ADVERTISEMENT

റിയാദ്∙ വിവിധ കാരണങ്ങളാൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടേണ്ടി വരുന്ന അൽ ഖസീം പ്രവാസികൾക്കായി വഴിതെളിയുന്നു. തൊഴിലുടമ ഹുറൂബ് ആക്കിയവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റിൽ പോകുന്നതിന് ഇപ്പോൾ കഴിയുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. അൽ ഖസീം പോലയുള്ള വിദൂര പ്രവിശ്യകളിലാണ് ഈ ആനുകൂല്യം നടപ്പിൽ വരുത്തിയിരിക്കുന്നത്.

തൊഴിൽ സ്ഥാപനമോ തൊഴിലുടമയോ നിതാഖത് (സ്വദേശിവൽക്കരണം) മാനദണ്ഡം പാലിക്കാത്തതിനാൽ ഗ്രീൻ കാറ്റഗറിയിലാണെങ്കിലും പുതുനയം ആനുസരിച്ച് എംബസി മുഖാന്തിരം ഇങ്ങനെയുള്ളവർക്ക് നാടുപിടിക്കാനുള്ള മാർഗമാണ് നിലവിൽ വന്നിരിക്കുന്നത്.

സ്ഥാപന ഉടമയോ സ്ഥാപനമോ ചുവപ്പ് കാറ്റഗറിയിൽ ആയതുകൊണ്ടോ, ഹുറൂബിൽ (തൊഴിലാളി ഒളിച്ചോടിപ്പോയതായുള്ള പരാതി) ആവുകയോ ചെയ്തിട്ടുള്ള പ്രവാസികൾക്കു മാത്രമായി നേരത്തെമുതൽലഭിച്ചു വരുന്ന ആനുകൂല്യമാണ് ഇപ്പോൾ ഗ്രീൻ കാറ്റഗറി സ്ഥാപനങ്ങളിലെ പ്രവാസികൾക്കും നൽകുന്നത്. 

പുതിയ നയപ്രകാരം റിയാദിൽ നിന്ന് ഏറെ ദൂരയുള്ളവർ ഇനി മുതൽ റിയാദ് ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിലുള്ള സാമൂഹിക ക്ഷേമ വകുപ്പുമായി ബന്ധപ്പെടുത്തുന്ന ലിങ്കിലെ ഫൈനൽ എക്സിറ്റ്  ഓപ്ഷനിലൂടെ മതിയായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്. എംബസി സാമൂഹിക ക്ഷേമവിഭാഗം ഓൺലൈനിലൂടെ തങ്ങൾക്ക് ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കുന്നതും അൽ ഖസീമിലെ വിവിധ പ്രദേശങ്ങളിലെ ബന്ധപ്പെട്ട തൊഴിൽകാര്യ ഓഫീസുകളുമായി തീർപ്പാക്കുകയും ചെയ്യും.

തുടർന്ന് ജയിൽവാസമൊന്നുമില്ലാതെ  ആഴ്ചകകൾക്കുള്ളിൽ തന്നെ അപേക്ഷകന്റെ അതാതു പ്രദേശത്തുള്ള  തൊഴിൽകാര്യ  വകുപ്പ് ഓഫീസ്(മക്തബ് അൽ അമൽ), പാസ്പോർട്ട്(ജവാസത്ത്),തർഹിൽ എന്നിവിടങ്ങളിലൂടെ നാട്ടിലേക്ക് മടങ്ങാനാവും.

∙ ഫൈനൽ എക്സിറ്റ് അപേക്ഷയുടെ തൽസ്ഥിതി അറിയുവാൻ വാട്സാപ്പ്

ഓൺലൈൻ ലിങ്കിലൂടെ നൽകുന്ന പരാതിക്ക് ലഭിക്കുന്ന റജിസ്ട്രഷൻ നമ്പറും ബുറൈദ, ഉനൈസ, അൽറസ്സ് എന്നീ പ്രദേശങ്ങളിൽ എതാണോ സ്പോൺസറുടെ നാട് അതും വ്യക്തമാക്കി 0542126704 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ അപേക്ഷയുടെ പുരോഗതി അറിയാനാവും. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ലേബർ ഓഫീസിൽ നിന്നും ലഭിക്കുന്ന റഫറൻസ്  സ്ലിപ് സമർപ്പിച്ച് എക്സിറ്റ് അപേക്ഷകന് തങ്ങളുടെ പ്രദേശത്തുള്ള ജവാസത്തിൽ നിന്നോ, തർഹീലിൽ നിന്നോ  ഫൈനൽ എക്സിറ്റ് കരസ്ഥമാക്കാം.

ദമാം, ജുബൈൽ അടക്കമുള്ള പ്രദേശങ്ങളിൽ 15 ദിവസങ്ങളിലൊരിക്കൽ എംബസി സംഘത്തിന്റെ പതിവ് സേവന സന്ദർശനം നടത്തുന്നുണ്ട്.കിഴക്കൻ പ്രവിശ്യയിലെ അൽഹസ, മധ്യ പ്രവിശ്യയിലെ അൽ ഖസീം എന്നിവിടങ്ങളിൽ മാസത്തിൽ ഒരിക്കലാണ് സന്ദർശനം നടത്തുന്നത്. ഈ സന്ദർശനത്തിലാണ് അതാത് പ്രദേശങ്ങളിലെ തൊഴിൽകാര്യ ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷകൾ തീർപ്പാക്കുന്നത്.

∙ ഫൈനൽ എക്സിറ്റ് ഓൺലൈനിൽ ബന്ധപ്പെടേണ്ട ലിങ്ക്

റിയാദ് ഇന്ത്യൻ എംബസി പരിധിയിലുള്ളവർ https://cgijeddah.org/consulate/exitVisa/embreg.aspx എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്.

ജിദ്ദ കോൺസുലേറ്റ് പരിധിയിലുള്ളവർ https://cgijeddah.org/consulate/exitVisa/reg.aspx എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പുതിയ തിരുമാനം സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്ക് പ്രയോജനപ്പെടുമെന്ന് എംബസി ജീവകാരുണ്യ പ്രവർത്തകരും, വളന്റിയർമാരും അഭിപ്രായപ്പെട്ടു. റിയാദിനു ഏറെ ദൂരെയുള്ള പ്രവിശ്യകളിലെ ദുരിതമനുഭവിക്കുന്ന  പ്രവാസികൾക്ക് അപേക്ഷ സമർപ്പിക്കാനായി  ദിവസങ്ങളും സമയവും പണവും  ചെലവഴിച്ച് എംബസിയിലേക്കുള്ള യാത്ര ഒഴിവാക്കാനും സാധിക്കുമെന്നും അവർ പറഞ്ഞു.

Content Summary: Saudi Final Exit Visa Updates: Embassy Reduce Rules and Regulations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com