ADVERTISEMENT

അബുദാബി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയിൽ ഊഷ്മള സ്വീകരണം. ഫ്രാൻസ് സന്ദർശനത്തിനു ശേഷം ഇന്നലെ രാവിലെ 9.15ന് അബുദാബിയിൽ എത്തിയ പ്രധാനമന്ത്രിയെ കിരീടാവകാശി ഷെയ്ഖ് ഖാലേദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

 

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക വസതിയായ ഖസർ അൽ വതൻ കൊട്ടാരത്തിൽ പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ സ്വീകരണം നൽകി. സേനാവിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി പരിശോധിച്ചു.

ഏകദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശ്ലേഷിക്കുന്നു.
ഏകദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശ്ലേഷിക്കുന്നു.

 

ഇരുരാജ്യങ്ങൾക്കും ഇടയിലെ സഹകരണം കൂട്ടേണ്ട മേഖലകൾ സംബന്ധിച്ചു വിപുലമായ ചർച്ചകൾ നടന്നു. പ്രാദേശിക നാണയത്തിലുള്ള വ്യാപാര വിനിമയം, സെൻട്രൽ ബാങ്കുകൾ തമ്മിലുള്ള സംയോജിത പ്രവർത്തനം, ഡൽഹി ഐഐടി ക്യാംപസ് സ്ഥാപിക്കൽ എന്നിങ്ങനെ 3 സുപ്രധാന കരാറുകൾ സന്ദർശനത്തിന്റെ ഭാഗമായി ഒപ്പുവച്ചു.

 

സാമ്പത്തിക ഇടപാടുകളിൽ പ്രാദേശിക നാണയം ഉപയോഗിക്കാനുള്ള തീരുമാനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക വിനിമയം അനായാസമാകുമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളിലെ ഊർജവും ആദരിക്കപ്പെടേണ്ടതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ – യുഎഇ വ്യാപാരം 8500 കോടി ഡോളർ കടന്നു.

 

ഇത് അതിവേഗം 10000 കോടി ഡോളറിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി അറബിയിലും യുഎഇ പ്രസിഡന്റ് ഹിന്ദിയിലും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിക്കു സ്വാഗതമോതി കഴിഞ്ഞ ദിവസം ബുർജ് ഖലീഫയിൽ പ്രത്യേക പ്രദർശനം നടന്നു. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ അഞ്ചാമത്തെ യുഎഇ സന്ദർശനമായിരുന്നിത്. ഇരു രാജ്യങ്ങൾക്കും ഇടയിൽ പരസ്പര വിശ്വാസം വളർത്തുന്നതിനും സുപ്രധാന വ്യാപാര, സാമ്പത്തിക സഹകരണ കരാറിൽ ഒപ്പിടുന്നതിനും ഈ സന്ദർശനത്തിലൂടെ കഴിഞ്ഞു.

 

ഇരുരാജ്യങ്ങൾക്കും ഇടയിൽ എണ്ണയിതര വ്യാപാരത്തിലും വർധന രേഖപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. അബുദാബിയുടെ എണ്ണവ്യാപാര സ്ഥാപനമായ അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്)  കരുതൽ ശേഖരം സൂക്ഷിക്കുന്നതിന് ഇന്ത്യയെ ആശ്രയിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഇടയിലെ വിശ്വാസത്തിന്റെ തെളിവാണ്. ഇന്ത്യയിൽ നിന്നു യുഎഇയിലേക്കും ഇവിടെ നിന്ന് സൗദിയിലേക്കും നീളുന്ന ഷെഹീൻ കടൽ ഇടനാഴി വ്യാപാര മേഖലയിൽ ഇന്ത്യയ്ക്കു വലിയ നേട്ടങ്ങൾക്കു വഴി തുറക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി എണ്ണയിതര ഇന്ധനങ്ങളെ കൂടുതലായി പ്രോൽസാഹിപ്പിക്കാൻ ഇന്ത്യയ്ക്ക് ഏറ്റവും ഗുണം ചെയ്യുക യുഎഇയുമായുള്ള സൗഹൃദമായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. പുനരുപയോഗ ഊർജത്തിന്റെ ഭാഗമായി ഗുജറാത്തിൽ പ്രവർത്തിക്കുന്ന 300 മെഗാവാട്ട് വൈദ്യുതി പദ്ധതിക്കു പിന്തുണ നൽകുന്നത് യുഎഇയാണ്. ഇരു രാജ്യങ്ങളും പരസ്പരം മികച്ച വിപണികളാണ്.

 

അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യയ്ക്ക് ആവശ്യമായ ധനസഹായം നൽകാൻ യുഎഇക്കു കഴിയുമെന്നതും ഇരുരാജ്യങ്ങൾക്കും ഇടയിലെ സൗഹൃദത്തിന്റെ പ്രധാന്യം കൂട്ടുന്നു. സൈനിക സഹകരണ മേഖലയിലും ഇരു രാജ്യങ്ങളും സഹകരിക്കും. ഇന്ത്യൻ നാവിക സേനയ്ക്ക് യുഎഇ പോർട്ടുകൾ ഉപയോഗപ്രദമാണ്. ഇന്ത്യൻ മിലിറ്ററി ഉൽപന്നങ്ങൾ യുഎഇക്ക് ലഭിക്കാനും സഹകരണം ഉപകരിക്കും.

 

ഭക്ഷണത്തിന് ഗോതമ്പ് ഹരീസ് മുതൽ കാരറ്റ് തന്തൂരി വരെ

 

അബുദാബി ∙ പ്രധാനമന്ത്രിക്കായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഒരുക്കിയത് സസ്യ വിഭവങ്ങൾ മാത്രം ഉൾപ്പെടുത്തിയ ഉച്ച ഭക്ഷണം. പ്രാദേശികമായി വിളവെടുത്ത ജൈവ പച്ചക്കറികളും ഈന്തപ്പഴവും ചേർന്ന സാലഡും ഗോതമ്പിൽ തയാറാക്കിയ ഹരീസുമായിരുന്നു പ്രത്യേക വിഭവങ്ങളിൽ ഒന്ന്. മസാല സോസിൽ തയാറാക്കിയ പച്ചക്കറി ഗ്രിൽ സ്റ്റാർട്ടറായി വിളമ്പി. കറുത്ത പയറിൽ തയാറാക്കിയ വിഭവവും കോളിഫ്ലവറും കാരറ്റ് തന്തൂരിയുമായിരുന്നു പ്രധാന ഭക്ഷണം. മധുരത്തിന് പ്രാദേശിക പഴങ്ങൾ ഒരുക്കിയിരുന്നു.

English Summary: UAE-India to start trade settlement in local currencies: PM Modi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com