ഒമാനില്‍ ശക്തമായ മഴ; ശനിയാഴ്ച വരെ തുടരും, ഒഴുക്കിൽപ്പെട്ട് ദമ്പതികൾ മരിച്ചു
Mail This Article
മസ്കത്ത് ∙ ഒമാനില്‍ ശക്തമായ മഴ തുടരുന്നു. തെക്കന്‍ ശര്‍ഖിയയിലെ ജഅലന്‍ ബനീ ബൂ അലിയിലെ അല്‍ ബത്ത വാദിയില്‍ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രിയിലുണ്ടായ വാദിയില്‍ ഒഴുക്കില്‍പ്പെട്ട ദമ്പതികളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
മൂന്നു വാഹനങ്ങളിലായി എട്ടുപേരായിരുന്നു വാദിയില്‍ അകപ്പെട്ടിരുന്നത്. ഇതില്‍ ആറുപേരെ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്കായി നടത്തിയ തിരിച്ചിലിനിടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു തിരച്ചില്‍. വാദിയില്‍ കുടുങ്ങിയ നിരവധി പേരെയാണ് സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തിയത്.
ജഅലന്‍ ബനീ ബൂ അലി വിലായത്തിലെ വാദി അല്‍ ബത്ത, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി, മസ്കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത്, സര്ഖിയയിലെ ഇബ്ര വിലായത്തുകളില്‍ നിന്നായി നിരവധി പേരെയാണ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തിയത്. വാദിയില്‍ കാണാതായ പലരെയും നിമിഷങ്ങള്‍ക്കകം കണ്ടെത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.
മഴ തുടരും, മുന്നറിയിപ്പ്
രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും ശനിയാഴ്ച വരെ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. ചിലയിടങ്ങളില്‍ ആലിപ്പഴവും വര്‍ഷിച്ചു. പലയിടത്തും ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴയെത്തിയത്. ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്, വടക്ക് ശര്‍ഖിയ, വടക്ക്, തെക്ക് ബാത്തിന തുടങ്ങിയ ഗവര്‍ണറേറ്റുകളിലെ വിവിധ സ്ഥലങ്ങളിലാണ് വ്യത്യസ്ത തോതിലുള്ള മഴ ലഭിച്ചത്.
ഇടിമിന്നലേറ്റ് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ കാമില്‍ വല്‍ വാഫിയില്‍ വൈദ്യുതി തൂണിന് തീ പിടിച്ചു. ചില വീടുകള്‍ക്കും നിരവധി മരങ്ങള്‍ക്കും മിന്നലേറ്റു. പാറകള്‍ ഇടിഞ്ഞ് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മുറിച്ച് കടക്കരുതെന്നും വാദികളില്‍ വാഹനം ഇറക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളില്‍നിന്ന് വിട്ട് നില്‍ക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
English Summary: Heavy rainfall, thunderstorms to continue in parts of Oman