ADVERTISEMENT

മനാമ ∙ ഇന്ത്യയുടെ 77–ാത് സ്വാതന്ത്ര്യദിനം ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു. രാവിലെ 6.45 ന് സ്ഥാനപതി വിനോദ് ജേക്കബ് പതാക ഉയർത്തി. സീഫിലെ ഇന്ത്യൻ എംബസിയിലേക്ക് അതിരാവിലെ മുതൽ തന്നെ ഇന്ത്യൻ പ്രവാസികൾ എത്തിയിരുന്നു. ബാൻഡ് വാദ്യങ്ങളുടെയും ദേശഭക്തിഗാനങ്ങളുടെയും അകമ്പടിയോടെ ഇന്ത്യയുടെ മൂവർണക്കൊടി ഉയർന്നപ്പോൾ  ഭാരത് മാതാ കീ ജയ് വിളിച്ച് പ്രവാസികൾ  ദേശീയ പതാകയോട് ആദരവ് പ്രകടമാക്കി.  തുടർന്ന് എംബസി ഹാളിൽ സ്ഥാനപതി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.

 

സ്ഥാനപതിയായി മലയാളി; ആദ്യ പരിപാടി ദേശീയപതാക ഉയർത്തൽ 

vinod-jacob
ചിതം: നന്ദകുമാർ

 

ബഹ്റൈനിലെ പുതിയ സ്ഥാനപതിയായി മലയാളിയായ വിനോദ് കെ. ജേക്കബ് നിയമിതനായി. സ്‌ഥാനമേറ്റ ഉടൻ ആദ്യപരിപാടി സ്വാതന്ത്ര്യദിന ചടങ്ങിൽ  എംബസിയിൽ പതാക ഉയർത്തലായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം തന്റെ ഔദ്യോഗിക രേഖകൾ  വിദേശകാര്യ മന്ത്രി  അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിക്ക് കൈമാറിയത്. തുടർന്ന് അദ്ദേഹം മന്ത്രിയുമായി ആശയവിനിമയം നടത്തി. ബഹ്‌റൈനിലെ സ്ഥാനപതിയായിരുന്ന പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് വിനോദ് ജേക്കബിന്  നിയമനം ലഭിച്ചത്. ഇന്ത്യൻ വിദേശകാര്യ സർവീസിലെ 2000 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം  കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷനിൽ ഡപ്യൂട്ടി ഹൈകമീഷണറുടെ ചുമതല വഹിക്കുകയായിരുന്നു.

 

ശ്രീലങ്കയ്ക്ക് പുറമെ ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവർത്തിച്ചു. നേരത്തെ വിദേശകാര്യമന്ത്രാലയത്തിൽ സാമ്പത്തികനയ വിഭാഗത്തിൽ ജോയന്റ് സെക്രട്ടറിയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ പെന്റ് മിഷനിൽ ഫസ്റ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

വിനോദ് കെ. ജേക്കബ് ചെന്നൈ പദ്മ ശേഷാദ്രി ബാലഭവൻ സീനിയർ സെക്കൻ‍ഡറി സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം ചെന്നൈ ഡോ. അംബേദ്കർ ലോ കോളജിൽനിന്ന് നിയമപഠനവും പൂർത്തിയാക്കി. കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായ നംഗ്യ സി ഖാംപയാണ് ഭാര്യ.

 

English Summary: Independence Day celebration at Bahrain Indian Embassy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com