ചൂടിന് ആശ്വാസം; യുഎഇയിൽ മഴ
Mail This Article
അബുദാബി ∙ വേനൽച്ചൂടിന് ആശ്വാസം പകർന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ് ലഭിച്ചത്.
Also read: ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് അബുദാബിയിൽ നാളെ തുറക്കും
ശനിയാഴ്ച വൈകിട്ട് ഫുജൈറ, അബുദാബി അൽദഫ്റ എന്നിവിടങ്ങളിൽ ആരംഭിച്ച മഴ വിവിധ പ്രദേശങ്ങളിലായി ഇന്നലെയും തുടർന്നു. ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. ഫുജൈറ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
ടാങ്കർ ഉപയോഗിച്ചാണ് നഗരസഭ റോഡിലെ വെള്ളം നീക്കിയത്. രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ നേരിയ മഴയാണ് ലഭിച്ചത്. വെള്ളക്കെട്ട്, റോഡിൽ പൊടി കുമിഞ്ഞുകൂടുക, മരം വീഴുക തുടങ്ങിയ സന്ദർഭങ്ങളിൽ 993 ഹോട്ട് ലൈൻ നമ്പറിലോ 026788888 വാട്സാപ് നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
മഴയും കാറ്റും ഇടിമിന്നലും ഉള്ളപ്പോൾ നിർമാണ കേന്ദ്രങ്ങളിലെ ടവർ ക്രെയിൻ, താൽക്കാലിക ക്രെയിൻ എന്നിവയുടെ പ്രവർത്തനം നിർത്തിവയ്ക്കണം. കെട്ടിടം പൊളിക്കാനും പാടില്ല. നിർമാണ കേന്ദ്രങ്ങൾക്കു ചുറ്റും താൽക്കാലിക മതിൽ പണിയണമെന്നും നിർദേശിച്ചു.
മഴയിൽ ശ്രദ്ധിക്കാൻ
∙ അസ്ഥിര കാലാവസ്ഥയിൽ സുരക്ഷിതമായും വേഗം കുറച്ചും വാഹനമോടിക്കണം.
∙ കെട്ടിടങ്ങളിലേക്ക് പൊടി കയറാതിരിക്കാൻ വാതിലും ജനലും അടച്ചിടണം.
∙ പൊടിനിറഞ്ഞ അന്തരീക്ഷത്തിലേക്ക് പോകരുത്
∙ കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് യഥാർഥ ഉറവിടത്തെ മാത്രം ആശ്രയിക്കണം.
∙ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.