യുഎഇ ലുലുവിൽ ഇനി മാമ്പഴക്കാലം; 15 രാജ്യങ്ങളിലെ 75 ലേറെ മാമ്പഴങ്ങൾ രുചിക്കാം
Mail This Article
അബുദാബി ∙ യുഎഇയിലെ ലുലു ഹൈപ്പർ - സൂപ്പർ മാർക്കറ്റുകളിൽ മംഗോ മാനിയ ആരംഭിച്ചു. പതിനഞ്ചു രാജ്യങ്ങളിൽ നിന്നുള്ള 75 ലേറെ മാമ്പഴങ്ങളാണ് ഈ വർഷത്തെ പ്രത്യേകത. മേളയ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഏറ്റവും മധുരമുള്ള ഇനങ്ങളായ ഗെലന്ത്, ഹിന്ദി, ടോമി, കുരി, പോൻസേ, സെലാസേഷൻ, സെനാര, സിബ്ധ, സുഡാനി, അൽഫോൻസോ, ഹിമപസന്ത്, നീലം, ഇന്ത്യയിൽ നിന്നുള്ള ബദാമി എന്നിവ കൂടാതെ, ഗ്രീൻ മാമ്പഴം (തായ്‌ലൻഡ്), പാൽമർ (സ്‌പെയിൻ), ചു (വിയറ്റ്നാം), കർത്ത കൊളമ്പൻ (ശ്രീലങ്ക), ടോമി അത്കിൻസ് (ബ്രസീൽ), അറ്റോൾഫോ (മെക്സിക്കോ), ഗെഡോങ് (ഇന്തൊനീഷ്യ), തൈമൂർ (യുഗാണ്ട) തുടങ്ങിയ എറ്റവും മുന്തിയ ഇനം മാമ്പഴങ്ങളാണ് എത്തിച്ചിരിക്കുന്നത്.
ഒപ്പം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും ലഭ്യമാണ്. എല്ലാ ഇനങ്ങൾക്കും മികച്ച വിലയാണ്. ‘മംഗോ മാനിയ’ ഈ മാസം 23 വരെ നീണ്ടു നിൽക്കും. വർഷങ്ങളായി തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് വൻ പിന്തുണയാണ് മാമ്പഴ മേളക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇപ്രാവശ്യവും മേള വൻ വിജയകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ലുലു അധികൃതർ പറഞ്ഞു.
അബുദബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ അബുദബി, ദഫ്ര റീജിയൻ ഡയറക്ടർ ടി.പി. അബൂബക്കറിന്റെ സാന്നിധ്യത്തിൽ കാർഷിക കാര്യ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ മുബാറക് അൽ ഖുസൈലി അൽ മൻസൂരി ഉദ്ഘാടനം ചെയ്തു. ലുലു ഡിഐപി-1ൽ നടന്ന ദുബായ്, ഷാർജ മേഖല ഉദ്ഘാടനം ലുലു ദുബായ് റീജിനൽ ഡയറക്ടർ കെ. പി. തമ്പാൻ, ഷാർജ റീജനൽ ഡയറക്ടർ എം.എ. നൗഷാദ് എന്നിവരുടെ സാന്നിധ്യത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വിദ്യാഭ്യാസം, പാസ്‌പോർട്ട് & അറ്റസ്റ്റേഷൻ കോൺസൽ രാംകുമാർ തങ്കരാജ്, ചലച്ചിത്ര നടൻ ആന്റണി വർഗീസ് (പെപെ) എന്നിവർ ഉദ്ഘാടനം ചെയ്തു.