തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാൻ ഒക്ടോബർ ഒന്നുവരെ സമയം
Mail This Article
അബുദാബി∙ യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാനുള്ള സമയപരിധി ഈ മാസം 30ൽനിന്ന് ഒക്ടോബർ ഒന്നു വരെ നീട്ടി. തൊഴിലാളികൾക്ക് പദ്ധതിയിൽ ചേരാൻ കൂടുതൽ സമയം അനുവദിക്കുന്നതിനാണിത്. സമയപരിധി കഴിഞ്ഞും ചേരാത്തവർക്ക് 400 ദിർഹം (8926 രൂപ) പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ജനുവരി മുതലാണ് യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് നിർബന്ധമാക്കിയത്. സർക്കാർ, സ്വകാര്യ മേഖലാ, ഫ്രീസോൺ ജീവനക്കാർക്കും ഇൻഷുറൻസ് നിർബന്ധം. തൊഴിലാളികളാണ് സ്കീമിൽ ചേരേണ്ടതെന്നും തൊഴിലുടമയ്ക്ക് ഇക്കാര്യത്തിൽ ബാധ്യതയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ 46 ലക്ഷം പേർ റജിസ്റ്റർ ചെയ്തു.
ആനുകൂല്യത്തിന് അർഹർ
തുടർച്ചയായി 12 മാസമെങ്കിലും പദ്ധതിയിൽ അംഗമായവർക്കാണ് ആനുകൂല്യം. ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക (പരമാവധി 20,000 ദിർഹം) 3 മാസത്തേക്കു ലഭിക്കും. ഇതിനിടെ മറ്റൊരു കമ്പനിയിൽ ചേർന്നാലും രാജ്യം വിട്ടാലും ആനുകൂല്യം ലഭിക്കില്ല.സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. അച്ചടക്ക നടപടിയുടെ പേരിൽ പുറത്തായവർക്കും സ്വയം രാജിവച്ചവർക്കും പരിരക്ഷ കിട്ടില്ല. നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇളവുണ്ട്.
പ്രീമിയം അടവ്
16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹവും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹവുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ തുക അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. പിഴ 200 ദിർഹം.
English Summary: UAE extends deadline for job loss insurance registration.