ആഡംബര കാർ വാങ്ങാൻ അറബ് വേഷത്തിൽ, ജീവനക്കാർക്കെല്ലാം പണം; ഒടുവിൽ ജയിലിൽ!
Mail This Article
അബുദാബി∙ ഇമാറാത്തികളെ അപമാനിക്കുന്ന നിലയിൽ വിഡിയോ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് വിദേശ പൗരനെ ജയിലിലടച്ചു. ഇമറാത്തികളെ അഹങ്കാരികളും പണത്തോടു ബഹുമാനമില്ലാത്തവരുമായി ചിത്രീകരിക്കുന്നതാണ് വിഡിയോ എന്ന് യുഎഇ അറ്റോണി ജനറൽ ഓഫിസ് വിലയിരുത്തി.
ഇമറാത്തികളുടെ പരമ്പരാഗത വേഷമായ കന്തൂറ ധരിച്ച് ആഡംബര കാർ ഷോറുമിൽ എത്തിയ വിദേശി, ഷോറൂമിലെ ഏറ്റവും വില കൂടിയ കാർ വേണമെന്ന് ആവശ്യപ്പെട്ടു. ഒരു വലിയ ട്രേയിൽ പണവുമായി രണ്ടു പേർ ഇദ്ദേഹത്തിനു പിന്നാലെ ഷോറൂമിലെത്തുന്നതും വിഡിയോയിലുണ്ട്. അഹങ്കാരത്തോടെ സംസാരിച്ച പ്രതി മുന്നിൽ വന്നവർക്കെല്ലാം പണം എറിഞ്ഞു നൽകി. 20 ലക്ഷം ദിർഹം വിലയുള്ള കാർ വേണമെന്ന് ആവശ്യപ്പെടുന്നതാണ് വിഡിയോയിലെ പ്രമേയം.
കന്തൂറ ധരിച്ചുള്ള ഇയാളുടെ പ്രകടനം സ്വദേശികളെക്കുറിച്ച് പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണയ്ക്കു കാരണമായെന്നും രാജ്യത്തെ ജനങ്ങളെ ആകെ അപമാനിക്കുന്നതാണ് വിഡിയോയെന്നും സൈബർ കുറ്റകൃത്യം അന്വേഷിക്കുന്ന വിഭാഗം കണ്ടെത്തി. വിഡിയോ നിർമാതാവിനെതിരെ വിശദമായ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. പൊതുജനങ്ങളെ അപമാനിക്കാനും പൊതുവികാരം വ്രണപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് വിഡിയോയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read also: കൗമാരക്കാരന്‍റെ ക്യാമറ പിടിച്ച് വാങ്ങി നീരാളി, വൈറൽ വിഡിയോ...
കാർ ഷോറൂം ഉടമയെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തി. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുമ്പോൾ രാജ്യത്തെ നിയമവും സംസ്കാരവും ധാർമികതയും ഉയർത്തിപ്പിടിക്കാൻ യുട്യൂബർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ശ്രദ്ധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അഭ്യർഥിച്ചു. രാജ്യത്തെ അപമാനിക്കുന്നതും ജനങ്ങൾക്ക് ഇടയിൽ സ്പർധ വളർത്തുന്നതുമായി ആശയങ്ങൾ പ്രചരിപ്പിക്കുന്നത് കർശന നിയമ നടപടികൾ ക്ഷണിച്ചു വരുത്തും.
അപവാദങ്ങളെ ചെറുക്കുന്നതിനും സൈബർ കുറ്റകൃത്യം തടയുന്നതിനുമുള്ള ഫെഡറൽ പ്രോസിക്യൂഷനാണ് വിദേശിയെ തടവിലാക്കാൻ ഉത്തരവിട്ടത്. ഏതു രാജ്യത്തെ പൗരനാണെന്ന വിവരം പ്രോസിക്യൂഷൻ പുറത്തു വിട്ടിട്ടില്ല. ഏഷ്യക്കാരനാണെന്ന കാര്യം മാത്രമാണ് പുറത്തു വിട്ടിരിക്കുന്നത്.
English Summary: Dress up as an Arab to buy a luxury car; Cash for all employees: Asian youth who posted video ordered to be detained