ADVERTISEMENT

ഷാർജ∙ െഎസ്ക്രീം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് സ്വർണ കള്ളക്കടത്തിന് 'കാരിയറാ'ക്കാൻ വേണ്ടി കൊണ്ടുവന്ന 30ലേറെ മലയാളി യുവാക്കൾ ഷാർജയിൽ ദുരിതത്തിൽ. തിരുവനന്തപുരം വർക്കല സ്വദേശികളാണ് മികച്ച ഭാവി സ്വപ്നം കണ്ട് യുഎഇയിലേക്ക് വിമാനം കയറി ദുരിതക്കയത്തിലകപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഷാർജ റോളയിലെ പഴയൊരു കെട്ടിടത്തിലെ കുടുസുമുറിയിൽ ഭക്ഷണമോ, എയർ കണ്ടീഷണറോ ഇല്ലാതെ ഇത്രയും പേർ തിങ്ങി ഞെരുങ്ങി കഴിയുകയാണ്. ഇവരെ കൊണ്ടുവന്ന സ്വർണ കള്ളക്കടത്തു സംഘാംഗമെന്ന് സംശയിക്കുന്ന ഇസ്മായീൽ എന്ന മലയാളിയെ കുറിച്ച് ഇപ്പോൾ യാതൊരു വിവരവുമില്ല.

 

ഹാബിസ്, ഹാഷിം, അനസ്, വിഷ്ണു, ഉബൈദ്, അല്‍ അമീൻ, അജ് മൽ, അബ്ദുൽ ഹഖ്, മുഹമ്മദ് റിസ് വാൻ, മുഖ്താർ, സഹീർ, ഫൈസി, സദീഖ്, അമീൻ, നസീം, അൽ അമീൻ, നസീം, ഹസൻ, അൽ ഹൈസ്, ഷാജഹാൻ, സൗമീർ, ഉബൈദ്, അലി, മുഹമ്മദ്, ഹാഷിം, വിഷ്ണു, അജ് മൽ, സജീർ, ഹനീഷ്, അബി, സാലി, ഉണ്ണി തുടങ്ങിയവരാണ് തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കയോടെ കഴിയുന്നത്. 20  മുതൽ 39 വരെ പ്രായമുള്ളവരാണിവരെല്ലാം. തങ്ങളുടെ കുടുംബങ്ങളുടെ ഏക ആശ്രയം.

malayali-youths-duped-by-job-scam-in-sharjah-uae-03

 

കഴിഞ്ഞ മാസം 25 മുതലാണ് ഇവർ യുഎഇയിലെത്തിയത്. എട്ട് പേരടങ്ങുന്ന സംഘങ്ങളായിട്ടാണ് ഒരാഴ്ചയ്ക്കുള്ളിൽ എല്ലാവരും എത്തിയത്. ഷാർജയിൽ പുതുതായി ആരംഭിച്ച ഐസ്ക്രീം കമ്പനിയിൽ മികച്ച ജോലി നൽകാം എന്ന് പറഞ്ഞ് നാട്ടുകാരനായ അസീം എന്നയാളാണ് ഒരു ലക്ഷം രൂപ വീതം കൈക്കലാക്കി വിമാനം കയറ്റി വിട്ടതെന്ന് ഇവർ മനോരമ ഒാണ്‍ലൈനിനോട് പറഞ്ഞു. പലരും ബന്ധുക്കളോടും സുഹൃത്തുക്കളോടും കടം വാങ്ങിയും സ്വർണം ബാങ്കിലും ബ്ലേഡ് കമ്പനിയിലും പണയം വച്ചുമായിരുന്നു ഇൗ പണം സ്വരൂപിച്ചത്. പ്രതീക്ഷയോടെ യുഎഇയിലെത്തിയ ഇവരെ അസീമിന്റെ സംഘത്തിൽപ്പെട്ട ഇസ്മായീൽ എന്നയാൾ ഷാർജ റോളയിലെ കുടുസുമുറിയിലെത്തിക്കുകയായിരുന്നു. തുടർന്ന് എല്ലാവരുടേയും പാസ്പോർട്ടും ഇയാൾ വാങ്ങിവച്ചു. ആദ്യദിനം ഭക്ഷണവും മറ്റും കൃത്യമായി നൽകി. എന്നാല്‍, നാളുകള്‍ കഴിയവെ ഐസ്ക്രീം കമ്പനിയിലെ ജോലിയെക്കുറിച്ചോ മറ്റോ ഇസ്മായീലോ ഇയാളുടെ കൂട്ടാളികളോ യാതൊന്നും പറഞ്ഞില്ല. ഇതോടെ ആശങ്കയിലായ യുവാക്കൾ ചോദിക്കുമ്പോഴൊക്കെ ഉടൻ ജോലിയിൽ പ്രവേശിക്കാൻ പറ്റുമെന്നായിരുന്നു ഇസ്മായീലിന്റെ മറുപടി. നാട്ടിലുള്ള അസീമിനെ ബന്ധപ്പെട്ടപ്പോൾ, ആദ്യമൊക്കെ ഉടൻ ജോലി ശരിയാകുമെന്നു പറഞ്ഞെങ്കിലും പിന്നീട് മൊബൈൽ സ്വിച്ഡ് ഒാഫ് എന്ന സന്ദേശമാണ് ലഭിക്കുന്നത്.

