ഒമാനിലെ വിശ്വാസി സമൂഹം ബലി പെരുന്നാള്‍ ആഘോഷിച്ചു
Mail This Article
മസ്‌കത്ത്∙ ഒമാനിലെ വിശ്വാസി സമൂഹം ബലി പെരുന്നാള്‍ ആഘോഷിച്ചു. മക്കയിലെ വിശ്വ സംഗമത്തോട് മനസ്സുകള്‍ ചേര്‍ത്ത് ഇബ്‌റാഹീം പ്രവാചകരുടെ ത്യാഗ സ്മരണകളോടെ രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും രാവിലെ പെരുന്നാള്‍ നിസ്‌കാരങ്ങളോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
തൂവെള്ള വസ്ത്രവും തൊപ്പിയും ധരിച്ച ഒമാനി പുരുഷാരം പള്ളികളിലെ മുന്‍വരികളില്‍ നിരന്നപ്പോള്‍ വിശ്വമാനവീകതയുടെ അറഫ സംഗമത്തിന്റെ കൊച്ചു പതിപ്പുകളായി പള്ളികള്‍ മാറി.
പ്രഭാത നിസ്‌കാര ശേഷം 5.30 ഓടെ സ്വദേശികളുടെ നേതൃത്വത്തിലുള്ള പെരുന്നാള്‍ നിസ്‌കാരങ്ങള്‍ പൂര്‍ത്തിയയിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളുമായി സ്‌നേഹബന്ധം പുതുക്കിയും ബലി കര്‍മം നിര്‍വഹിച്ചും ഒരു ബലി പെരുന്നാളിനെകൂടി ജനം ആഘോഷപൂര്‍വം യാത്രയാക്കി.
വര്‍ണാഭമായ പെരുന്നാള്‍ ആഘോഷ പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. പ്രവാസി സമൂഹവും പെരുന്നാള്‍ ആഘോഷിച്ചു. പെരുന്നാള്‍ നിസ്‌കാരങ്ങളില്‍ നൂറു കണക്കിനു മലയാളികള്‍ പങ്കെടുത്തു. രാജ്യത്ത് പലയിടത്തും മലയാളികള്‍ക്കു മാത്രമായി പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം സംഘടിപ്പിച്ചു. പെരുന്നാളിന്റെ ഭാഗമായി വ്യത്യസ്ത സാംസ്‌കാരിക, വിനോദ പരിപാടികളും സംഗമങ്ങളും സംഘടിപ്പിച്ചു. സലാലയുള്‍പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് യാത്രയും സംഘടിപ്പിക്കപ്പെട്ടു.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലെ തൈമൂര്‍ മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു. ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സഈദ് അല്‍ മഅ്മരി പ്രാര്‍ഥനത്ത് നേതൃത്വം നല്‍കി. ഉപപ്രധാന മന്ത്രി, മന്ത്രിമാര്‍, സുല്‍ത്താന്റെ സായുധ സേനയുടെ കമാന്‍ഡര്‍മാര്‍, റോയല്‍ ഒമാന്‍ പൊലീസ്, മറ്റ് സുരക്ഷാ ഏജന്‍സികള്‍, പൗരപ്രമുഖര്‍ തുടങ്ങി നിരവധി പ്രമുഖര്‍ തൈമൂര്‍ മസ്ജിദില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു.
English Summary: Muslims in Oman celebrated Eid Ul Adha