വികസന നായകൻ, കരുതലിന്റെ മുഖം, പ്രവാസികളെ ചേർത്തു പിടിച്ചു; ഖത്തർ അമീർ അധികാരത്തിലെത്തിയിട്ട് 10 വർഷം
Mail This Article
ദോഹ∙ മണല്‍കൂനങ്ങള്‍ നിറഞ്ഞൊരു ദേശത്തെ വികസനത്തിലും കാരുണ്യപ്രവര്‍ത്തനത്തിലും ലോകത്തിന്റെ മാതൃകയാക്കി മാറ്റിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അധികാരത്തില്‍ പ്രവേശിച്ചിട്ട് ഇന്ന് 10 വര്‍ഷം.
Read also : തിരക്കിൽ മുങ്ങി ദുബായ് വിമാനത്താവളം; ഇന്നലെ മാത്രം ഒരുലക്ഷം യാത്രക്കാർ
2013 ജൂണ്‍ 25നാണ് 33-ാമത്തെ വയസ്സില്‍ ഖത്തറിന്റെ എട്ടാമത്തെയും രാജ്യത്തിന്റെ ചരിത്രത്തില്‍ വെച്ചേറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അധികാരത്തില്‍ പ്രവേശിച്ചത്. ഖത്തര്‍ അമീര്‍ എന്നതിനപ്പുറം ഭരണമികവിലൂടെ ജനഹൃദയങ്ങളില്‍ താമസമുറപ്പിച്ച ജനകീയ നേതാവുമാണ് ഷെയ്ഖ് തമീം.
ലോക രാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായ ഭരണാധികാരി, മികച്ച നേതൃപാടവം, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ക്കിടയിലെ പ്രായം കുറഞ്ഞ നേതാവ്, നയതന്ത്ര വിദഗ്ധന്‍, കരുത്തുറ്റ വ്യക്തിത്വം, ലോകരാജ്യങ്ങള്‍ക്കിടയിലെ സമുന്നത നേതാവ്, സഹൃദയന്‍, വിശ്വസ്തന്‍, നിരാലംബരുടെ രക്ഷകന്‍, സഹജീവികളോടു കരുണയുള്ളവന്‍, നിലപാടുകളുടെ രാജകുമാരന്‍, ഇസ്ലാമിക പാരമ്പര്യ മൂല്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഭരണാധികാരി ഇങ്ങനെ 10 വര്‍ഷത്തിനിടെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വന്തമാക്കിയ വിശേഷണങ്ങള്‍ ഏറെയാണ്.
പിതാവിന്റെ പാതയിലെ വികസന നായകന്‍
2013ല്‍ പിതൃ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ കൈകളില്‍ രാജ്യം ഭദ്രമാക്കിയതിനും മുന്‍പേ തന്നെ, 2003 ഓഗസ്റ്റ് 5ന് കിരീടാവകാശിയായി സ്ഥാനമേറ്റ നാള്‍ മുതല്‍ 2013 വരെയുള്ള 10 വര്‍ഷക്കാലവും രാജ്യത്തിന്റെ വികസനത്തിനും ആധുനികവല്‍ക്കരണത്തിനും ഖത്തറിന്റെ 'ഇന്റര്‍നാഷനല്‍ പ്രൊഫൈല്‍' ഉയര്‍ത്താനുമാണ് പരിശ്രമിച്ചത്. സാമ്പത്തികം, നയതന്ത്രം, ദേശീയ സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം പുരോഗതി കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സോഷ്യല്‍ ഇന്‍ഷുറന്‍സ്, സൈനിക റിട്ടയര്‍മെന്റ്, പെന്‍ഷന്‍, ഭവന പദ്ധതി ഉള്‍പ്പെടെ പൗരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വലിയ ശ്രദ്ധയാണ് നല്‍കുന്നത്. ഖത്തറിന്റെ ഭരണാധികാരിയായി 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഭരണമികവിലൂടെ ആധുനികതയുടെ, വികസനത്തിന്റെ, സ്വയം പര്യാപ്തതയുടെ മാതൃകയായി ഖത്തറിനെ ലോകരാജ്യങ്ങളുടെ മുന്‍നിരയിലേക്ക് എത്തിക്കാന്‍, ലോകരാജ്യങ്ങള്‍ അസൂയയോടെ നോക്കി കാണുന്ന ഗള്‍ഫ് രാജ്യമാക്കി മാറ്റാന്‍ അമീറിനു കഴിഞ്ഞുവെന്നതാണ് വലിയ നേട്ടം.