 

malayali-youths-duped-by-job-scam-in-sharjah-uae-02

മികച്ച ശമ്പളവും മറ്റു സൗകര്യങ്ങളും വാഗ്ദാനം

 

മത്സ്യബന്ധനം മുതൽ വെല്‍ഡിങ് ജോലികൾ വരെ ചെയ്തുവരികയായിരുന്ന ഇൗ യുവാക്കളെ പരിചയക്കാരായ ചിലരാണ് അസീമുമായി ബന്ധപ്പെടുത്തിയത്. താൻ പാർട്ണറായി ഷാർജയിൽ തുടങ്ങുന്ന ഐസ്ക്രീം കമ്പനിയിൽ എല്ലാവർക്കും ജോലി ലഭിക്കുമെന്നും പ്രതിമാസം 2,500 ദിർഹം ശമ്പളം, ഭക്ഷണം, താമസ സൗകര്യം എന്നിവയുമെല്ലാം ലഭിക്കും എന്നുമായിരുന്നു വാഗ്ദാനം. ഒരു ലക്ഷം രൂപയാണ് സന്ദർശക വീസയ്ക്കും വിമാന ടിക്കറ്റിനുമായി ആവശ്യപ്പെട്ടത്. യുഎഇയിലെത്തിയ ഉടൻ തന്നെ എംപ്ലോയ്മെൻറ് വീസ ലഭിക്കുമെന്നും വൈകാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുമെന്നും കേട്ടതോടെ എല്ലാവരും മറ്റൊന്നും ആലോചിക്കാതെ പല വിധത്തിൽ പണം സ്വരൂപിച്ച് നൽകുകയായിരുന്നു. കൃത്യസമയത്ത് തന്നെ സന്ദർശക വീസ ലഭിക്കുക കൂടി ചെയ്തതോടെ സംശയ ലവലേശമന്യേ എല്ലാവരും വിമാനം കയറി.

 

ഇരകളിൽ യുഎഇയിൽ മുൻപ് ജോലി ചെയ്തിരുന്നവരും വഞ്ചിക്കപ്പെട്ടവരിൽ യുഎഇയിൽ 11 വർഷം ജോലി ചെയ്ത, ഇവിടുത്തെ ഡ്രൈവിങ് ലൈസൻസുള്ളയാളുമുണ്ട്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടായിരുന്ന 39കാരനായ ഹാസിബ് നാട്ടിലേക്ക് മടങ്ങിയത്. നാല് വർഷത്തോളം നാട്ടിൽ നിന്നെങ്കിലും യുഎഇ മാടി വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ അസീമിനെക്കുറിച്ചും ഐസ്ക്രീം കമ്പനിയിലെ ജോലിയെക്കുറിച്ചും അറിഞ്ഞപ്പോൾ മൂന്ന് മക്കളുടെ പിതാവായ ഹാസിബ് മറ്റൊന്നും ആലോചിക്കാതെ എടുത്തുചാടുകയായിരുന്നു. ഇവിടെ എത്തിയ ഉടൻ ഡ്രൈവിങ് ലൈസൻസ് പുതുക്കി നൽകുമെന്നും തുടർന്ന് കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിക്കാമെന്നുമായിരുന്നു വാഗ്ദാനം. 

malayali-youths-duped-by-job-scam-in-sharjah-uae-04

 

