തൊഴിലാളികൾക്കിടയിൽ കാൻസർ ബോധവൽക്കരണം
Mail This Article
ദോഹ∙ഖത്തർ കാൻസർ സൊസൈറ്റിയുടെ ബോധവൽക്കരണ ക്യാംപെയ്‌നിൽ പങ്കെടുത്തത് 1,800 തൊഴിലാളികൾ. ഹെൽത്ത് സെന്ററുകൾ, സ്വകാര്യ കമ്പനികൾ, ആരോഗ്യ കേന്ദങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിലാണ് അർബുദ ബോധവൽക്കരണ ക്യാംപെയ്ൻ നടത്തിയത്. ഇക്കഴിഞ്ഞ ജൂണിൽ ചർമ, കരൾ അർബുദത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഓഗസ്റ്റിൽ രക്താർബുദത്തെക്കുറിച്ചുമാണ് ബോധവൽക്കരണം നൽകിയത്. അറബിക്, ഇംഗ്ലിഷ്, ഉറുദു, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിലായാണ് ബോധവൽക്കരണം നടത്തിയത്.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ബോധവൽക്കരണം നടത്തുന്നത്. ഏതാണ്ട് 40 ശതമാനം അർബുദങ്ങളും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ പ്രതിരോധിക്കാൻ കഴിയുന്നവയും 40 ശതമാനം അർബുദം നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയാൽ പൂർണമായും രോഗമുക്തി നേടാൻ കഴിയുന്നതുമാണെന്ന് കാൻസർ സൊസൈറ്റി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
English Summary: Qatar Cancer Society Organized Awareness Campaign for Workers.