വേനലവധി യാത്ര: പാസ്പോർട് കാലാവധി 6 മാസം നിർബന്ധം; ടെൻഷൻ ഒഴിവാക്കാൻ 'തത്കാൽ'
Mail This Article
ദോഹ∙ മധ്യവേനൽ അവധിക്കായി യാത്രയ്ക്കൊരുങ്ങുന്നവർ പാസ്പോർട് കാലാവധി കൂടി ഉറപ്പാക്കണം. വിവിധ രാജ്യങ്ങളിൽ അവധി ആഘോഷിക്കാൻ തയാറെടുക്കുന്നവരാണ് മിക്ക പ്രവാസികളും. വിമാന ടിക്കറ്റ് നേരത്തെ എടുക്കുമെങ്കിലും പാസ്‌പോർട്ടിന്റെ കാലാവധി പലരും ശ്രദ്ധിക്കാറില്ല.
പാസ്‌പോർട്ടിന്റെ കാലാവധി കുറഞ്ഞത് 6 മാസം വേണമെന്നത് മിക്ക രാജ്യങ്ങളുടെയും പ്രവേശന നടപടികളിലെ നിർബന്ധിത വ്യവസ്ഥകളിലൊന്നാണ്. നേരത്തെ ശ്രദ്ധിച്ചാൽ യാത്ര മുടങ്ങുന്നത് ഒഴിവാക്കാം. കാലാവധി തീരുംമുൻപേ പാസ്‌പോർട്ട് പുതുക്കാൻ ഇനി മറക്കേണ്ട.
ടെൻഷൻ വേണ്ട, 'തത്കാൽ' ഉണ്ട്
പാസ്‌പോർട്ടിന്റെ കാലാവധി 6 മാസത്തിൽ കുറവാണെങ്കിൽ എങ്ങനെ പുതുക്കും, യാത്രാ തീയതിക്ക് മുൻപ് ലഭിക്കുമോ തുടങ്ങിയ ആശങ്കയും ടെൻഷനും വേണ്ട. അടിയന്തര സാഹചര്യങ്ങളിൽ തത്കാൽ സ്‌കീമിലൂടെ പാസ്‌പോർട് എടുക്കാം.
തത്കാൽ പാസ്‌പോർട്ടിനുള്ള നടപടിക്രമങ്ങൾ
∙ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ https://portal5.passportindia.gov.in/Online/index.html എന്ന പോർട്ടലിൽ പ്രവേശിച്ച് അപേക്ഷ പൂരിപ്പിക്കണം. അപേക്ഷ പൂരിപ്പിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. സ്‌പെല്ലിങ് പോലും തെറ്റിയില്ലെന്ന് ഉറപ്പാക്കണം.
∙പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ്, ഒറിജിനൽ പാസ്‌പോർട്, ഖത്തർ ഐഡി, പാസ്‌പോർട്ടിന്റെയും ഖത്തർ ഐഡിയുടെയും പകർപ്പ്, 2 ഫോട്ടോ (വൈറ്റ് ബാക്ക്ഗ്രൗണ്ടിലുള്ള 2x2 സൈസിലുള്ളത്) എന്നിവ സഹിതം ഇന്ത്യൻ എംബസിയുടെ കോൺസുലർ സർവീസ് വിഭാഗത്തിൽ നേരിട്ടെത്തി അപേക്ഷ നൽകണം.
∙ അപേക്ഷ നൽകി യോഗ്യരെങ്കിൽ (മറ്റ് നിയമസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിൽ) 3 പ്രവൃത്തി ദിവസത്തിനുള്ളിൽ പുതുക്കിയ പാസ്‌പോർട് ലഭിക്കും.
∙ മുതിർന്നവർക്ക് തത്ക്കാൽ പാസ്‌പോർട്ട് എടുക്കാൻ 815 റിയാലാണ് ഫീസ്.
∙ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ് കോൺസുലർ സേവനങ്ങൾ.
English Summary: Mid-summer vacation travellers should also ensure their passport validity