ഇന്ത്യൻ അരിയുടെ പുനർകയറ്റുമതി വിലക്കി യുഎഇ; തൽകാലം ചോറുണ്ണാം
Mail This Article
ദുബായ്∙ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ പുനർ കയറ്റുമതി 4 മാസത്തേക്കു നിരോധിച്ചതായി വാണിജ്യ മന്ത്രാലയം. പ്രാദേശിക വിപണിയിൽ അരി ലഭ്യത ഉറപ്പാക്കാനാണ് നടപടി. ഈ മാസം 20നു ശേഷം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ പുനർ കയറ്റുമതിയാണ് നിരോധിച്ചത്. കുത്തരി അടക്കം എല്ലാ അരികളും നിരോധനത്തിൽ ഉൾപ്പെടും.
അരി കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ ഇനി വാണിജ്യ മന്ത്രാലയത്തിൽ നിന്നു പ്രത്യേക അനുമതി വാങ്ങണം. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാത്ത അരിയാണ് കയറ്റുമതി ചെയ്യുന്നതെന്നു സാക്ഷ്യപ്പെടുത്തി പ്രത്യേക പെർമിറ്റ് വാങ്ങണമെന്ന് കമ്പനികളോടു നിർദേശിച്ചു. മന്ത്രാലയത്തിന്റെ പെർമിറ്റിനു 30 ദിവസത്തെ കാലാവധിയുണ്ടാകും. അരി കയറ്റുമതി ചെയ്യുമ്പോൾ ഈ പെർമിറ്റ് കസ്റ്റംസിനു നൽകണം.
രാജ്യാന്തര വിപണിയിലെ ക്ഷാമം കണക്കിലെടുത്ത് അരി കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യയിൽ അരി ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം ഇല്ലാതാക്കാനും ലക്ഷ്യമിട്ട് വെള്ളയരിയുടെ കയറ്റുമതി രാജ്യം പൂർണമായും നിരോധിച്ചു. പിന്നാലെ, കുത്തരി അടക്കം മറ്റ് അരികളിലും നിരോധനം ഉണ്ടാകുമെന്നാണ് സൂചന. യുഎഇയിലേക്ക് ഏറ്റവും കൂടുതൽ അരി എത്തുന്നത് ഇന്ത്യയിൽ നിന്നാണ്.
പ്രത്യേക സാഹചര്യം മുന്നിൽ കണ്ടാണ് ഇവിടെ നിന്നുള്ള പുനർ കയറ്റുമതി രാജ്യം നിരോധിച്ചത്. ഇന്ത്യയിൽ നിന്ന് അരി എത്തിച്ച് പായ്ക്ക് ചെയ്തു വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവരും യുഎഇ തുറമുഖങ്ങളിൽ അരി എത്തിച്ച് ഇറക്കാതെ, പുനർ കയറ്റുമതി ചെയ്യുന്ന കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. ദുബായ് പോർട്ടിൽ നിന്നു വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ സൗകര്യം പരിഗണിച്ചാണ് ഇവിടെ എത്തിച്ച ശേഷം പുനർ കയറ്റുമതി ചെയ്യുന്നത്.
പകരക്കാരുണ്ട്, ക്ഷാമം രൂക്ഷമാകില്ല
ഇന്ത്യയിൽ കയറ്റുമതി നിരോധനം വന്നതോടെ പ്രവാസികൾ കൂടുതലായി അരി സ്റ്റോക്ക് ചെയ്യാൻ തുടങ്ങി. ഈ പ്രവണത തുടർന്നാൽ വൈകാതെ ഇന്ത്യൻ അരിക്ക് ക്ഷാമം നേരിടുമെന്നാണ് സൂചന. അരിക്ക് ആവശ്യക്കാർ വർധിച്ചതോടെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന അരിച്ചാക്കുകൾ മൊത്ത വിതരണക്കാർ കടകളിലേക്ക് എത്തിച്ചു തുടങ്ങി. പാക്കിസ്ഥാൻ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് അരി ഇറക്കുമതി ഉള്ളതിനാൽ ക്ഷാമം രൂക്ഷമാകില്ലെന്നാണ് പ്രതീക്ഷ.
എന്നാൽ, പ്രവാസികളെ സംബന്ധിച്ച് ഇന്ത്യൻ അരി ലഭിക്കാത്തത് ബുദ്ധിമുട്ടാകും. മോശം കാലാവസ്ഥ, യൂറോപ്പിലെ ചൂട്, റഷ്യ – യുക്രെയ്ൻ യുദ്ധ, ചൈനയിലെ പ്രളയം തുടങ്ങിയ കാരണങ്ങളാൽ രാജ്യാന്തര തലത്തിൽ അരി ലഭ്യതയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് ഇന്ത്യ കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവന്നത്. ലോകത്ത് കയറ്റുമതി ചെയ്യുന്ന അരിയിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്.
ഇളവ് പ്രതീക്ഷിച്ച് യുഎഇ
ഇന്ത്യൻ പ്രവാസികളുടെ അരി പ്രശ്നം യുഎഇക്ക് പ്രധാനമാണ്. കടകളിൽ അരി ലഭ്യത ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടുള്ള കടുത്ത നടപടിയിലേക്കു രാജ്യം കടന്നത് ഇതിന്റെ ഭാഗമായാണ്. സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ ഭാഗമായി അരി കയറ്റുമതിയിൽ യുഎഇക്ക് ഇളവ് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത്തരം പ്രഖ്യാപനങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നാൽ, നേരത്തെ ഗോതമ്പ് കയറ്റുമതി നിരോധന സമയത്ത് യുഎഇക്ക് ഇന്ത്യ ഇളവ് നൽകിയിരുന്നു.
English Summary: UAE bans rice exports and re-exports for four months.