തിരക്കിൽ മുങ്ങി ദുബായ് വിമാനത്താവളം; ഇന്നലെ മാത്രം ഒരുലക്ഷം യാത്രക്കാർ
Mail This Article
ദുബായ്∙ ടിക്കറ്റ് നിരക്ക് വിമാനത്തേക്കാൾ ഉയർന്നു പറന്നിട്ടും അവധി തിരക്കിൽ നിറഞ്ഞു കവിഞ്ഞ് ദുബായ് രാജ്യാന്തര വിമാനത്താവളം. യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളിൽ അവധിക്കാലം തുടങ്ങിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്വന്തം നാട്ടിലേക്കും യാത്രക്കാർ പറന്നതോടെയാണ് തിരക്കേറിയത്. ഓൺലൈൻ ചെക്ക് ഇൻ ചെയ്തു വന്നതിനാലാണ് പലർക്കും സമയത്ത് വിമാനത്തിൽ കയറാൻ കഴിഞ്ഞത്.
നേരിട്ട് ചെക്ക് ഇൻ ചെയ്യേണ്ടവർ 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണം. തിരക്ക് പരിഗണിച്ച് 4 മണിക്കൂർ മുൻപ് ചെക്ക് ഇൻ സംവിധാനം പ്രവർത്തനം തുടങ്ങും. സ്വകാര്യ വാഹനങ്ങൾ ടെർമിനലിൽ എത്തി ആളെ ഇറക്കുന്നത് വിലക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ പാർക്കിങ്ങിൽ നിർത്തി വേണം യാത്രക്കാരെ ഇറക്കാൻ. ടെർമിനലിനു മുന്നിൽ വാഹനം നിർത്തി യാത്രക്കാരെ ഇറക്കുന്നവർക്ക് പിഴ നൽകുന്നുണ്ട്.
പലരും മെട്രോകളിൽ കയറിയാണ് ടെർമിനലുകളിൽ എത്തുന്നത്. ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് ഇരട്ടിയാകും . കഴിയുന്നതും ഓൺലൈൻ ചെക്ക് ഇൻ ചെയ്യണം. സിറ്റി ചെക്ക് ഇൻ സർവീസും ഉപയോഗപ്പെടുത്തണം. താമസ വീസയുള്ളവർക്ക് സ്മാർട് ഗേറ്റ് വഴി സുരക്ഷാ പരിശോധന പൂർത്തിയാക്കാം. കണ്ണ് സ്കാൻ ചെയ്തു നേരെ ഉള്ളിലെത്താം. സ്മാർട് ഗേറ്റിൽ തടസ്സം നേരിടുന്നവർ മാത്രം ഉദ്യോഗസ്ഥരുടെ അടുത്ത് എത്തിയാൽ മതി. ഇന്നലെ മാത്രം ഒരു ലക്ഷം പേരാണ് വിമാനത്താവളത്തിൽ എത്തിയത്.
English Summary: Dubai Airport expects 35 lakh travellers during Eid holidays.