ADVERTISEMENT

അബുദാബി∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ (ബാപ്സ് ഹിന്ദു മന്ദിർ) നിർമാണം അന്തിമ ഘട്ടത്തിലേക്ക്. നിർമാണ പുരോഗതി യുഎഇ സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ വിലയിരുത്തി. സമയബന്ധിതമായി പുരോഗമിക്കുന്ന ക്ഷേത്ര നിർമാണം അടുത്ത വർഷം ഫെബ്രുവരിയിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബാപ്സ് ഹിന്ദു മന്ദിർ ഇന്റർനാഷനൽ റിലേഷൻസ് മേധാവി സ്വാമി ബ്രഹ്മവിഹാരി ദാസ് അറിയിച്ചു. യുഎഇയിലെ ഒമാൻ സ്ഥാനപതി ഡോ. അഹ്മദ് ബിൻ ഹിലാൽ അൽബുസൈദിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

uae-minister-reviews-abu-dhabi-baps-hindu-temple-progress
.ബാപ്സ് ഹിന്ദു മന്ദിർ രൂപരേഖ

മാനവ സാഹോദര്യവും ഐക്യവും പ്രകടമാകുന്ന നിർമിതിയുടെ പുരോഗതിയിൽ ഷെയ്ഖ് നഹ്യാൻ സംതൃപ്തി രേഖപ്പെടുത്തി. പിരമിഡ് പോലെ ലോകാത്ഭുതങ്ങളിൽ ഒന്നായിരിക്കും ഈ ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം രൂപപ്പെടുത്തുന്നതിലും വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലും സന്യാസിമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സംഭാവനകളെ മന്ത്രി പ്രകീർത്തിച്ചു. ഇന്ത്യൻ, അറേബ്യൻ സംസ്കാരങ്ങളും ചിഹ്നങ്ങളും സമന്വയിപ്പിച്ച് രൂപകൽപന ചെയ്ത കൊത്തുപണികളും ശിൽപങ്ങളുമാണ് മുഖ്യ ആകർഷണം. 

അബുദാബി അബൂമുറൈഖയിൽ നിർമാണം പുരോഗമിക്കുന്ന ക്ഷേത്രത്തിലെ കൊത്തുപണികൾ
അബുദാബി അബൂമുറൈഖയിൽ നിർമാണം പുരോഗമിക്കുന്ന ക്ഷേത്രത്തിലെ കൊത്തുപണികൾ

യുഎഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന 7 കൂറ്റൻ ഗോപുരങ്ങളോടെയാണ് ക്ഷേത്രം നിർമിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്ന്  രണ്ടായിരത്തിലേറെ ശിൽപികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലകളിൽ ഇന്ത്യയുടെയും യുഎഇയുടെയും സാംസ്കാരിക ചരിത്രവും നാഗരികതയും സമ്മേളിക്കും.

അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2018ലാണ് നിർമാണം ആരംഭിച്ചത്. സന്ദർശന കേന്ദ്രം, പ്രാർഥനാ ഹാളുകൾ, ലൈബ്രറി, ക്ലാസ് റൂം, കമ്യൂണിറ്റി സെന്റർ, മജ്‌ലിസ്, ആംഫി തിയേറ്റർ, കളിസ്ഥലങ്ങൾ, പൂന്തോട്ടങ്ങൾ, പുസ്തകങ്ങൾ, ഗിഫ്റ്റ് ഷോപ്പ്, ഫുഡ് കോർട്ട് സൗകര്യങ്ങളുണ്ടാകും.

English Summary: Construction of Baps Hindu Mandir Abu Dhabi nearing final stage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com