2500 ദിർഹം പ്രതിമാസ ശമ്പളം, താമസ സൗകര്യം, സൗജന്യ ഭക്ഷണം എന്നിവയും ലഭിക്കുമെന്നും അറിയിച്ചിരുന്നു. ഖത്തറിലും യുഎഇയിലും വെൽഡിങ് ജോലി ചെയ്തിരുന്ന അബ്ദുൽ ഹഖും തട്ടിപ്പിനിരയായവരിൽപ്പെടുന്നു. 8 വർഷത്തോളം ഖത്തറിൽ വെൽഡിങ് ജോലി ചെയ്ത ഇദ്ദേഹവും കോവിഡ് കാലത്ത് ജോലി നഷ്ട‌പ്പെട്ട് തന്നെയാണ് നാട്ടിലേക്ക് മടങ്ങിയത്. തുടർന്ന് നാല് വർഷത്തോളം നാട്ടി നിന്നു. യുഎഇയിൽ മികച്ച ജോലി കിട്ടിയപ്പോൾ ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു ലക്ഷം രൂപ നൽകി വിമാനം കയറുകയായിരുന്നു. 

 

സ്വർണം കൊണ്ടുപോയാൽ പൈസ തരാം

 

ജോലിയിൽ പ്രവേശിക്കുന്ന കാര്യം ആശങ്കയിലായപ്പോള്‍ തങ്ങളുടെ കൂടെ മറ്റൊരു മുറിയിൽ താമസിക്കുന്ന ഇസ്മായീലിനെ സമീപിച്ച്, ഒന്നുകിൽ ജോലി  അല്ലെങ്കിൽ തന്ന പണം തിരിച്ചു തരിക എന്ന്  എല്ലാവരും സമ്മർദം ചെലുത്താൻ തുടങ്ങി. ഇതോടെ കുടുക്കിലായ ഇസ്മായീലിൻ്റെ വാഗ്ദാനമായിരുന്നു, കേരളത്തിലേക്ക് സ്വർണം കള്ളക്കടത്ത് നടത്തിയാൽ വിമാന ടിക്കറ്റും 15,000 രൂപയും നൽകാമെന്നത്. ഇതോടെ ഇസ്മായീൽ സ്വർണക്കള്ളക്കടത്ത് സംഘാംഗമാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ, ജോലി ചെയ്ത് കുടുംബത്തെ സഹായിക്കാനാണ് തങ്ങൾ വന്നതെന്നും രാജ്യത്തെ ദ്രോഹിക്കുന്ന ഒരു കുറ്റകൃത്യത്തിനും കൂട്ടുനിൽക്കില്ലെന്നും എല്ലാവരും തറപ്പിച്ച് പറഞ്ഞു. ഇതിൽ അരിശം പൂണ്ട ഇസ്മായീൽ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് എല്ലാവരേയും ഇറക്കിവിട്ടു മുറി പൂട്ടി സ്ഥലം വിട്ടു. എന്നാൽ, സംഭവം മാധ്യമങ്ങളെ അറിയിക്കും എന്നായപ്പോൾ മറ്റൊരു കുടുസു മുറിയിലേക്ക് മാറ്റുകയായിരുന്നു. എട്ട് പേർക്ക് കിടക്കാനുള്ള ഡബിൾ ഡക്കർ കട്ടിൽ മാത്രമുള്ള ഇവിടെ ഇപ്പോൾ മുപ്പതോളം പേരാണ് അന്തിയുറങ്ങുന്നത്. എന്നാൽ, ഭക്ഷണം കഴിക്കാൻ പോലും വഴിയില്ലാതെ നരകയാതന അനുഭവിക്കുകയാണ് ഇവരെല്ലാം. പരിചയക്കാർ ആരെങ്കിലും വാങ്ങിക്കൊടുക്കുന്ന ഒരു നേരത്തെ ആഹാരമാണ് ഇവരുടെ ജീവൻ നിലനിര്‍ത്തുന്നത്. ഖുബ്ബൂസും തൈരുമാണ് പ്രധാന ഭക്ഷണം.

malayali-youths-duped-by-job-scam-in-sharjah-uae-01

 

കണ്ണിലൊഴിക്കാനുള്ള മരുന്നുപോലുമില്ലാതെ...

