ADVERTISEMENT

ദോഹ∙ ദോഹ തുറമുഖത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പുതിയ ബീച്ച് തുറക്കാൻ പദ്ധതി. രാജ്യത്തിന്റെ പുതിയ ടൂറിസ്റ്റ് ഇടമായി ബീച്ചിനെ മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 

 

കഫേകൾ, റസ്റ്ററന്റുകൾ, ഹോട്ടൽ അപാർട്‌മെന്റുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. 8 കിലോമീറ്റർ നീളുന്ന സൈക്കിൾ പാത, പൂന്തോട്ടം, ഫിഷ് മാർക്കറ്റ് എന്നിവയുമുണ്ടാകും. നീന്തൽ പ്രേമികൾക്കും പുതിയ ബീച്ചിൽ നീന്താനും അനുമതിയുണ്ടാകും. പുതിയ ബീച്ച് തുറക്കുന്നതോടെ ഇങ്ങോട്ടേക്കുള്ള സന്ദർശകരുടെ എണ്ണം ഇനിയും കൂടും. 

 

പ്രത്യേകതകൾ ഏറെയുള്ളതിനാൽ നിലവിൽ ദോഹ തുറമുഖം രാജ്യത്തെ താമസക്കാരുടെയും സന്ദർശകരുടെയും ആകർഷകമായ ടൂറിസം കേന്ദ്രമാണ്. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്, സൂഖ് വാഖിഫ്, ദേശീയ മ്യൂസിയം, ദോഹ കോർണിഷ് തുടങ്ങിയ ആകർഷണങ്ങളാണ് ദോഹ തുറമുഖത്തിന്റെ പരിസരപ്രദേശങ്ങളിലുള്ളത്.

 

വാരാന്ത്യങ്ങളിൽ, പ്രത്യേകിച്ചും കുടുംബങ്ങളുടെ ഇഷ്ട ഇടമാണ് ദോഹ തുറമുഖം. റമസാനിലുൾപ്പെടെ നിരവധി പൈതൃക, സാംസ്‌കാരിക, വിനോദ പരിപാടികളും ഇവിടെ നടക്കാറുണ്ട്.

 30 മീറ്റർ വരെ വലുപ്പമുള്ള ചെറു സ്വകാര്യ യാട്ടുകൾക്കായുള്ള മറീന, യാട്ടുകൾക്കും ബോട്ടുകൾക്കുമായി 300 ബെർത്തുകൾ, 50 മുതൽ 160 മീറ്റർ വരെ വലുപ്പമുള്ള ഭീമൻ കപ്പലുകൾക്കുള്ള 50 ബെർത്തുകൾ എന്നിങ്ങനെ 3 ഇടങ്ങളാണ് ദോഹ തുറമുഖത്തുള്ളത്. വലിയ ഗ്രാൻഡ് ടെർമിനലിലാണ് കപ്പൽ സഞ്ചാരികളെ വരവേൽക്കുന്നത്.

 പരമ്പരാഗത ശൈലിയിലുള്ള കെട്ടിടങ്ങളും പുരാതന ഖത്തരി വാസ്തുശൈലിയുമാണ് ദോഹ തുറമുഖത്തെ മറ്റൊരു ആകർഷണം. പിങ്ക്, ഗ്രീൻ, വൈറ്റ്, യെല്ലോ, ബ്രൗൺ, ബ്ലൂ എന്നിങ്ങനെ പ്രകാശിതമായ നിറങ്ങളാണ് കെട്ടിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. ജല കായിക ഇനങ്ങൾക്കും സൗകര്യങ്ങളുണ്ട്. ഇവിടുത്തെ മിന ഡിസ്ട്രിക്ടിൽ വൻകിട ബ്രാൻഡുകളുടെ വിൽപനശാലകളും റസ്റ്ററന്റുകളും സജീവമാണ്.

English Summary: New beach set to open in Old Doha Port.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com