ഭക്ഷ്യ സുരക്ഷ, കായികം, ആരോഗ്യം, വിദ്യാഭ്യാസം, ഊർജം, ഗതാഗതം, നിക്ഷേപം, ടൂറിസം, അടിസ്ഥാന സൗകര്യങ്ങൾ, തുടങ്ങി എല്ലാ മേഖലകളുടെയും വികസന മുന്നേറ്റത്തിനാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യം സാക്ഷ്യം വഹിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപാദന, കയറ്റുമതി രാജ്യങ്ങളുടെ മുൻനിരയിലേക്ക് രാജ്യത്തെ എത്തിച്ചു. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഭരണാധികാരി സ്വന്തം രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് എത്തിക്കുന്നത് രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും ഒപ്പം ചേര്‍ത്തുപിടിച്ചാണെന്നതും പറയാതെ വയ്യ. ഖത്തറിന്റെ വികസനകുതിപ്പിനായി രൂപീകരിച്ച 2030 ഖത്തര്‍ ദേശീയ ദര്‍ശന രേഖയും ഫാസ്റ്റ് ട്രാക്കില്‍ തന്നെ.
കരുതലിന്റെ മുഖം
ഐക്യരാഷ്ട്രസഭയുടെ (യുഎന്‍)സന്നദ്ധ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിയാണ് ഖത്തര്‍. യുഎന്നുമായുള്ള സഹകരണത്തിന് കരുത്തേകാന്‍ മേഖലയിലെ ആദ്യത്തെ യുഎന്‍ ഹൗസ് ദോഹയില്‍ തുറന്നതും അമീറിന്റെ മാര്‍ഗനിര്‍ദേശത്തിലാണ്. സിറിയ, പലസ്തീന്‍, യമന്‍, ലബനന്‍, അഫ്ഗാൻ, സുഡാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ദാരിദ്ര്യത്തിലും യുദ്ധക്കെടുതിയിലും പ്രയാസപ്പെടുന്ന ജനതയ്ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിലും സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലും ഖത്തറിനെ മുന്‍നിരയില്‍ എത്തിച്ചു. അപ്രതീക്ഷിത അപകടങ്ങളില്‍ പ്രതിസന്ധിയില്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിലും അമീറിന്റെ കരുതലും സഹജീവികളോടുള്ള സ്നേഹവും രാജ്യാന്തര സമൂഹത്തിന്റെ ആദരവ് നേടിക്കഴിഞ്ഞു. കോവിഡിനെ തോല്‍പ്പിക്കാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് നല്‍കിയ സഹായങ്ങളും പിന്തുണയും ലോകശ്രദ്ധ നേടിയിരുന്നു. ഒരു ഭരണാധികാരിയെന്നതിനപ്പുറം സഹാനുഭൂതിയുടെ, സഹജീവി സ്നേഹത്തിന്റെ കാവലാള്‍ കൂടിയാണ് അമീര്‍.
നയതന്ത്രലോകത്തെ നല്ല അയല്‍ക്കാരന്‍
അയൽ രാജ്യങ്ങളുമായും ലോക രാജ്യങ്ങളുമായും പ്രത്യേകിച്ചും പാശ്ചാത്യ നാടുകളുമായി ഊഷ്മളവും ദൃഢവുമായ ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവാണ്. സഹോദര, സൗഹൃദ രാജ്യങ്ങളോടു നല്ല നയതന്ത്രബന്ധം പുലര്‍ത്തുന്നതിനും അപ്പുറം അമീറിന്റെ കരുതലും സഹൃദയത്വവും രാജ്യാന്തര സമൂഹത്തിന്റെ പ്രീതി നേടി കഴിഞ്ഞു. മേഖലയുടെ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതില്‍ നടത്തുന്ന മധ്യസ്ഥ നടപടികളിലും വിജയം. രാജ്യാന്തര വേദികളിൽ ഖത്തറിന്റെ സാന്നിധ്യം ശക്തമാക്കുന്നതിലും ശ്രദ്ധ ചെലുത്തി.