 

ദുരിതത്തിലായവരിൽ ഹാഷിം എന്ന ചെറുപ്പക്കാരന് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ് ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. നിത്യവും കണ്ണിന് മരുന്നൊഴിച്ചില്ലെങ്കിൽ പ്രശ്നമാണ്. എന്നാൽ യുഎഇയിലെത്തി കുറച്ച് ദിവസം കഴിഞ്ഞതോടെ മരുന്ന് തീർന്നു. തുടർന്ന് വാങ്ങാൻ വഴിയില്ലാതെ പ്രതിസന്ധിയിലാണെന്ന് ഹാഷിം പറഞ്ഞു. മരുന്നൊഴിക്കാത്തതിനാൽ കണ്ണിന്റെ കാഴ്ച മങ്ങി വരുന്നു. ജീവിതം ഇരുട്ടിലേയ്ക്കാണ് പോകുന്നത് എന്ന ഭയം മനസിനെ വല്ലാതെ വേട്ടയാടുന്നു. എന്തു ചെയ്യണമെന്നറിയാതെ തങ്ങളെല്ലാം മുറിയിലിരുന്ന് കരയുകയാണെന്നും ഹാഷിം പറഞ്ഞു.

 

അഞ്ച് മാസമായി അഭിനവ് കാത്തിരിക്കുന്നു

 

‌അസീം–ഇസ്മായീൽ സംഘത്തിന്റെ തട്ടിപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മലയാളി യുവാവ്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിനവാ(24)ണ് അസീമിന് 75,000 രൂപ നൽകി യുഎഇയിലെത്തിയത്. ഇവിടെയെത്തിയപ്പോൾ ഇസ്മായീൽ കൊണ്ടുവന്ന് റോളയിലെ താമസ സ്ഥലത്തെത്തിച്ചു. ഒരു ബന്ധുവിന്റെ സുഹൃത്ത് വഴിയാണ് അസീമിനെ ബന്ധപ്പെട്ടത്.  എന്നാൽ കഴിഞ്ഞ 5 മാസമായി എന്തു ചെയ്യണമെന്നറിയാതെ കാത്തിരിക്കുകയാണ്. ഇതുവരെ ഒരിടത്തും ജോലിക്കായി കൊണ്ടുപോയിട്ടില്ല. ആരെയാണ് സഹായത്തിനായി ബന്ധപ്പെടേണ്ടതെന്നറിയില്ലായിരുന്നു. ഇന്നോ നാളെയോ ജോലി ലഭിക്കും എന്ന പ്രതീക്ഷയാണ് മുപ്പതിലേറെ വരുന്ന മലയാളി സംഘം അസീമിന്റെയും ഇസ്മായീലിന്റെയും ചതിയിൽപ്പെട്ട് തന്റെ താമസ സ്ഥലത്തിനടുത്ത് കുടുങ്ങി എന്നറിഞ്ഞപ്പോൾ ഇല്ലാതായത്. പലപ്പോഴും പട്ടിണിയാണ്. പരിചയക്കാർ ആരെങ്കിലും നൽകുന്ന ഭക്ഷണമാണ് ജീവൻ നിലനിർത്തുന്നത്. നാട്ടിൽ നിന്ന് വന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാളും ശരീര ഭാരം വളരെ കുറഞ്ഞു. എന്തെങ്കിലും അസുഖം പിടിപ്പെടുമോ എന്ന പേടിയുണ്ട്. ആരെങ്കിലും ജോലി നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇവിടെ ആരെയും പരിചയമില്ലായിരുന്നു. നാട്ടിലേയ്ക്ക് മടങ്ങണമെന്നും ആഗ്രഹിച്ചു. വലിയ തുക നൽകിയാണ് വന്നത് എന്നതിനാൽ വെറും കൈയോടെ മടങ്ങാൻ ധൈര്യമില്ല–അഭിനവ് പറഞ്ഞു.

ബലി പെരുന്നാളിന് മുൻപ് ഫ്ലാറ്റൊഴിയണമെന്ന് മുന്നറിയിപ്പ്

ഇവരെല്ലാം താമസിക്കുന്ന റോള മാളിന് എതിർവശത്തെ പഴയ കെട്ടിടത്തിലെ ഫ്ളാറ്റിന്റെ വാടക കൊടുക്കാതെയാണ് ഇസ്മായീലും സംഘവും മുങ്ങിയത്. ഇതോടെ കെട്ടിട ഉടമയുടെ നിർദേശപ്രകാരം കാവൽക്കാരനായ പാക്കിസ്ഥാനി ഇടയ്ക്കിടെ ചെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ദിവസ വാടകയ്ക്കാണ് ഇസ്മായീല്‍ ഫ്ലാറ്റെടുത്തിരുന്നത്. വാടക എത്രയും പെട്ടെന്ന് നൽകിയില്ലെങ്കിൽ സാധനങ്ങൾ പുറത്തിട്ട് ഫ്ലാറ്റ് പൂട്ടും. ബലി പെരുന്നാളിന് തലേന്ന് വാടക നൽകണമെന്നാണ് അവസാന മുന്നറിയിപ്പ്. താമസ സ്ഥലം കൂടി നഷ്ടപ്പെട്ടാൽ തങ്ങൾ എന്തു ചെയ്യുമെന്നറിയാതെ കടുത്ത ആശങ്കയിലാണ് ഇൗ ചെറുപ്പക്കാർ.

