പുത്തൻ വാഹനങ്ങളോട് ഇഷ്ടം കൂടി ഖത്തർ
Mail This Article
ദോഹ∙ രാജ്യത്ത് പുതിയ വാഹനങ്ങളുടെ എണ്ണം കൂടുന്നു. മേയിൽ റജിസ്റ്റർ ചെയ്തത് 8,172 വാഹനങ്ങൾ. പുതിയ വാഹന റജിസ്‌ട്രേഷന്റെ കാര്യത്തിൽ മാസാടിസ്ഥാനത്തിൽ 20.5 %, വർഷാടിസ്ഥാനത്തിൽ 25.7 % ആണ് വർധന. പുതിയവയിൽ 71 % സ്വകാര്യ വാഹനങ്ങളാണ്- 5,868 എണ്ണം. മാസാടിസ്ഥാനത്തിൽ 14.3 %, വർഷാടിസ്ഥാനത്തിൽ 28.3% ആണ് വർധന. അതേസമയം 231 സ്വകാര്യ മോട്ടർ സൈക്കിളുകളാണ് പുതുതായി റജിസ്റ്റർ ചെയ്തത്. മാസാടിസ്ഥാനത്തിൽ 60.4 % ആണ് വർധന.
Read also: കോഴിക്കോടും സൗദി വീസാ സ്റ്റാംപിങ് കേന്ദ്രം; മലബാർ മേഖലയിലുള്ളവർക്ക് ഏറെ സഹായകമാകും...
മൊത്തം വാഹന റജിസ്‌ട്രേഷന്റെ 3% വരുമിതെന്ന് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പ്രതിമാസ ബുള്ളറ്റിനിൽ പറയുന്നു. പുതിയ സ്വകാര്യ ട്രാൻസ്‌പോർട് വാഹനങ്ങൾ 1,285 ആണ്. ട്രെയിലറുകളുടെ കാര്യത്തിൽ മാസാടിസ്ഥാനത്തിൽ 80 % വർധനയുണ്ട്. ഭാരമേറിയ ഉപകരണങ്ങളുടെ കാര്യത്തിൽ 103.5 % ആണ് മാസാടിസ്ഥാനത്തിലുള്ള വർധന. 230 എണ്ണമാണ് മേയിൽ റജിസ്റ്റർ ചെയ്തത്.
വാഹനങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും മേയിൽ റജിസ്റ്റർ ചെയ്ത ലംഘനങ്ങളിൽ കുറവുണ്ട്. 2,09,394 ഗതാഗത ലംഘനങ്ങളാണ് റജിസ്റ്റർ ചെയ്തത്. വർഷാടിസ്ഥാനത്തിൽ 12.1 % ആണ് കുറവ്. ഗതാഗത വകുപ്പിന്റെ സമഗ്ര ബോധവൽക്കരണവും കർശന നടപടികളുമാണ് ലംഘനങ്ങൾ കുറയാൻ പ്രധാന കാരണം. 2,09,394 ലംഘനങ്ങളിൽ 1,25,635 എണ്ണവും അമിത വേഗത്തിന് റഡാറുകൾ പിടികൂടിയതാണ്.
യൂസ്ഡ് കാർ വിപണിയിൽ ഇടിവ്; തടസ്സം ചൈനീസ് ബ്രാൻഡുകളുടെ പ്രമോഷനും ബാങ്ക് വായ്പയും
ദോഹ∙ ആവശ്യക്കാർ കുറഞ്ഞതോടെ യൂസ്ഡ് കാർ വിപണി വിലയിൽ ഇടിവ്. റമസാൻ കഴിഞ്ഞതോടെ യൂസ്ഡ് വാഹനങ്ങളുടെ ഡിമാൻഡിൽ 40 ശതമാനം കുറവുണ്ട്. വാഹനവിലയിൽ 20 ശതമാനമാണ് ഇടിവ്. ബാങ്കുകൾ വായ്പാ പലിശ ഉയർത്തിയതും യൂസ്ഡ് കാർ വിൽപനയെ സാരമായി ബാധിച്ചെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇത്തരം വാഹനങ്ങൾ കൂടുതലും ഉപഭോക്താക്കൾ വാങ്ങുന്നത് ബാങ്ക് വായ്പയിലൂടെയാണ്. ചൈനീസ് കാറുകളുടെ പ്രമോഷൻ ഓഫറുകൾ കൂടിയതും യൂസ്ഡ് വാഹന വിൽപന കുറഞ്ഞതിന് കാരണമാണ്.
ചില ചൈനീസ് ബ്രാൻഡുകൾ 7 വർഷം വരെ വാറന്റിയും കമ്പനി നേരിട്ട് വായ്പ നൽകുകയും ചെയ്യുന്നു. യൂറോപ്പ്, ഏഷ്യ, യുഎസ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന കാറുകളേക്കാൾ വിലക്കുറവാണ് ചൈനീസ് ബ്രാൻഡുകൾക്ക്. മറ്റ് വൻകിട ബ്രാൻഡുകളെ അപേക്ഷിച്ച് വില കുറവായതിനാൽ പുതിയ ചൈനീസ് ബ്രാൻഡ് വാഹനങ്ങളുടെ വിൽപനയിൽ സ്ഥിരമായ വളർച്ചയുണ്ട്. മധ്യവേനൽ അവധി എത്തിയതും യൂസ്ഡ് കാറുകളുടെ ആവശ്യകത കുറയാൻ കാരണമായി. അവധി കഴിഞ്ഞ് ആളുകൾ തിരിച്ചെത്തി സെപ്റ്റംബറോടെ യൂസ്ഡ് കാർ വിൽപന കൂടുമെന്ന പ്രതീക്ഷയിലാണ് വിൽപനക്കാർ.
English Summary: Qatar's automobiles sector records over 8000 new vehicle registrations.