പ്രതിവർഷ ലക്ഷ്യം 12.6 കോടി ടൺ എൽഎൻജി ഉൽപാദനം; ഏറ്റവും വലിയ വിപുലീകരണ പദ്ധതിയുമായി ഖത്തർ
Mail This Article
ദോഹ∙ 2029 ആകുമ്പോഴേക്കും രാജ്യാന്തര ഊർജ വിപണിയിൽ ലഭ്യമാകുന്ന ദ്രവീകൃതപ്രകൃതി വാതക(എൽഎൻജി) ത്തിന്റെ 40 ശതമാനവും ഖത്തറിന്റേതായിരിക്കുമെന്ന് ഊർജകാര്യ സഹമന്ത്രി സാദ് ഷെരീദ അൽകാബി. എൽഎൻജി ഉൽപാദനം പ്രതിവർഷം 12.6 കോടി ടൺ ആയി ഉയർത്താനുള്ള എല്ലാ പദ്ധതികളും അതിവേഗ പാതയിലാണ്.
ശുദ്ധമായ ജൈവ ഇന്ധനം എന്ന നിലയിൽ വൈദ്യുതി ഉൽപാദനത്തിനും വ്യാവസായിക-ഉൽപാദന ഫാക്ടറികൾക്കുമായി വാതകം ആവശ്യമായി വരുമെന്നും ഖത്തർ എനർജി പ്രസിഡന്റ് കൂടിയായ അൽകാബി വ്യക്തമാക്കി. കാനഡയിലെ വാൻകൂവറിൽ നടക്കുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽഎൻജി) രാജ്യാന്തര സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
എൽഎൻജി ഉൽപാദനത്തിൽ കാർബൺഡയോക്‌സൈഡ് സെക്വസ്‌ട്രേഷനുമായി ബന്ധപ്പെട്ടുള്ള പ്രസരണം ഏറ്റവും സുരക്ഷിതമായ രീതിയിലാണു കൈകാര്യം ചെയ്യുന്നത്. മിന മേഖലയിൽ ഏറ്റവും വലിയ സെക്വസ്‌ട്രേഷൻ സൈറ്റുള്ളതു ഖത്തറിലാണ്. നിലവിൽ പ്രതിവർഷം 20 ലക്ഷം ടൺ കാർബൺ ഡയോക്‌സൈഡ് ആണ് സംഭരിക്കുന്നത്. വരും വർഷങ്ങളിൽ 1.1 കോടി ടൺ ആക്കുകയാണു ലക്ഷ്യം.
രാജ്യത്തിന്റെ പുതിയ ചില എൽഎൻജി ഉൽപാദനത്തിനുള്ള വൈദ്യുതിക്കായി സൗരോർജമാണ് ഉപയോഗിക്കുന്നത്. ലോക രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിന്റെ എൽഎൻജി കാർബൺ തീവ്രത വളരെ കുറവാണെന്നും മന്ത്രി വ്യക്തമാക്കി. ഖത്തറിന്റെ എണ്ണപ്പാടവിപുലീകരണ നടപടികൾ പുരോഗതിയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി വിപുലീകരണ പദ്ധതിയാണിത്. നോർത്ത് ഫീൽഡ് ഈസ്റ്റിന്റെയും (എൻഎഫ്ഇ) എൻഎഫ്എസിന്റെയും വിപുലീകരണം പൂർത്തിയാകുമ്പോൾ ഖത്തറിന്റെ ദ്രവീകൃത പ്രകൃതി വാതക ഉൽപാദന ശേഷി 12.6 കോടി ടൺ ആയി ഉയരും. നിലവിൽ പ്രതിവർഷം 7.7 കോടി ടണ്ണാണ് ഉൽപാദിപ്പിക്കുന്നത്.
English Summary: Qatar expects record volume of LNG offtake signings this year.