 

സ്വർണ കള്ളക്കടത്തിന് ശ്രമിക്കുന്നത് ഇതാദ്യം

 

യുഎഇയിൽ  മികച്ച ജോലി വാഗ്ദാനം ചെയ്ത് വൻതുക പിടുങ്ങുന്ന സംഭവം തുടർക്കഥയാണെങ്കിലും ഇരകളെ സ്വർണക്കടത്തിന് ഉപയോഗിക്കുന്നത് ഇതാദ്യമാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. സാധാരണഗതിയിൽ, തുച്ഛമായ വേതനം കാരണം വർഷങ്ങളായി നാ‌ട്ടിലേക്ക് പോകാനാകാത്ത കഫ്റ്റീരിയ–ഗ്രോസറി ജീവനക്കാരടക്കമുള്ളവരെയായിരുന്നു കാരിയർമാരായി ഉപയോഗിച്ചിരുന്നത്. പണവും വിമാന ടിക്കറ്റുമാണ് ഇതിന് പ്രതിഫലം. ചിലർ നാട്ടിൽ നിന്ന് കുടുംബത്തേയും ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം കൊണ്ടുവന്ന് ഇൗ പണിക്ക് ഉപയോഗിക്കുന്നു. ഇവരെയെല്ലാം കിട്ടുക അടുത്ത കാലത്തായി പ്രയാസമായതോടെ സ്വർണക്കള്ളക്കടത്ത് സംഘം മറ്റു വഴികൾ തേടിയത്.

 

ഇന്ത്യൻ കോൺസുലേറ്റും അസോസിയേഷനും ഇടപെടണം

 

ചതിക്കപ്പെട്ട് എന്ന് ഉറപ്പായതോടെ, അറിയാവുന്ന ചില മലയാളി സന്നദ്ധ സംഘടനകളുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് ബന്ധപ്പെട്ടെങ്കിലും ആരും ഇവരെ സഹായിക്കാൻ തയ്യാറായില്ല. ഇന്ത്യൻ കോൺസുലേറ്റിനെയും ഷാർജ ഇന്ത്യൻ അസോസിയേഷനേയും ബന്ധപ്പെടേണ്ടത് എങ്ങനെ എന്ന് അറിയില്ലായിരുന്നു. ഇവരുടെ ഭാഗത്ത് നിന്നുള്ള സഹായമാണ് ഇനി ഏക പ്രതീക്ഷ. കഴിക്കാൻ ഭക്ഷണമില്ലാതെയാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കഴിയുന്നത്. രാത്രിയും പകലും കടുത്ത ചൂടനുഭവിക്കുന്നു. മിക്കവർക്കും നാട്ടിലേക്ക് മടങ്ങാൻ താൽപര്യമില്ല. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാതെ പോകാനാവില്ലെന്ന് ഇരകളിലൊരാളായ ഫായിസ് പറഞ്ഞു. കടം വാങ്ങിയും മറ്റുമാണ് പലരും പണം കണ്ടെത്തിയത്. അത് തിരിച്ചുകൊടുക്കാതെ നാട്ടിൽ പോകുന്ന കാര്യം ആലോചിക്കാനേ വയ്യ. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുമെന്നും ആരെങ്കിലും തങ്ങൾക്ക് ഒരു ജോലി തന്ന് സഹായിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.

 

ഒരുപാട് പേർ ഇത്തരത്തിൽ തട്ടിപ്പിനിരയാകുന്നുണ്ട് എന്ന് അറിയാത്തവരല്ല ഇവര്‍. എന്നാൽ, സ്വന്തം നാട്ടുകാരനായ അസീം എന്നയാളെ വിശ്വസിച്ചു പോയതാണ് ഇവരുടെ തെറ്റ്. അതിന് വില നൽകേണ്ടി വന്നത് ജീവിത സമ്പാദ്യവും ഭാവി കരുപ്പിടിപ്പിക്കേണ്ട പ്രായത്തിലെ കുറേ ദിവസങ്ങളും. ഇവരെ സഹായിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: +971 567 371 376 (Whatsapp).

 

Content Summary : Malayali Youths Duped by Job Scam in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com