ADVERTISEMENT

അബുദാബി∙ വേനൽക്കാലത്ത് ടയർ പൊട്ടിയുള്ള അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപ് അവ സഞ്ചാര യോഗ്യമെന്ന് ഉറപ്പാക്കണമെന്ന് അബുദാബി പൊലീസ്. നിലവാരമില്ലാത്ത, കാലഹരണപ്പെട്ട ടയർ കടുത്ത ചൂടിൽ പൊട്ടുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം.

 

സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയും നിലവാരമുള്ള ടയർ ഉപയോഗിച്ചും ശ്രദ്ധയോടെ വാഹനമോടിച്ചും അപകടം ഒഴിവാക്കണമെന്ന് പൊലീസ് പറഞ്ഞു. സുരക്ഷിത വേനൽക്കാലം എന്ന പ്രമേയത്തിൽ ആരംഭിച്ച ബോധവൽക്കരണം ഓഗസ്റ്റ് 31 വരെ തുടരും.  പൊട്ടിയതും തേയ്മാനം വന്നതുമായ ടയറുകൾ ഉപയോഗിക്കുന്നത് വാഹനം മറിഞ്ഞുള്ള അപകടത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി.

 

യാത്രയ്ക്കു മുൻപ്

 

യാത്രയ്ക്കു മുൻപ് വാഹനത്തിന്റെയും ടയറുകളുടെയും ശേഷി ഉറപ്പുവരുത്തണം. ടയറുകളിലെ വായു മർദം കുറയുകയും കൂടുകയും ചെയ്താലും അപകടമുണ്ടാകും. അമിതഭാരം കയറ്റരുത്. കടുത്ത ചൂടിൽ പാർക്ക് ചെയ്ത വാഹനമാണെങ്കിൽ സ്റ്റിയറിങ് തണുക്കുന്നതു വരെ കാത്തിരിക്കണം. കുട്ടികളെ വാഹനത്തിൽ തനിച്ചാക്കാരുത്.

 

വാഹനമോടിക്കുമ്പോൾ

 

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു എന്തെങ്കിലും തകരാറോ അസ്വാഭാവിക ശബ്ദമോ അനിയന്ത്രിത ചൂടോ  ശ്രദ്ധയിൽപെട്ടാൽ ഉടൻ സുരക്ഷിത അകലത്തിലേക്ക് വാഹനം മാറ്റി എൻജിൻ ഓഫാക്കണം.  ആവശ്യമെങ്കിൽ വിദഗ്ധനെ വിളിച്ച് പരിശോധിച്ച് തകരാറ് പരിഹരിക്കണം. ഗതാഗത വകുപ്പിന്റെ അടിയന്തര സേവനം 24 മണിക്കൂറും ആവശ്യപ്പെടാം. ഇവർ സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തി വാഹനം ഗതാഗത യോഗ്യമാക്കും.

 

പാർക്ക് ചെയ്യുമ്പോൾ

 

കടുത്ത ചൂടിലാണ് നിർത്തിയിടുന്നതെങ്കിൽ വായുസഞ്ചാരം ലഭിക്കുംവിധം വാഹനത്തിന്റെ ജനൽ അൽപം തുറന്നിടണം. സ്പ്രേ, സാനിറ്റൈസർ, ലൈറ്റർ തുടങ്ങി തീപിടിച്ച് പൊട്ടിത്തെറിക്കുന്ന വസ്തുക്കൾ വാഹനത്തിൽ വയ്ക്കരുത്. മറ്റു വാഹനങ്ങൾക്കു മാർഗതടസ്സം ഉണ്ടാക്കുംവിധം നിർത്തിയിടരുത്.

 

തകരാർ പരിഹരിക്കണം

 

ടയറിന്റെ കേടുപാട്, വിള്ളൽ തുടങ്ങിയവ പരിഹരിച്ച ശേഷം യാത്ര പുറപ്പെടാം. രണ്ടാഴ്ചയിൽ ഒരിക്കൽ ടയറിലെ ‍വായു പരിശോധിക്കണം. വാഹനം പതിവായി ഉപയോഗിക്കാത്തവർ മാസത്തിൽ ഒരിക്കലെങ്കിലും പരിശോധിച്ച് പ്രവർത്തന ശേഷി വിലയിരുത്തിയ ശേഷമേ വാഹനം ഓടിക്കാവൂ. 10,000 കി.മീ സഞ്ചരിച്ചാൽ മുന്നിലെയും പിന്നിലെയും ടയറുകൾ പരസ്പരം മാറ്റിയിടണം.

 

നിലവാരമില്ലാത്ത ടയർ വിറ്റാൽ 22 ലക്ഷം രൂപ പിഴ

 

അബുദാബി∙നിലവാരമില്ലാത്ത ടയറുകൾ വിൽക്കുന്നവർക്ക് ഒരു ലക്ഷം ദിർഹമാണ് (22.3 ലക്ഷം രൂപ) പിഴ. കാലഹരണപ്പെട്ട ടയർ ഉപയോഗിച്ച് അപകടം ഉണ്ടാക്കുന്ന ഡ്രൈവർക്ക് 500 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമാണ് ശിക്ഷ. ഒരാഴ്ചത്തേക്കു വാഹനം പിടിച്ചുവയ്ക്കും.  

 

നല്ല ടയർ തിരിച്ചറിയാൻ..

 

യുഎഇ സർക്കാർ അംഗീകൃത മുദ്രകൾ (ആർഎഫ്ഐഡി, എസ്മ.കോം), ഉൽപാദന, കാലഹരണ തീയതി, വഹിക്കാവുന്ന ഭാരം, ടയറിന് താങ്ങാവുന്ന താപനില, വായു മർദം... തുടങ്ങിയ വിശദാംശങ്ങൾ ടയറിലുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കാം. എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേഡൈസേഷൻ ആൻഡ് മെട്രോളജി (എസ്മ) മാനദണ്ഡങ്ങൾ പാലിച്ചവയാണോ ടയർ എന്നും പരിശോധിക്കാം.

English Summary: Abu Dhabi Police share crash video and urge drivers to check tyres.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com