മലയാളം മിഷൻ അധ്യാപക പരിശീലനം 20, 21 തീയതികളിൽ; അപേക്ഷകൾ ക്ഷണിക്കുന്നു
Mail This Article
അബുദാബി ∙ മലയാളം മിഷൻ അബുദാബി ചാപ്റ്ററിലേക്കുള്ള അധ്യാപകരുടെ സൗജന്യ പരിശീലനം ഇൗ മാസം 20, 21 (ശനി, ഞായർ) ദിവസങ്ങളിൽ അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10 മുതലായിരിക്കും പരിശീലനം. റജിസ്‌ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കും. വിനോദ് വൈശാഖി, ടി. സതീഷ്‌കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.
മലയാളികള്‍ക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍.
മലയാളം മിഷന്‍ അബുദാബി ചാപ്റ്ററിനു കീഴിൽ കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, അബുദാബി സിറ്റി, ഷാബിയ, ബദാസായിദ്, അൽ ദഫ്‌റ എന്നീ മേഖലകളിൽ എഴുപതിലേറെ സെന്ററുകളിലായി തൊണ്ണൂറോളം അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർഥികൾ മലയാള ഭാഷയുടെ മാധുര്യം സൗജന്യമായി നുകർന്നുവരുന്നു.
അബുദാബി, മുസഫ, ബനിയാസ്, ബദാസായിദ്, അൽ ദഫ്‌റ പ്രദേശങ്ങളിൽ മലയാളം മിഷന്റെ പാഠ്യപദ്ധതിയനുസരിച്ച് സൗജന്യമായി മലയാള ഭാഷ പഠിപ്പിക്കുവാൻ താത്പര്യമുള്ളവർ മേയ് 18 നകം കേരള സോഷ്യൽ സെന്റർ (02 6314455), അബുദാബി മലയാളി സമാജം (050 2688458), ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ (02 6424488) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.