കള്ളപ്പണം, ഭീകരവാദം; യുഎഇയിൽ പിഴയായി പിടിച്ചത് 11.5 കോടി ദിർഹം
Mail This Article
അബുദാബി∙ കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിന് സഹായം നൽകുന്നതിനുമെതിരെ ഈ വർഷം ആദ്യ പാദത്തിൽ മാത്രം യുഎഇ 11.5 കോടി ദിർഹം പിഴ ചുമത്തി. മുൻ വർഷം ഇതേകാലയളവിൽ ഇത് 7.6 കോടി ദിർഹമായിരുന്നു. 2020 മുതൽ 899 കുറ്റവാളികളെ യുഎഇ കൈമാറി.
Also read: ലോക സമ്പദ്‌വ്യവസ്ഥകളിലെ വെല്ലുവിളി നേരിടാൻ രാജ്യാന്തര സഹകരണത്തിന് ആഹ്വാനം
അതിൽ 43 പേർ കള്ളപ്പണം വെളുപ്പിച്ചവരും 10 പേർ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയവരുമാണ്.സാമ്പത്തിക, സംഘടിത കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിൽ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തണമെന്ന് ജഡ്ജി അബ്ദുൽറഹ്മാൻ അൽ ബലൂഷി പറഞ്ഞു.
കള്ളപ്പണം, ഭീകരവാദത്തിനു ധനസഹായം, മനുഷ്യക്കടത്ത് എന്നിവ കൈകാര്യം ചെയ്യുന്നതിന് രാജ്യാന്തര കരാറുകളുണ്ടാക്കി പ്രവർത്തനം ശക്തമാക്കും.വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളും ഫെഡറൽ, പ്രാദേശിക സർക്കാരുകളും ചേർന്നാണ് പോരാട്ടം തുടരുന്നത്. പരസ്പര നിയമ സഹായത്തിനുള്ള 37 രാജ്യാന്തര കരാറുകൾ, 15 സംയുക്ത കരാറുകൾ, 10 പ്രാദേശിക കരാറുകൾ എന്നിവ അതിന്റെ ഭാഗമാണ്.
ലഹരികടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങി ഗുരുതര നിയമലംഘനങ്ങൾക്ക് എതിരെ യുഎഇ ശക്തമായ നടപടി സ്വീകരിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്ര അധികൃതർക്കിടയിൽ നേരിട്ടുള്ള ആശയവിനിമയം അനിവാര്യമാണെന്നും പറഞ്ഞു. കുറ്റവാളി കൈമാറ്റ കരാർ അനുസരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും കുറ്റവാളികളെ കൈമാറാനും 2020 മുതൽ ഇതുവരെ യുഎഇ 3,061 തവണ രാജ്യാന്തര സഹകരണം തേടിയിരുന്നതായും അദ്ദേഹം അറിയിച്ചു.
നികുതി വെട്ടിപ്പ്; കുടുങ്ങിയത് 13 ഇന്ത്യക്കാർ
കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങൾക്ക് 13 ഇന്ത്യക്കാരെയും 7 സ്ഥാപനങ്ങളെയും അബുദാബി ക്രിമിനൽ കോടതി കഴിഞ്ഞ ആഴ്ച ശിക്ഷിച്ചിരുന്നു. 51 കോടി ദിർഹത്തിന്റെ അനധികൃത ഇടപാടാണ് ഇവർ നടത്തിയത്. പ്രതികൾക്ക് 5 മുതൽ 10 വർഷം വരെ തടവും 50 ലക്ഷം മുതൽ ഒരു കോടി ദിർഹം വരെ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്കുശേഷം ഇവരെ നാടുകടത്തും. 7 കമ്പനികൾക്ക് ഒരു കോടി ദിർഹം വീതം പിഴ ചുമത്തിയിരുന്നു.