ADVERTISEMENT

ദുബായ്∙ പുതിയ ഇൻഡോർ പഴം, പച്ചക്കറി മാർക്കറ്റുമായി ദുബായ് മുനിസിപ്പാലിറ്റി.  66,000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ബ്ലൂം മാർക്കറ്റ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഏറ്റവും വലിയ ഇൻഡോർ മാർക്കറ്റുകളിലൊന്നായ ബ്ലൂം അൽ അവീറിലെ ദുബായ് പഴം–പച്ചക്കറി മാർക്കറ്റിലാണ് സ്ഥിതി ചെയ്യുന്നത്.

Read also: പരിസ്ഥിതി പ്രവർത്തനം ലക്ഷ്യമിട്ട് ഒ!; ഗെയിമിലൂടെ കോടീശ്വരനാകാം...


ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രധാന പദ്ധതികളിലൊന്നാണ്  ബ്ലൂം മാർക്കറ്റ്. കൃഷി സ്ഥലത്ത് നിന്ന് നേരിട്ടാണ് ഇവിടെ ഉത്പന്നങ്ങളെത്തുക. പ്രത്യേകിച്ചും മറ്റ് വിപണികളിൽ കാണാത്ത പഴങ്ങൾ മാത്രം ഇറക്കുമതി ചെയ്യുന്നതിനാൽ വേറിട്ട ഷോപ്പിങ് ഹബ്ബായി ഇതു മാറുമെന്ന് ദുബായ് മുനിസിപ്പാലിറ്റി മാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഫറൈദൂനി പറഞ്ഞു. 

ഇറക്കുമതി ചെയ്യുന്ന ഇനങ്ങൾക്ക് പുറമെ പ്രാദേശിക ഫാമുകളിൽ നിന്നുള്ള പുതിയ ഉൽപ്പന്നങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കും. നിലവിലെ പഴം പച്ചക്കറി വിപണിയെ ഈ മാർക്കറ്റ് വിപുലപ്പെടുത്തും. നിലവിലെ വിപണിയുമായും വ്യാപാരികളുമായും ബ്ലൂം മത്സരിക്കില്ല. ഈ മാർക്കറ്റിന്റെ പ്രത്യേകത ഇത് ഉപഭോക്താക്കൾക്കും ബിസിനസ്സുകാർക്കും ബിസിനസ്സ് സേവനങ്ങൾ നൽകുമെന്നതാണ്. 

ചില്ലറ വിൽപ്പന സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വിപണിയിലെ വിലകൾ വളരെ മത്സരാധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. റീട്ടെയിൽ സൂപ്പർമാർക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നിന്ന് നേരിട്ട് വാങ്ങുന്നതിനാൽ ഉപഭോക്താക്കൾക്ക് മികച്ച നിരക്കിൽ ഉത്പ്പനങ്ങൾ ലഭിക്കും.വില കൂടുതൽ മത്സരാധിഷ്ഠിതമായിരിക്കും. 

ചിത്രം:  ദുബായ് മുനിസിപാലിറ്റി അൽ അവീറിൽ ഇന്ന് ഉദ്ഘാടനം ചെയ്ത ബ്ലൂം പഴം–പച്ചക്കറി മാർക്കറ്റ്. Photo: DUBAI MUNICIPALITY
ചിത്രം: ദുബായ് മുനിസിപാലിറ്റി അൽ അവീറിൽ ഇന്ന് ഉദ്ഘാടനം ചെയ്ത ബ്ലൂം പഴം–പച്ചക്കറി മാർക്കറ്റ്. Photo: DUBAI MUNICIPALITY

ബ്ലൂം മാർക്കറ്റ് വിലകൾ അൽ അവീറിലെ ഔട്ട്ഡോർ മാർക്കറ്റുമായി താരതമ്യപ്പെടുത്താവുന്നതായിരിക്കും. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വ്യാപാരികളോട് വിലകൾ പുറം വിപണിക്ക് സമാനമായി നിലനിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.  ഡെലിവറി സേവനമ‌‌ടക്കമുള്ള മറ്റു ചില പദ്ധതികളും മുനിസിപാലിറ്റി ആവിഷ്കരിച്ചുവരുന്നു. 

ചിത്രം:  ദുബായ് മുനിസിപാലിറ്റി അൽ അവീറിൽ ഇന്ന് ഉദ്ഘാടനം ചെയ്ത ബ്ലൂം പഴം–പച്ചക്കറി മാർക്കറ്റ്. Photo: DUBAI MUNICIPALITY
ചിത്രം: ദുബായ് മുനിസിപാലിറ്റി അൽ അവീറിൽ ഇന്ന് ഉദ്ഘാടനം ചെയ്ത ബ്ലൂം പഴം–പച്ചക്കറി മാർക്കറ്റ്. Photo: DUBAI MUNICIPALITY

 

ഈ മാർക്കറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യുന്നതിനായി ആപ്പ്  വൈകാതെ യാഥാർഥ്യമാകും. പഴം, പച്ചക്കറി വിപണി കൂടുതൽ വികസിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിലെ വിപണിയുടെ വികസനവും വിപുലീകരണവും പഠിക്കുന്ന രാജ്യാന്തര കൺസൾട്ടന്റിനെ നിയോഗിച്ചിട്ടുണ്ട്. ഈന്തപ്പഴം, മുട്ട, കോഴിയിറച്ചി എന്നിവ ഉൾപ്പെടുത്തി വിപുലീകരിക്കാനും ഉദ്ദേശിക്കുന്നു. 2003-ൽ ഉദ്ഘാടനം ചെയ്തതിനുശേഷം ദുബായ് പഴം–പച്ചക്കറി വിപണി നിരവധി വിപുലീകരണങ്ങൾക്ക് വിധേയമായി. 

 

അതേസമയം ബ്ലൂം മാർക്കറ്റിന്‍റെ ഒന്നാം നിലയിലെ പാട്ടത്തിനെടുക്കാവുന്ന സ്ഥലം പൂർണമായും വിറ്റുതീർന്നു. പുറത്ത് കടകളുള്ളവരും മാർക്കറ്റിനുള്ളിൽ ശാഖകൾ തുറക്കുന്നവരുമായ വ്യാപാരികൾ ഇവിടെയെത്തിയിട്ടുണ്ട്. വാടകയ്ക്ക് എടുക്കാവുന്ന ഒന്നാം നിലയിൽ മറ്റ് സൗകര്യങ്ങൾക്കൊപ്പം മൂന്ന് റസ്റ്ററന്റുകളും ഉണ്ടാകും. 

 

കൂടാതെ 470 കാറുകൾക്ക് പാർക് ചെയ്യാവുന്ന ബേസ്‌മെന്റ് പാർക്കിങ് ഏരിയയും ട്രക്കുകൾക്കായി 200ലേറെ പാർക്കിങ് ഏരിയകളും ഉണ്ട്. 760 കിയോസ്‌കുകളും നിലവിലുണ്ട്. രാവിലെ 6 മുതൽ രാത്രി 11 വരെയാണ് ബ്ലൂം മാർക്കറ്റിന്‍റെ പ്രവർത്തനം.

English Summary:  Bloom Market: Dubai's new indoor fruit and vegetable market; Fresh produce at affordable prices

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com