ഇനി സ്മാർട്ട് യാത്രകൾ; ദുബായിൽ ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ പരീക്ഷണയാത്ര നടത്തി
Mail This Article
ദുബായ്∙ എട്ടുപേരെ വഹിക്കാൻ ശേഷിയുള്ള ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ പരീക്ഷണയോട്ടം ദുബായിലെ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നടത്തി. അൽ ജദ്ദാഫ് സ്റ്റേഷൻ മുതൽ ദുബായ് ക്രീക്കിലെ ഫെസ്റ്റിവൽ സിറ്റി സ്റ്റേഷൻ വരെയായിരുന്നു ആദ്യ യാത്ര. അബ്രകളുടെ തനതു ഡിസൈനിലാണു ഇലക്ട്രിക് അബ്ര നിർമ്മിച്ചിരിക്കുന്നത്. സിറോ കാർബൺ പുറന്തള്ളൽ, പ്രവർത്തന, പരിപാലന ചെലവുകൾ 30% കുറയ്ക്കുക, ഡീസൽ പൗഡേർഡ് മോഡലിനെക്കാളും കുറഞ്ഞ ശബ്ദം തുടങ്ങി നിരവധി സവിശേഷതകളാണു ഇലക്ട്രിക് അബ്രയ്ക്കുള്ളത്
രണ്ട് ഇലക്ട്രിക് മോട്ടറുകളാണിതിനുള്ളത്. ഓട്ടോണമസ് കൺട്രോൾ സിസ്റ്റം, നാലു ലിതിയം ബാറ്ററികൾ എന്നിവ ഏഴുമണിക്കൂർ പ്രവർത്തനശേഷി നൽകുന്നു. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അബ്രയുടെ പുറംഭാഗം ഫൈബർഗ്ലാസ് ഉപയോഗിച്ചാണു നിർമ്മിച്ചിരിക്കുന്നത്. കപ്പൽ രൂപകൽപ്പനയ്ക്കും പ്രവർത്തനത്തിനുമുള്ള അന്താരാഷ്ട്ര തലങ്ങളിലെ 6 ലെവലിൽ 4 ലെവൽ ഇലക്ട്രിക് അബ്ര കൈവരിച്ചിട്ടുണ്ട്. അൽ ഗർഹൂദ് മറൈൻ മെയിന്റനൻസ് സെന്ററിലാണ് അബ്ര നിർമ്മിച്ചത്. ദുബായുടെ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിനുള്ള ആർടിഎയുടെ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ പ്രവർത്തനമെന്ന് ആർടിഎയുടെ ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാനും ഡയറക്‌ടർ ജനറലുമായ മറ്റാർ അൽ ടയ്യെർ പറഞ്ഞു.
സമുദ്ര ഗതാഗതമാർഗങ്ങൾ വികസിപ്പിക്കുന്നതിനായി ആർടിഎ ഒരു മാസ്റ്റർ പ്ലാൻ വികസിപ്പിച്ചിട്ടുണ്ട്. ദുബായ് ക്രീക്കിലെ ബർ ദുബായ്, ദേര ഓൾഡ് സൂക്ക്, ദുബായ് ഓൾഡ് സൂക്ക്, അൽ സബ്ഖ സ്റ്റേഷനുകളുടെയും വികസനവും പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട്. അബ്ര സ്റ്റേഷനുകളുടെ ശേഷി 33% വർധിപ്പിക്കുക, പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുക, വസ്തുക്കളുടെ ആയുസ് വർദ്ധിപ്പിക്കുക, സ്റ്റേഷനുകളിലെയും മറീനകളിലെയും വെളിച്ചം മെച്ചപ്പെടുത്തുക, ഉപഭോക്താക്കൾക്കും നിക്ഷേപ മേഖലകൾക്കും സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവയാണു പദ്ധതി വിഭാവനം ചെയ്യുന്നുത്.