കയറ്റുമതിയിൽ വളർച്ച; ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ വിപണിയിൽ യുഎഇ നാലാമത്
Mail This Article
ദുബായ്∙ ഇന്ത്യൻ സുഗന്ധ വ്യഞ്ജനങ്ങളുടെ രാജ്യാന്തര വിപണിയിൽ യുഎഇക്ക് നാലാം സ്ഥാനം. സ്പൈസസ് ബോർഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയിൽ ഇന്ത്യൻ സ്പൈസസ് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ആദ്യ 12 രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ നാലാം സ്ഥാനത്തെത്തിയത്.
സെപ്റ്റംബർ 15 മുതൽ 17 വരെ മുംബൈയിൽ നടക്കുന്ന സ്പൈസസ് കോൺഗ്രസിലേക്ക് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ കച്ചവടക്കാരെയും ഇറക്കുമതി കമ്പനികളെയും വ്യാപാര രംഗത്തെ ഉദ്യോഗസ്ഥരെയും ക്ഷണിക്കുമെന്നു സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ പറഞ്ഞു. ആദ്യ 12 രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ നിന്നു സൗദിയും ഇടംപിടിച്ചു.
ജി20 സമ്മേളനത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ സ്പൈസസ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. സുഗന്ധവ്യഞ്ജന വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർ ഒരുമിച്ചുകൂടാനും സ്പൈസസ് കച്ചവടത്തിൽ വന്ന മാറ്റങ്ങളും മുന്നോട്ടുള്ള വഴികളും സമ്മേളനം ചർച്ച ചെയ്യും.
ഇന്റർനാഷനൽ ഓർഗനൈസേഷൻ ഓഫ് സ്റ്റാൻഡേഡൈസേഷൻ അംഗീകരിച്ച 109 സുഗന്ധ വ്യഞ്ജനങ്ങളിൽ 75 ഇനവും ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സ്പൈസസിന്റെ കയറ്റുമതിയിൽ 40 ശതമാനം വളർച്ചയുണ്ടായതായും സ്പൈസസ് ബോർഡ് അറിയിച്ചു.
അറബ് പാചകത്തിൽ ഇന്ത്യൻ സുഗന്ധ വ്യഞ്ജനങ്ങൾ ഒഴിവാക്കാനാവില്ല. ചായയിലും കാപ്പിയിലും വരെ ഇന്ത്യൻ സ്പൈസസ് ഉപയോഗിക്കുന്നുണ്ട്.
English Summary: UAE ranks fourth biggest market for Indian spices.