അദാനി ഗ്രീൻ എനർജിയിൽ നിക്ഷേപവുമായി ഖത്തർ
Mail This Article
ദോഹ∙ ഇന്ത്യയുടെ അദാനി ഗ്രീൻ എനർജി ലിമിറ്റഡിൽ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) 2.7 ശതമാനം ഓഹരി സ്വന്തമാക്കിയതായി റിപ്പോർട്ട്.
47.4 കോടി ഡോളർ നിക്ഷേപിച്ചാണ് അദാനി ഗ്രൂപ്പിന്റെ കീഴിലെ പുനരുപയോഗ ഊർജ കമ്പനിയായ ഗ്രീൻ എനർജി ലിമിറ്റഡിൽ 2.7 ശതമാനം ഓഹരി സ്വന്തമാക്കിയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നിക്ഷേപം സംബന്ധിച്ച് ക്യുഐഎ അധികൃതർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അടുത്തയിടെ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയ്ൽ സംരംഭത്തിൽ ഖത്തർ നിക്ഷേപിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
100 കോടി ഡോളർ നിക്ഷേപം നടത്തി ഒരു ശതമാനം ഓഹരി സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് ക്യുഐഎ നടത്തുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലുള്ള നിക്ഷേപം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഖത്തർ.
കഴിഞ്ഞ വർഷമാണ് ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ ഇന്ത്യയുടെ സ്റ്റാർട്ട് അപ് കമ്പനികളായ റെബൽ ഫുഡ്സ്, സ്വിഗി, എജ്യുടെക് കമ്പനിയായ ബൈജൂസ് എന്നിവിടങ്ങളിൽ വൻ നിക്ഷേപം നടത്തിയത്.
English Summary: QIA likely picks up shares worth $500 mln in Adani Green Energy