ബഹ്റൈൻ കേരളീയ സമാജം ഇന്ത്യൻ അംബാസഡർക്ക് യാത്രയയപ്പ് നൽകി
Mail This Article
ബഹ്റൈൻ∙ മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ബഹ്റൈനിൽ നിന്ന് മടങ്ങുന്ന അംബാസഡർ പീയൂഷ് ശ്രീവാസ്തവയ്ക്ക് ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പ് നൽകി. കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്നചടങ്ങിൽ ബഹ്റൈനിലെ വാണിജ്യ നയതന്ത്ര മേഖലകളിലെ ഉന്നതർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
Read also: ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയെ സൗദിയിലേക്ക് ക്ഷണിച്ച് സൽമാൻ രാജാവ്...
പിയൂഷ് ശ്രീവാസ്തവ സമൂഹത്തിന്റെ എല്ലാ ജനവിഭാഗങ്ങളുടെയും ഹൃദയത്തിൽ സ്ഥാനം നേടാൻ കഴിഞ്ഞ വ്യക്തികളിൽ ഒരാളാണ്. ബഹ്റൈൻ - ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രീവാസ്തവ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സമാജം ജനറൽ സെക്രട്ടറിവർഗീസ് കാരക്കൽ പറഞ്ഞു.
കോവിഡ് മൂലമുള്ള പ്രതികൂല സാഹചര്യത്തിലും ബഹ്റൈൻ-ഇന്ത്യ വ്യാപാരം വർധിപ്പിക്കാൻ സാധിച്ചത് ശ്രീവാസ്തവയുടെ നയതന്ത്ര മികവാണെന്ന് അൽഫനാർ ഇൻവെസ്റ്റ്മെന്റ് & ഹോൾഡിങ് സ്ഥാപകനും മുൻ തൊഴിൽ മന്ത്രിയുമായ അബ്ദുൾ നാബി അൽ ഷോലെ വ്യക്തമാക്കി. ബഹ്റൈനി പൗരൻമാർക്കിടയിലും വ്യാപകമായ സ്വീകാര്യത നേടാൻ അംബാസഡർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അൽ ഷോലെ അഭിപ്രായപ്പെട്ടു.
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർമാർക്കിടയിൽ ഏറ്റവും ജനകീയനായ വ്യക്തിയാണ് പോകുന്നതെന്ന് എന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള പറഞ്ഞു. ബഹ്റൈനിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സമാജം ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകളുമായി ചേർന്ന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് രാധാകൃഷ്ണപിള്ള ചുണ്ടിക്കാട്ടി.അംബാസഡറുടെ ഭാര്യ മോണിക്ക ശ്രീവാസ്തവ സമാജത്തിനും ബഹ്‌റൈൻ ഇന്ത്യൻ സമൂഹത്തിനും നൽകിയ സേവനങ്ങളെ സമാജം പ്രസിഡന്റ് പ്രശംസിച്ചു.
ബഹ്റൈൻ കേരളീയ സമാജം നടത്തി വരുന്ന വിവിധ കലാ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളെ അംബാസഡർ പ്രശംസിച്ചു. കോവിഡ് സമയത്ത് സമാജം നടത്തിയ ചാർട്ടേർഡ് വിമാന സർവ്വീസ്, ഇൻഡ്യയിലേക്ക് ഓക്സിജൻ സിലിണ്ടർ എത്തിച്ച പദ്ധതി എന്നിവയെല്ലാം മാതൃകാപരമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യാത്രയയപ്പ് ചടങ്ങിൽ സാമൂഹിക കാര്യ അണ്ടർ സെക്രെട്ടറി സഹാർ അൽ മന്നായി, വിദേശകാര്യ മന്ത്രാലയം പ്രതിനിധി അംബാസഡർ ഫാത്തിമ അബ്ദുല്ല അൽ ധയീൻ, ബഹ്റൈൻ ഇന്ത്യാ സൊസൈറ്റി ചെയർമാൻ അബ്ദുൾ റഹ്മാൻ അൽ ജുമ , അൽബ സിഇഒ അലി അൽ ബക്കാലി, ഫ്രഞ്ച് അംബാസഡർ ജെറോം കൊച്ചാർഡ്, മോണിക്ക ശ്രീവാസ്തവ, ബഹ്റൈനിലെ സാമൂഹിക സംഘടനാ പ്രതിനിധികൾ, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
English Summary: Bahrain Keraliya Samaj bids farewell to the Indian Ambassador