അബുദാബിയിൽ ഫ്ലാറ്റുകളിലും വില്ലകളിലും പരിധിയിൽ അധികം പേരെ പാർപ്പിച്ചാൽ നടപടി; പിഴ 10 ലക്ഷം ദിർഹം
Mail This Article
അബുദാബി ∙ ഫ്ലാറ്റും വില്ലയും അനധികൃതമായി വിഭജിച്ച് പരിധിയിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി നഗരസഭ.
ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങളെ താമസിപ്പിക്കുക, ശേഷിയെക്കാൾ കൂടുതൽ പേരെ താമസിക്കുക, കുടുംബതാമസ കേന്ദ്രങ്ങളിൽ ബാച്ച്‌ലേഴ്സിനെ താമസിപ്പിക്കുക എന്നിവയ്ക്കും വിലക്കുണ്ട്. ഇതുസംബന്ധിച്ച് ബോധവൽക്കരണ ക്യാംപെയ്നും നടത്തി.
ഓവർ ലോഡ് അപകടം
ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്‌ഷൻ ഒന്നിലേറെ കുടുംബങ്ങളോ പരിധിയിലേറെ ആളുകളോ ഉപയോഗിക്കുന്നത് തീപിടിത്തങ്ങൾക്ക് ഇടയാക്കും. പരസ്പരം ബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നത് സാമൂഹിക, കുടുംബ പ്രശ്നങ്ങൾക്കും ഇടയാക്കും.
നിയമം ലംഘിച്ചുള്ള അതിജീവനം
വർധിച്ചുവരുന്ന വാടകയിൽനിന്നും ജീവിതച്ചെലവിൽനിന്നും രക്ഷ നേടുന്നതിന് ഒരു ഫ്ലാറ്റിൽ രണ്ടോ അതിൽ കൂടുതലോ കുടുംബങ്ങൾ താമസിക്കുന്നത് പതിവാണ്.
സ്വദേശികളുടെ പേരിലുള്ള വില്ലകൾ വിഭജിച്ച് വാടകയ്ക്ക് കൊടുക്കുന്നവരും ഏറെ. ജനസാന്ദ്രത കൂട്ടുന്ന ഇത്തരം പ്രവൃത്തികൾക്ക് അനുവദിക്കില്ലെന്നും പറഞ്ഞു.
പിഴ 10 ലക്ഷം
ജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാകുംവിധം കെട്ടിടത്തിൽ രൂപമാറ്റം വരുത്തി കൂടുതൽ പേരെ താമസിപ്പിക്കുന്നവർക്ക് 10 ലക്ഷം ദിർഹം വരെയാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും.
കുറ്റവും ശിക്ഷയും
പൊതുഭവനങ്ങൾ വാടകയ്ക്കു നൽകുക, പൊളിക്കുന്ന കെട്ടിടത്തിൽ താമസിക്കുക, ഇവ വാടകയ്ക്കോ പാട്ടത്തിനോ നൽകുക, താമസ സ്ഥലം മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കുക, കുടുംബങ്ങൾക്കുള്ള താമസ സ്ഥലം ബാച്ച്‌ലേഴ്സിനു നൽകുക തുടങ്ങിയ കുറ്റങ്ങൾക്ക് 50,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും.
വാടക കരാർ റദ്ദാക്കിയിട്ടും താമസം തുടർന്നാലും കൃഷിസ്ഥലം താമസത്തിന് വിനിയോഗിച്ചാലും 25,000–50,000 ദിർഹം വരെ പിഴ നൽകണം.
English Summary: Abu Dhabi Municipality to take action against those who illegally subdivide flats to accommodate more people than the limit.