ദുബായ് കസ്റ്റംസിന്റെ സഹായത്തോടെ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 547 കിലോയിലധികം ലഹരിമരുന്ന്
Mail This Article
ദുബായ് ∙ കാനഡയിൽ നടന്ന വൻ ലഹരിമരുന്ന് വേട്ടയ്ക്ക് ദുബായുടെ സഹായം. 547 കിലോയിലധികം ലഹരിമരുന്ന് ട്രാക്ക് ചെയ്യുന്നതിനും പിടികൂടുന്നതിനും കനേഡിയൻ അധികൃതരെ ദുബായ് കസ്റ്റംസ് സഹായിച്ചതായി അധികൃതർ അറിയിച്ചു.
ഏഷ്യൻ രാജ്യത്ത് നിന്ന് കാനഡയിലേയ്ക്കുള്ള ഷിപ്പിങ് കണ്ടെയ്‌നറുകളിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇന്റലിജൻസ് വിശകലനം, ഷിപ്മെന്റ് ട്രാക്കിങ്, സുരക്ഷാ തുടങ്ങി കസ്റ്റംസ് ഓപറേഷനുകളുടെ എല്ലാ വശങ്ങളിലും വിവിധ സ്ഥാപനങ്ങളുമായി വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിലെ പ്രവർത്തനത്തിന് ദുബായ് കസ്റ്റംസ് ഓഫിസർമാരെ അഭിനന്ദിക്കുന്നതായി ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറലും ചീഫ് എക്‌സിക്യൂട്ടീവുമായ അഹമ്മദ് മുസാബിഹ് പറഞ്ഞു. പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷന്റെ രാജ്യാന്തര കുറ്റകൃത്യങ്ങളെ ചെറുക്കുകയെന്നതാണ് ഏജൻസിയുടെ പ്രധാന ലക്ഷ്യമെന്ന് ദുബായ് കസ്റ്റംസിലെ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ ഖാലിദ് അൽ മൻസൂരി പറഞ്ഞു.
Also Read: വിദേശത്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്: പിടി വീഴും, തിരിച്ച് എത്തുമ്പോൾ
ആഗോള സുരക്ഷയിൽ യുഎഇയുടെ സ്ഥാനം ഉയർത്തുകയാണ് ലക്ഷ്യം. ദുബായ് വികസിപ്പിച്ച നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് ദുബായ് കസ്റ്റംസ് ഡേറ്റ ഫലപ്രദമായി വിശകലനം ചെയ്യുകയും അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നതാണ് രീതി. വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകുന്നത്. യുഎഇയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ദുബായ് കസ്റ്റംസ് വഹിച്ച നിർണായക പങ്കിനെ മുസാബിഹ് പ്രകീർത്തിച്ചു. വ്യാപാര പ്രവർത്തനങ്ങൾ സുഗമമാക്കുക, വർധിച്ച വാണിജ്യ വിനിമയം പ്രോത്സാഹിപ്പിക്കുക, സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് സഹകരിക്കുക എന്നിവയാണ് പ്രാഥമിക ശ്രദ്ധ. ഈ ശ്രമങ്ങൾക്ക് ലോക വ്യാപാര സംഘടന, ലോക കസ്റ്റംസ് ഓർഗനൈസേഷൻ, ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ എന്നിവയിൽ നിന്ന് അംഗീകാരം ലഭിച്ചു.
ലഹരിമരുന്ന് കടത്തിന് തടയിടാൻ ദുബായ് കസ്റ്റംസ് സുസജ്ജം
നേരത്തെയും ദുബായ് കസ്റ്റംസ് ലഹരിമരുന്ന് വേട്ടയ്ക്ക് രാജ്യാന്തര തലത്തിൽ സഹകരിച്ചിട്ടുണ്ട്. മേയിൽ ദുബായിലെ പ്രധാന വിമാനത്താവളം വഴി ഏഴ് കിലോയിലധികം കഞ്ചാവ് കടത്തിയ ഏഷ്യൻ യാത്രക്കാരനെ ദുബായ് കസ്റ്റംസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി കടത്തിയ 30 ടണ്ണിലധികം ഇന്ത്യൻ ചന്ദനം അനധികൃത വ്യാപാരം തടയുന്നതിന്റെ ഭാഗമായി ദുബായ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. മാർച്ചിൽ എമിറേറ്റിലെ തുറമുഖങ്ങളിൽ നടത്തിയ ഇരട്ട ഓപറേഷനിലാണ് ദുബായ് കസ്റ്റംസ് വൻതോതിൽ ലഹരിമരുന്ന് പിടികൂടിയത്. ഓപറേഷൻ ഡബിൾ സ്ട്രൈക്കിന്റെ ഭാഗമായി ദുബായ് കസ്റ്റംസിലെ സീ കസ്റ്റംസ് സെന്റർ മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ ഭക്ഷണ, മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതിയിൽ ഒളിപ്പിച്ച 32.8 ദശലക്ഷം ലഹരിമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. ദെയ്റ വാർഫേജ് കസ്റ്റംസ് സെന്ററിൽ 227 കിലോഗ്രാം ഭാരമുള്ള 1.2 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകളും പിടിച്ചെടുത്തു.
English Summary: Dubai Customs assists Canadian authorities in seizing over 547 kilograms of drugs