുന്നതിനും ശിക്ഷ പിഴയോ തടവോ ആണ്. 100 ഗ്രാം വരെ കൈവശം വച്ചാൽ 10 വർഷം തടവും 22 ലക്ഷത്തിലേറെ രൂപ (100,000 ദിർഹം) പിഴ ലഭിക്കും. 100 ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് ലഹരിമരുന്ന് കടത്തലായി കണക്കാക്കുകയും ജീവപര്യന്തം തടവും കുറഞ്ഞത് 5 ലക്ഷം ദിർഹം പിഴ ചുമത്തുകയും ചെയ്യും. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വിദേശികളെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും.
English Summary : Indian actress arrested on drug charges released from Sharjah jail