ആനുകൂല്യങ്ങളുമായി യുഎഇയിലെ സ്വകാര്യ കമ്പനികൾ; അവധിദിനങ്ങളിലെ ജോലിക്ക് ഇരട്ടി ശമ്പളം, പകരം അവധി
Mail This Article
ദുബായ്∙ പെരുന്നാൾ അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി വേതനവും പകരം അവധിയും വാഗ്ദാനം ചെയ്തു സ്വകാര്യ കമ്പനികൾ. അധിക വേതനം കൂടാതെ പാരിതോഷികങ്ങളും ചില കമ്പനികൾ പ്രഖ്യാപിച്ചു. അവധി നൽകാത്ത കമ്പനികൾ കൂടുതൽ വേതനവും പകരം അവധിയും നൽകണമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു.
ഇന്നുമുതൽ അവധിയാഘോഷത്തിലേക്ക് രാജ്യം മാറും. തിങ്കളാഴ്ച മാത്രമാണ് പ്രവൃത്തി ദിവസം വരുന്നത്. അന്ന് ലീവ് എടുത്താൽ 9 ദിവസം അവധി കിട്ടും. മധ്യവേനൽ അവധിക്കായി ഇന്നലെ സ്കൂളുകൾ അടച്ചതോടെ പ്രവാസികൾ വാർഷിക അവധി കൂടി ചേർത്ത് നാട്ടിലേക്കുള്ള യാത്രയാകാനുള്ള തിരക്കിലാണ്. കുത്തനെ കൂടിയ വിമാന നിരക്കാണ് നാട്ടിലെത്താനുള്ള പ്രവാസികളുടെ മുന്നിലെ ഏക തടസ്സം.
നാട്ടിൽ പോകാത്തവരെ ലക്ഷ്യമിട്ടാണ് ഇരട്ടി ശമ്പളവും പാരിതോഷികങ്ങളുമായി സ്വകാര്യ കമ്പനികൾ രംഗത്ത് എത്തിയത്. ദിവസവേതനത്തിനു പുറമെ 50% അധിക വേതനവും നൽകണമെന്നാണ് ചട്ടം.
സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വർഷത്തിൽ പൂർണ ശമ്പളത്തോടെ അവധി നൽകേണ്ട ദിവസങ്ങളാണിത്.
ഹിജ്റ വർഷാരംഭം, പുതുവത്സരദിനം, നബിദിനം, ഇസ്റ, മിഅറാജ് അവധി, യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ അവധി, ചെറിയ പെരുന്നാൾ ദിവസങ്ങളിൽ അവധി, കൂടാതെ ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദിവസമടക്കം ബലിപെരുന്നാളിൽ മൂന്ന് ദിവസം എന്നിവയാണ് പൂർണ വേതനത്തോടു കൂടിയ അവധികൾ.
ഓവർ ടൈം ജോലിക്ക് 50% അധിക വേതനം യുഎഇ നിയമം ഉറപ്പുവരുത്തുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാണ്. ഈ ദിവസം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അധിക വേതനവും പകരം അവധിയും നൽകണമെന്നാണ് നിയമം. ഇത്തവണ ബലി പെരുന്നാളിന് 4 ദിവസം അവധിയും അതിനൊപ്പം ശനിയും ഞായറും വന്നതോടെ ഫലത്തിൽ 6 ദിവസം ജോലി മുടങ്ങുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് ആകർഷകമായ ആനുകൂല്യങ്ങളുമായി കമ്പനികൾ രംഗത്ത് വന്നത്.
അബുദാബിയിലെ വ്യാപാര സ്ഥാപനങ്ങൾ പുലർച്ചെ 2 വരെ
അബുദാബി∙ ബലിപെരുന്നാളിനോട് അനുബന്ധിച്ച് തലസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് പുലർച്ചെ രണ്ട് വരെ പ്രവർത്തിക്കാൻ അബുദാബി സാമ്പത്തിക കാര്യാലയം അനുമതി നൽകി. പെരുന്നാളിനോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾ വൻ വിലക്കുറവാണ് പ്രഖ്യാപിച്ചത്. ഇതു പ്രയോജനപ്പെടുത്താൻ വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും സാധ്യമാക്കുന്നതിനാണ് പ്രവൃത്തി സമയം ദീർഘിപ്പിച്ചത്.
English Summary: Private companies offer compensatory days off and extra salary for employees working on Eid Ul Adha.