2017 ജൂണ്‍ 5ന് അയല്‍രാജ്യങ്ങളുടെ ഉപരോധ പ്രഖ്യാപനത്തോടു വിവേക പൂര്‍വമായ നിലപാടുകള്‍ സ്വീകരിച്ചതിലൂടെ ലോകം മുഴുവനും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെന്ന യുവഭരണാധികാരിക്ക് നൂറില്‍ നൂറു മാര്‍ക്കും നല്‍കി. നിശ്ചയ ദാര്‍ഢ്യവും നടപടികളിലെ വേഗതയിലൂടെയും ജനജീവിതത്തെ ബാധിക്കാതെ ഉപരോധ നാളുകള്‍ നേട്ടങ്ങളിലേക്കുള്ള അവസരങ്ങളുടെയും വികസനത്തിന്റെയും സ്വയം പര്യാപ്തതയുടെയും ദിനങ്ങളാക്കി മാറ്റുന്നതില്‍ വിജയം കൈവരിച്ചു.
കായികലോകത്ത് ഖത്തറിന്റെ മുന്നേറ്റക്കാരന്‍
വിമര്‍ശനങ്ങളെയും വെല്ലുവിളികളെയും വിവേക പൂര്‍വം നേരിട്ട് മധ്യപൂര്‍വദേശത്തെയും അറബ് ലോകത്തിലെയും പ്രഥമ ഫിഫ ലോകകപ്പിന് വിജയകരമായ ആതിഥേയത്വം ഒരുക്കി സവിശേഷതകളാല്‍ സമ്പന്നമായ, എക്കാലത്തെയും അവിസ്മരണീയമായ ടൂര്‍ണമെന്റ് ലോകത്തിന് സമ്മാനിച്ചു കൊണ്ട് ലോകത്തിന്റെ നെറുകയിലേക്ക് തന്റെ കൊച്ചുരാജ്യത്തെ ഉയര്‍ത്താന്‍ കഴിഞ്ഞതും അമീറിന്റെ ഭരണമികവാണ്. ഫിഫ ലോകകപ്പിന് പിന്നാലെ വരും നാളുകളില്‍ ഫോര്‍മുല വണ്‍, എഎഫ്‌സി ഏഷ്യന്‍ കപ്പ്, ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള വന്‍കിട കായിക ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയരാകുന്നതിലൂടെ ലോക കായിക ഭൂപടത്തില്‍ ഖത്തറിന്റെ സ്ഥാനം വീണ്ടും മുന്‍നിരയിലേക്ക് ഉയരും. കായിക അടിസ്ഥാന സൗകര്യങ്ങളിലും മുൻനിരയിൽ ആണ് രാജ്യം. ഫുട്ബോളിൽ മാത്രമല്ല ഒളിമ്പിക്സിലും ഖത്തറിന്റെ മികവ് ഉയർത്തി. കിരീടാവകാശിയായിരുന്ന കാലം മുതല്‍ തന്നെ രാജ്യാന്തര കായിക പരിപാടികളെ ആകര്‍ഷിച്ചും രാജ്യത്തിനായി ഹൈ-പ്രൊഫൈല്‍ കായിക ടീമുകളെ സ്വന്തമാക്കിയും കായിക മേഖലയില്‍ അന്തര്‍ദേശീയ നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചതെന്നതും ശ്രദ്ധേയം.
പ്രവാസികളെ ചേര്‍ത്തുപിടിച്ച്....
