റാസൽഖൈമയിൽ ഇനി ഓൺലൈനായി ടാക്സി ബുക്ക് ചെയ്യാം; തുടക്കത്തിൽ സേവനം ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും
Mail This Article
റാസൽഖൈമ∙ റാസൽഖൈമയിൽ ഓൺലൈനായി ടാക്സി ബുക്ക് ചെയ്യാനുള്ള സംവിധാനം നിലവിൽ വന്നതായി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
അത്യാധുനിക ഫ്‌ളീറ്റ് മാനേജ്‌മെന്റ് സിസ്റ്റം നൽകുന്ന ഈ പുതിയ സേവനം ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട് ഫോൺ ഉപയോഗിച്ച് തങ്ങളുടെ ലൊക്കേഷന് ഏറ്റവും അടുത്തുള്ള ടാക്സി ലഭിക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നു. ഇൗ സേവനം മികച്ച രീതിയിലുള്ളതാണെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്‌ടർ ഓഫ് കൺട്രോൾ ആൻഡ് ഓപറേഷൻസ് ഡിപാർട്ട്‌മെന്റ് മുഹമ്മദ് ഹാഷിം ഇസ്മായീൽ പറഞ്ഞു.
ഇൗ സംവിധാനം പ്രവർത്തിക്കുന്ന വിധം
ഉപയോക്താവ് തന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് ക്യൂ ആർ കോഡ് സ്കാൻ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് സ്വകാര്യ വിവരങ്ങൾ നൽകണം. വൈകാതെ ഈ സിസ്റ്റം ഉപയോക്താവിനെ കണ്ടെത്തുകയും ടാക്‌സികളുടെ സ്‌മാർട്ട് ഡിസ്ട്രിബ്യൂഷന് അനുസരിച്ച് അടുത്തുള്ള ലഭ്യമായ ടാക്സിയിലേയ്ക്ക് വിവരങ്ങൾ കൈമാറുകയും ചെയ്യുന്നു. ഉപയോക്താവിൻ്റെ അഭ്യർത്ഥന അറിയിപ്പായി ടാക്സിയിൽ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട് മീറ്ററിൽ എത്തുകയാണ് ചെയ്യുന്നത്. ഡ്രൈവർ അതിനനുസരിച്ച് ഉപയോക്താവിൻ്റെ അരികിലെത്തുന്നു.
തുടക്കത്തിൽ സേവനം ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി എമിറേറ്റിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമാണ് പ്രി ഓർഡർ സേവനം തുടക്കത്തിൽ വാഗ്ദാനം ചെയ്യുന്നത്. വിവിധ സ്ഥലങ്ങളിൽ സേവന ലഭ്യത വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ഇസ്മായീൽ പറഞ്ഞു. സുരക്ഷിതവും വിശ്വസനീയവും മികച്ചതുമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിന് മുൻകൈയെടുക്കുന്നതിൻ്റെ ഭാഗമാണ് ഈ നീക്കം.
English Summary: Cabs can be booked online in Ras Al Khaimah using QR code system