ADVERTISEMENT

ജിദ്ദ∙ തനിക്ക് ആദ്യമായി സൗദിയിലേയ്ക്ക് വീസ ശരിയായപ്പോൾ 2000 രൂപ നൽകി സഹായിച്ച സംവിധായകൻ സിദ്ദീഖിനെ ഓർത്ത് വിതുമ്പി പ്രവാസി മലയാളി. സൗദിയിലെ വാദി ദവാസിറിൽ പ്രവാസിയായ മലപ്പുറം കുന്നുമ്മൽ സ്വദേശി കൂട്ടീരി അബ്ദുൽ കബീറിന് മുപ്പത് വർഷം മുമ്പ് സൗദിയിലേയ്ക്ക് വീസ ശരിയായപ്പോഴാണ് സിദ്ദീഖ് രണ്ടായിരം രൂപ നൽകി സഹായിച്ചത്.

 

കോഴിക്കോട്  'ഗോഡ്ഫാദർ' എന്ന ഹിറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് സംവിധായകരായ സിദ്ദീഖിനെയും ലാലിനെയും അബ്ദുൽ കബീർ പരിചയപ്പെടുന്നത്. മലപ്പുറം എംഎസ്പി ഹൈസ്കൂളിലെ പഠനശേഷം കുന്നുമ്മൽ ജംഗ്ഷനിൽ ഉന്ത് വണ്ടിയിൽ കടലക്കച്ചവടം നടത്തിയിരുന്ന അബ്ദുൽ കബീർ പ്രൊഡക്‌ഷൻ ബോയിയുടെ ജോലിക്കായാണ് സിദ്ദീഖ്– ലാലിനെ സമീപിച്ചത്. സിനിമാ പിന്നണിയിൽ ജോലി ചെയ്യാൻ കടമ്പകളേറെയുണ്ടെന്ന് അവർ വിശദീകരിച്ചപ്പോൾ തന്റെ മോഹം കബീർ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, അവിടുന്നങ്ങോട്ട് സിദ്ദീഖ്–ലാലുമായി കബീർ സൗഹൃദത്തിലായി. 

അതിനിടയിലാണ് സൗദിയിലെ വാദി ദവാസറിലെ മുനിസിപ്പാലിറ്റിയിൽ ജോലിക്ക് കബീറിന് വീസ ശരിയായത്. വീസയ്ക്കുള്ള പൈസ ഒപ്പിച്ചെടുക്കാനുള്ള പാച്ചിലിനിടയിലാണ് കബീർ യാത്ര പറയുക എന്ന ഉദ്ദേശ്യത്തോടെ സിദ്ദീഖ്–ലാലിനെ സമീപിക്കുന്നത്. വീസയ്ക്ക് എത്ര പൈസയായി, പണമെല്ലാം ശരിയായോ എന്നു ചോദിച്ചു കൊണ്ട് രണ്ടായിരം രൂപ സിദ്ദീഖും ലാലും കൂടി നൽകുകയായിരുന്നു.

Read  also: പുതിയ സിദ്ദീഖ് ചിത്രം മമ്മൂട്ടി നായകനായ 'ഡോക്ടർ മാഡ് ' ; ദുഃഖമടക്കാനാകാതെ തിരക്കഥയിൽ സഹകരിച്ച പ്രവാസി എഴുത്തുകാരൻ

സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോകുമ്പോഴെല്ലാം കൊച്ചിയിലെ സിദ്ദീഖിന്റെയും ലാലിന്റെയും വീടുകളിൽ കബീർ സന്ദർശനം നടത്തിയിരുന്നു. സിദ്ദീഖ് –ലാൽ സിനിമകളുടെ ചിത്രീകരണ സമയത്താണ് നാട്ടിലെത്തിയതെങ്കിൽ ഷൂട്ടിങ്‌ പരിസരത്തേക്ക് കബീറിന് പ്രവേശനം നൽകുകയും സിനിമാ നടൻമാരൊത്ത് ഫോട്ടോയെടുക്കാൻ അനുവാദം നൽകുകയും ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന, ഇപ്പോൾ ഷാർജയിൽ ജോലി ചെയ്യുന്ന സഹോദരൻ കൂട്ടീരി മുജീബ് റഹ്മാനും സിദ്ദീഖ് ലാലുമായി അടുത്ത ബന്ധമായിരുന്നു.

English Summary: Expatriate Malayali pays tribute to Siddique for helping him get a visa to Saudi Arabia 30 years ago.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com