കാൽനടക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ എഐ സീബ്ര ക്രോസ്
Mail This Article
ദുബായ്∙ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ നിർമിത ബുദ്ധിയിൽ (എഐ )പ്രവർത്തിക്കുന്ന സീബ്രാ ലൈനുകൾ തയാർ. ശരീരത്തിന്റെ സൂക്ഷ്മ ചലനങ്ങൾ പോലും കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് സീബ്രാ ക്രോസുകൾ.
മുന്നറിയിപ്പില്ലാതെ ആരെങ്കിലും മുന്നോട്ടു നീങ്ങിയാൽ ഡ്രൈവർമാർക്ക് ജാഗ്രത സന്ദേശം ലഭിക്കും. രണ്ടു വർഷത്തെ പരീക്ഷണങ്ങൾക്ക് ഒടുവിൽ സിലിക്കൺ ഒയാസിസിൽ 14 ഇടത്ത് നിർമിത ബുദ്ധി സീബ്രാ ക്രോസുകൾ സ്ഥാപിച്ചു. നിർമിത ബുദ്ധി സാങ്കേതിക സ്ഥാപനമായ ഡെർക്ക് ആണ് പുതിയ ക്രോസിങ് സംവിധാനം വികസിപ്പിച്ചെടുത്തത്.
കാൽനട യാത്രക്കാർ, സൈക്കിൾ സവാരിക്കാർ, ചക്ര കസേര, സ്റ്റാൻഡിങ് സ്കൂട്ടർ ഉൾപ്പെടെ സീബ്രാ ക്രോസിനു സമീപം എത്തുന്ന ഏതു വസ്തുവിന്റെയും ചലനങ്ങൾ നിരീക്ഷിച്ച് അടുത്ത നീക്കം പ്രവചിക്കാൻ കഴിയുന്നതാണ് സാങ്കേതിക വിദ്യ. ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് പുറമേ സീബ്രാ ക്രോസിനോടു ചേർന്നു റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലാഷ് ലൈറ്റുകൾ മിന്നും. മുന്നിൽ കാൽനട യാത്രികരുടെ സാന്നിധ്യം ഡ്രൈവർമാർക്കു വ്യക്തമായി മനസ്സിലാകുന്ന നിലയിലായിരിക്കും അലർട്ട് ലൈറ്റുകൾ പ്രവർത്തിക്കുക.
റോഡ് ഉപയോഗിക്കുന്നവർ റോഡ് നിയമങ്ങളെക്കുറിച്ച് എന്തുമാത്രം മനസ്സിലാക്കിയിട്ടുണ്ടെന്നതു സംബന്ധിച്ചു റിപ്പോർട്ടും ഈ സീബ്രാ ക്രോസുകളിൽ നിന്ന് ഗതാഗത വകുപ്പിനു ലഭിക്കും.
കാൽനട യാത്രക്കാരുടെയും ഡ്രൈവർമാരുടെയും പെരുമാറ്റങ്ങൾ വിലയിരുത്തിയാകും റിപ്പോർട്ടുകൾ കൈമാറുക. സീബ്ര ക്രോസുകളിൽ 5ജി വേഗതയുള്ള ഇന്റർനെറ്റ് സംവിധാനമുണ്ട്. വിവര ശേഖരണത്തിനും മുന്നറിയിപ്പ് നൽകുന്നതിനും ഈ സംവിധാനമാണ് ഉപയോഗിക്കുന്നത്. ദുബായ് മാസ്റ്റർ പ്ലാൻ 2040ന്റെ ഭാഗമാണ് ആധുനിക ക്രോസിങ് സംവിധാനം.
English Summary: Dubai Silicon Oasis (DSO) in partnership with Derq has implemented 14 AI smart pedestrian crossing systems.