ലെറ്റൂസ് ഉൽപാദനം കൂട്ടാൻ മികച്ച സാങ്കേതിക വിദ്യ നിർദേശിക്കാം
Mail This Article
ദോഹ∙ ഇൻഡോർ ഫാമിങ് കൃഷി രീതി ഉപയോഗിച്ച് ലെറ്റൂസ് ഉൽപാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ നിർദേശിക്കാൻ അവസരം.
ഇലക്കറികളിൽ പ്രധാനപ്പെട്ട ലെറ്റൂസിന്റെ ഉൽപാദനം കൂടുതൽ സജീവമാക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഖത്തർ റിസർച് ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ (ക്യുആർഡിഐ) കൗൺസിലിന്റെ ഖത്തർ ഓപ്പൺ ഇന്നവേഷനും പ്രാദേശിക ഭക്ഷ്യ കമ്പനിയായ ഹസാദ് ഫുഡ് കമ്പനിയും ചേർന്നാണ് മികച്ച ഉൽപാദനത്തിനുള്ള സാങ്കേതിക വിദ്യ നിർദേശിക്കാനുള്ള അവസരം പ്രഖ്യാപിച്ചത്.
പുത്തൻ സാങ്കേതിക വിദ്യകളിലൂടെ ആധുനിക കൃഷി രീതികൾ അവലംബിച്ച് സുസ്ഥിര കൃഷിയിലേക്കുള്ള ചുവടുവയ്പ്പാണ് ലക്ഷ്യമിടുന്നത്. ഇൻഡോർ ഫാമിങിലൂടെ ലെറ്റൂസ് ഉൽപാദനം ലാഭകരമാക്കാൻ കഴിയും.
ഐസ്ബർഗ് , റൊമൈൻ തുടങ്ങിയ ചീര വർഗങ്ങളുടെ ഉൽപാദനം വർധിപ്പിക്കാൻ പുത്തൻ ഇൻഡോർ ഫാമിങ് കമ്പനികളുമായും സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള നടപടികളിലാണ് ഹസാദ് ഫുഡ് കമ്പനി. നൂതന കൃഷി രീതികളിലൂടെ ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്താനും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും ശക്തിപ്പെടുത്താനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്.