ADVERTISEMENT

അബുദാബി∙ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ മതങ്ങളെ മുന്നണിയിലേക്കു കൊണ്ടു വരാൻ യുഎൻ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന മത സമ്മേളനത്തിനു സാധിക്കുമെന്നു സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ. 

മത നേതാക്കൾക്ക് അവരുടെ ആശയങ്ങൾ പങ്കുവയ്ക്കാനും പുതിയ കർമ പദ്ധതികൾ പ്രഖ്യാപിക്കാനും മത സമ്മേളനം വേദിയൊരുക്കും. മത നേതാക്കളുടെ ആത്മാർഥമായ സഹകരണം കാലാവസ്ഥ വ്യതിയാനങ്ങൾ ചെറുത്തു തോൽപിക്കാൻ രാഷ്ട്രങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സമ്മേളനത്തിൽ എല്ലാ മതവിഭാഗങ്ങളെയും ഉൾപ്പെടുത്തണം. 

അവരുടെ ആശയങ്ങൾ പുതിയ ദിശാബോധം നൽകാൻ സഹായിക്കുമെന്നും ഷെയ്ഖ് നഹ്യാൻ പറഞ്ഞു. 

 ഈ ഭൂമിയെ നിലനിർത്താൻ യോജിച്ചു പ്രവർത്തനങ്ങൾക്ക് കാലാവസ്ഥ ഉച്ചകോടിയിൽ തുടക്കമാകും. പ്രകൃതി സംരക്ഷണത്തിൽ എല്ലാ വിഭഗങ്ങളുടെയും നിർലോഭമായ സഹകരണമാണ് യുഎഇ ആഗ്രഹിക്കുന്നത്. മതനേതാക്കൾക്ക് വിശ്വാസികളിലുള്ള സ്വാധീനം കാലാവസ്ഥ സംരക്ഷണ കാര്യങ്ങളിൽ മുതൽക്കൂട്ടാകും. മത സമ്മേളനത്തിനു നേതൃത്വം നൽകുന്ന മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സുമായി സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രാലയം കൈകോർക്കും. മതങ്ങൾക്കിടയിലെ ചർച്ചയും പരസ്പര ആശയ വിനിമയവും മന്ത്രാലയത്തിന്റെ മുൻഗണനാ വിഷയമാണെന്നും ഷെയ്ഖ് നഹ്യാൻ പറഞ്ഞു. 

 കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായ മത സമ്മേളനത്തിനുള്ള ധാരണാ പത്രം ഉച്ചകോടിയുടെ ഡയറക്ടർ ജനറൽ മാജിത് അൽ സുവൈദിയും മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദേൽ സലാമും തമ്മിൽ ഒപ്പുവച്ചു. കാലാവസ്ഥ സുസ്ഥിരതാ പദ്ധതിയിൽ മതവിശ്വാസം നിർണായക ഘടകമാണെന്ന് ധാരണാപത്രം ഒപ്പിടുന്ന വേളയിൽ ഇരുവരും പറഞ്ഞു.

English Summary: Faith Pavilion at COP28 will unite everyone to tackle climate change: UAE Tolerance minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com