പൗരന്മാര്‍ക്കൊപ്പം പ്രവാസികളെയും ചേര്‍ത്തു പിടിക്കുന്ന ഭരണാധികാരി. ഉപരോധ നാളുകളില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പോലും ഖത്തറിന്റെ പൗരന്മാര്‍ക്കൊപ്പം പ്രവാസികളും ഒറ്റക്കെട്ടായി രാജ്യത്തിനായി നിലകൊള്ളുന്നുവെന്നതു അഭിമാനവും അഭിനന്ദനവും അര്‍ഹിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ച നേതാവ്. ദേശം, മതം, രാഷ്ട്രീയം, ഭാഷ തുടങ്ങിയ യാതൊരു വിവേചനങ്ങളില്ലാതെ പ്രവാസികളോടു കാണിക്കുന്ന കരുതലും സ്നേഹവും തന്നെയാണ് പ്രവാസികളും ഖത്തറിന്റെ യുവത്വത്തെ നെഞ്ചോടു ചേര്‍ക്കുന്നതിന്റെ കാരണം. ലോകം മുഴുവന്‍ കോവിഡ് പ്രതിസന്ധിയില്‍ തളര്‍ന്നപ്പോള്‍ പ്രവാസികളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിലും പൗരന്മാര്‍ക്കൊപ്പം സൗജന്യമായി കോവിഡ് ചികിത്സയും പരിശോധനയും വാക്സീനും നല്‍കുന്നതിലും അമീര്‍ ശ്രദ്ധ ചെലുത്തി. സ്വദേശി-പ്രവാസികള്‍ക്കിടയില്‍ ഐക്യത്തിന്റെ കനത്ത മതില്‍ ഉയര്‍ന്നതിനും പിന്നിലും അമീറിന്റെ ഈ കരുതലാണ്.
മിന്നും പ്രതിഭയുടെ ചുവടുവയ്പുകള്‍
1980 ജൂണ്‍ 3ന് പിതൃ അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെയും ഷെയ്ഖ മോസ ബിന്‍ത് നാസറിന്റെയും മകനായി ജനനം. ബ്രിട്ടനിലെ ഷെര്‍ബോണ്‍, ഹാറോ സകൂളുകളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം. 1998 ല്‍ യുകെയിലെ പ്രശസ്ത സൈനിക അക്കാദമിയായ സാന്‍ഡ് ഹസ്റ്റില്‍ നിന്നും ബിരുദം നേടിയ ശേഷം ഖത്തര്‍ ആംഡ് ഫോഴ്സില്‍ സെക്കന്റ് ലഫ്റ്റനന്റായി പ്രവേശിച്ചു. 2003 ഓഗസ്റ്റ് അഞ്ചിന് കിരീടാവകാശിയായി സ്ഥാനമേറ്റതിനൊപ്പം ഖത്തര്‍ ആംഡ് ഫോഴ്‌സില്‍ ഡപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി. 2022 ഫിഫ ലോകകപ്പ് സംഘാടക കമ്മിറ്റി ചെയര്‍മാന്‍, സുപ്രീം എജ്യൂക്കേഷന്‍ കൗണ്‍സില്‍, സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത്, സുപ്രീം കൗണ്‍സില്‍ ഫോര്‍ എണ്‍വയണ്‍മെന്റ് ആന്‍ഡ് നാച്യുറല്‍ റിസര്‍വ്‌സ്, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യണിക്കേഷന്‍ ടെക്‌നോളജി, ഖത്തര്‍ യൂണിവേഴ്‌സിറ്റി തുടങ്ങി രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളുടെ ചെയര്‍മാന്‍, ഡയറക്ടര്‍ സ്ഥാനങ്ങളും വഹിച്ചു. മാനുഷിക, രാജ്യാന്തര വിഷയങ്ങളില്‍ ഒട്ടേറെ ഇന്റര്‍നാഷനല്‍ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടി കഴിഞ്ഞു. അറബിക്, ഇംഗ്ലിഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യം. ടെന്നീസും ഫുട്‌ബോളും ഫാല്‍ക്കണറിയും തന്നെ ഇഷ്ടമേഖലകള്‍. ഖത്തരി, അറബ് പൈതൃകവുമായി ബന്ധപ്പെട്ട കായികയിനങ്ങളില്‍ താല്‍പര്യം.
Content Summary : 10 Successfull Years of Qatar's Emir Sheikh Tamim Bin Hamad Al-Thani