6 മാസത്തിനിടെ 15 ലക്ഷം പേർ; ലോകകപ്പിനു പിന്നാലെ ഖത്തറിൽ സന്ദർശകത്തിരക്ക്
Mail This Article
ദോഹ∙ വർഷത്തിന്റെ ആദ്യപകുതിയിൽ രാജ്യത്ത് എത്തിയത് 15 ലക്ഷം സന്ദർശകരെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ അക്ബർ അൽ ബേക്കർ വ്യക്തമാക്കി. വരും നാളുകളിൽ കൂടുതൽ പേരെ ആകർഷിക്കാൻ ഈദ് ആഘോഷങ്ങൾ മുതൽ ദോഹ എക്‌സ്‌പോ വരെ. ദേശീയ അവധി ദിനങ്ങളിലും വിശേഷ അവസരങ്ങളിലുമെല്ലാം അവധിക്കാലം ചെലവിടാൻ അനുയോജ്യമായ രാജ്യമാണെന്ന് ഖത്തർ ഇതിനകം തെളിയിച്ചു കഴിഞ്ഞു.
അടുത്ത ആഴ്ച നടക്കുന്ന ഈദ് അൽ അദ്ഹ ആഘോഷങ്ങളിലേക്കും സന്ദർശകരെത്തും. ഒക്‌ടോബറിലെ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി, ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ, ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്‌സ്‌പോ തുടങ്ങി വർഷാവസാനം വരെ നടക്കുന്ന വിവിധ പരിപാടികളിലേക്ക് ആഗോള തലത്തിൽ നിന്ന് കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷയെന്നും അൽ ബേക്കർ ചൂണ്ടിക്കാട്ടി.
ഖത്തർ എന്താണെന്ന് ലോകം അറിയാനും ലോകത്തെ അറിയിക്കാനുമുള്ള അവസരമായിരുന്നു ലോകകപ്പ് ആതിഥേയത്വം. 14 ലക്ഷം പേരാണ് ടൂർണമെന്റ് കാണാൻ എത്തിയത്. സന്ദർശകർക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമെന്നതും ഖത്തറിന്റെ ആതിഥേയ മര്യാദയും സാംസ്‌കാരിക പൈതൃകവും ലോകോത്തര നിലവാരത്തിലുള്ള താമസ സൗകര്യങ്ങളും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളുമെല്ലാമാണ് സന്ദർശകരെ ആകർഷിക്കുന്നത്.
∙ റെക്കോർഡിട്ട് ദോഹ തുറമുഖം
സന്ദർശക വരവിൽ ഇത്തവണയും റെക്കോർഡിട്ട് നവീകരിച്ച ദോഹ തുറമുഖം. കപ്പൽ ടൂറിസം സീസണിലേക്ക് 55 ആഡംബര കപ്പലുകളിലായി എത്തിയത് 2,73,666 പേർ. മുൻ വർഷത്തേക്കാൾ വർധന 62 %. 2022 ഡിസംബറിൽ തുടങ്ങി ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് സീസൺ അവസാനിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നായി 2,73,666 സഞ്ചാരികളാണ് ദോഹയുടെ കാഴ്ചകളിലേക്ക് എത്തിയത്. ദോഹയിൽ നിന്നാരംഭിച്ചു തിരികെ ദോഹയിൽ അവസാനിച്ച യാത്രകളിൽ മാത്രം 19,400 സന്ദർശകരുണ്ടായിരുന്നു. ഖത്തർ ടൂറിസത്തിന്റെ പങ്കാളിത്തത്തിലാണിത്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ യാത്രാ ടെർമിനൽ ഉൾപ്പെടെയുള്ള പഴയ ദോഹ തുറമുഖത്തിന്റെ നവീകരണവും ഫിഫ ലോകകപ്പും കഴിഞ്ഞതോടെ ഇവിടെ വന്നു പോകുന്ന യാത്രാ കപ്പലുകളും വർധിച്ചു. തുറമുഖത്തെ പുതിയ പാസഞ്ചർ ടെർമിനലിൽ പ്രതിദിനം 12,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ജനറൽ കസ്റ്റംസ് അതോറിറ്റി (ജിഎസി)യുടെ പ്രതിമാസ ബുള്ളറ്റിനിലാണ് സീസണിലെ യാത്രക്കാരുടെ കണക്കുകൾ വ്യക്തമാക്കിയത്.
English Summary: About 15 lakhs tourists visit Qatar in first half of 2023