ADVERTISEMENT

അബുദാബി∙ യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി നൂറ അൽ മത്റൂഷി.  നാസയിൽനിന്ന് പഠനം തുടരുന്ന നൂറ അടുത്തവർഷം ബിരുദം പൂർത്തിയാക്കും. ഇതോടെ യുഎഇയുടെ അടുത്ത ബഹിരാകാശ ദൗത്യത്തിൽ നൂറ സീറ്റുറപ്പിക്കും.

 

സഹപ്രവർത്തകനായ മുഹമ്മദ് അൽ മുല്ലയും ഹൂസ്റ്റണിലെ നാസ ജോൺസൻ സ്പേസ് സെന്ററിൽ പരിശീലനം പൂർത്തിയാക്കി വരുന്നു. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ അൽ മൻസൂരിയുടെയും ദീർഘകാല ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെയും പാത പിന്തുടർന്ന് നൂറയും അൽമുല്ലയും വൈകാതെ ബഹിരാകാശത്തെത്തും. മെക്കാനിക്കൽ എൻജിനീയറാണ് നൂറ. ദുബായ് പൊലീസിലെ ഹെലികോപ്റ്റർ പൈലറ്റാണ് മുഹമ്മദ് അൽ മുല്ല.

 

നാസ ബഹിരാകാശ പദ്ധതി 2021ന്റെ ഭാഗമായി വിവിധ മേഖലകളിലെ കഠിന പരിശീലനങ്ങളെല്ലാം ഇരുവരും വിജയകരമായി പൂർത്തിയാക്കിയതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. അടുത്ത വർഷം ബിരുദം നേടുന്ന ഇരുവർക്കും ബഹിരാകാശ യാത്രയ്ക്ക് യോഗ്യതയാകും. മുൻവർഷങ്ങളിൽ ഹെസ അൽ മൻസൂരിയും സുൽത്താൻ അൽ നെയാദിയും ഈ ബിരുദം നേടിയിരുന്നു.

 

ഉൾവനത്തിലും ആഴക്കടലിലും മരുഭൂമിയിലും ഉൾപ്പെടെ ദുർഘട മേഖലകളിൽ അകപ്പെട്ടാൽ എങ്ങനെ അതിജീവിക്കണം എന്നതിന്റെ പരിശീലനവും ഇരുവരും പൂർത്തിയാക്കി. തീ, വീട്, ഭക്ഷണം, വെള്ളം എന്നിങ്ങനെ അത്യാവശ്യം വേണ്ട സാധനങ്ങൾ എങ്ങനെ കണ്ടെത്തും എന്നതു സംബന്ധിച്ച് യുഎസ് ആർമി ഏവിയേഷൻ െസന്ററാണ് പരിശീലനം നൽകിയത്. നെയാദിയും അൽമൻസൂരിയും അതിജീവന പരിശീലനം റഷ്യയിലാണ് നടത്തിയിരുന്നത്.

 

ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്ത് നേടുന്നതിനൊപ്പം 130 കിലോ ഭാരമുള്ള സ്പേസ് വാക്കിങ് സ്യൂട്ട് ധരിക്കുന്നത് എങ്ങനെ എന്നും പഠിക്കുന്നു. ചന്ദ്രന്റെ പരിതസ്ഥിതികൾക്ക് സമാനമായി സജ്ജീകരിച്ച അലബാമയിലെ മാർഷൽ സ്‌പേസ് ഫ്ലൈറ്റ് സെന്ററിലെ വി20 തെർമൽ വാക്വം ചേംബറിലും ഇരുവരും പരിശീലനം നടത്തിയത്. ടി-38 സൂപ്പർസോണിക് ജെറ്റുകൾ പറത്തുന്നതും ബഹിരാകാശ നിലയത്തിന്റെ സംവിധാനങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതും പരിശീലനത്തിൽ ഉൾപ്പെടും.

English Summary: Emirati astronauts Nora Al Matrooshi and Mohammad Al Mulla undergo rigorous training for space flight.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com